കോട്ട മുറിച്ചു: ഗോപിയെ സി.പി.എം. പുറത്താക്കി

 


കോട്ട മുറിച്ചു: ഗോപിയെ സി.പി.എം. പുറത്താക്കി
തിരുവനന്തപുരം: സി.പി.എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സി.പി.എം. സംസ്ഥാന കമ്മിറ്റി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. തന്റെ അറുപത്തിനാലാം ജന്മദിനത്തിലാണ് എറണാകുളം മേഖലയിലെ സി.പി.എമ്മിന്റെ കരുത്തനായ നേതാവായിരുന്ന ഗോപിയുടെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയായ നടപടി ഞായറാഴ്ച പ്രഖ്യാപിച്ചത്.


എറണാകുളത്തെ പാര്‍ട്ടീ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് തെളിഞ്ഞതിന്റെ ശിക്ഷയാണ് ഞായറാഴ്ച എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സമിതി വിധിച്ചത്. പാര്‍ട്ടീ ഓഫീസില്‍ തന്റെ എതിരാളികളായ നാല് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച ഒളി ക്യാമറയാണ് ഗോപിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ അന്തകനായി മാറിയത്.


സംസ്ഥാനകമ്മിറ്റി നിയോഗിച്ച എം.സി. ജോസഫൈന്‍, വൈക്കം വിശ്വന്‍, എ.കെ.ബാലന്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് ഗോപിയുടെ സ്വഭാവ ദൂഷ്യം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം കുറ്റമല്ലെങ്കിലും ഒരു ജില്ലാസെക്രട്ടറി പാര്‍ട്ടി ഓഫീസ് ഇതിന് വേദിയാക്കുന്നത് കമ്മ്യൂണിസ്റ്റ് സദാചാരത്തിന് വിരുദ്ധമാണെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്.


ഒളിക്യാമറവെച്ച് ചിത്രീകരണം നടത്തുന്നത് ക്രിമിനല്‍കുറ്റമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഒളിക്യാമറവെക്കാന്‍ മുന്‍നിരയില്‍ നിന്ന ജില്ലാകമ്മിറ്റി അംഗം കെ.എ.ചാക്കോച്ചനെ ആറ് മാസത്തേക്ക് സസ്‌പെന്റ്‌ചെയ്തു. മറ്റൊരംഗം പി.എസ്. മോഹനനെ തരംതാഴ്ത്തി. എം.പി. പത്രോസ് ടി.കെ.മോഹനന്‍ എന്നീ ജില്ലാ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്തു. ഓഫീസ് ജീവനക്കാരായ രമേഷ്, പ്രവീണ്‍ എന്നിവരെ സസ്‌പെന്റ് ചെയ്യുകയും രജീഷിനെ താക്കീതും ചെയ്തു. 2011 ജൂലൈയിലാണ് ഒളിക്യാമറ സംഭവം പുറത്തുവന്നത്. തനിക്കെതിരെ പ്രയോഗിച്ച ഒളിക്യാമറയുടെ ബുദ്ധികേന്ദ്രം മുന്‍മന്ത്രി എസ്. ശര്‍മ്മയും, മുന്‍ എം.പി. കെ. ചന്ദ്രന്‍ പിള്ളയുമാണെന്ന് ഗോപി കോട്ടമുറിക്കല്‍ കഴിഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഒമ്പതാം വയസ്സില്‍ ചെങ്കൊടിയേന്തിയ ഗോപി ഡി.വൈ.എഫ്.ഐയുടെ സ്ഥാപക നേതാവാണ്. പിറവം മണ്ധലത്തില്‍ നിന്ന് ഒരിക്കല്‍ ടി.എം. ജേക്കബിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. സെറിഫെഡ് ചെയര്‍മാന്‍, ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.


1969ലെ ട്രാന്‍പോര്‍ട്ട് സമരത്തിലും 1970ലെ വിദ്യാര്‍ത്ഥി സമരത്തിലും ഗോപീ കോട്ടമുറിക്കല്‍ കത്തിനിന്നിരുന്നു. അടിയന്തിരാവസ്ഥയില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റു. ഇതിന്റെ ശാരീരിക വിഷമതകള്‍ ഗോപി കോട്ടമുറിക്കല്‍ ഇന്നും അനുഭവിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ രണ്ടാം നിര സി.പി.എം.നേതാക്കളില്‍ വന്‍ ജനപിന്തുണയുള്ള നേതാക്കളിലൊരാളാണ് പാര്‍ട്ടിക്ക് പുറത്തായ ഗോപി.

Keywords:  CPM expels Gopy Kottamurickal, CCTV, Hidden camera  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia