സ്വര്‍ണക്കടത്ത്, ക്വടേഷന്‍ സംഘത്തിന്റെ പിടിയില്‍ നിന്നും പാര്‍ടിയെ രക്ഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ശുദ്ധികലശം നടത്തും
സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്
കണ്ണൂര്‍: (KVARTHA) സ്വര്‍ണക്കടത്ത്, ക്വടേഷന്‍ സംഘങ്ങളെ തളളിപറഞ്ഞുകൊണ്ട് മനു തോമസിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് സിപിഎം പ്രസ്താവന ഇറക്കിയത് പാര്‍ടി അണികളുടെ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍. സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജനും യുവജന കമിഷന്‍ അധ്യക്ഷന്‍ എം ശാജറിനുമെതിരെ മനുതോമസ് പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
നീണ്ട മൗനത്തിന് ഒടുവിലാണ് പാര്‍ടി ജില്ലാ നേതൃത്വം പി ജയരാജന് പിന്തുണയുമായി സെക്രടറിയേറ്റ് പ്രസ്താവനയുമായി എത്തിയത്. സിപിഎമില്‍ നിന്ന് പുറത്ത് പോയ മനു തോമസ് സിപിഎം സംസ്ഥാനസമതി അംഗം പി ജയരാജന് എതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ സിപിഎമിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
കണ്ണൂരില്‍ ചേര്‍ന്ന ജില്ല സെക്രടറിയേറ്റ് യോഗത്തിന് ശേഷം പി ജയരാജന് പിന്തുണയുമായി മാധ്യമങ്ങളോട് ഒരക്ഷരം പറയാന്‍ ജില്ല സെക്രടറി എംവി ജയരാജന്‍ തയാറായില്ല. എന്നാല്‍ സെക്രടറിയേറ്റ് യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ജില്ല സെക്രടറിയേറ്റിന്റെ പ്രസ്താവന വന്നു. മാധ്യമങ്ങളെ കുറ്റപ്പെടുത്തി കൊണ്ടാണ് സിപിഎം പ്രസ്താവന പുറത്തിറക്കിയത്.
ക്വടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ടിയല്ല സിപിഎം എന്നും എന്നിട്ടും ക്വടേഷന്‍കാരുടെ പാര്‍ടിയാണെന്നും അവരെ സഹായിക്കുന്നവരാണ് പി ജയരാജനും എം ശാജറും എന്നുമുള്ള വാര്‍ത്തയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്.
നവമാധ്യമങ്ങളില്‍ പാര്‍ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വടേഷന്‍ സംഘങ്ങളെ പാര്‍ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആകാശ് തില്ലങ്കേരിയുടെയും, അര്‍ജുന്‍ ആയങ്കിയുടെയും പേര് പരാമര്‍ശിക്കാതെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പാര്‍ടിയുടെ ജനകീയ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും, ചില മാധ്യമങ്ങളും നടത്തുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ചുരുക്കി പറഞ്ഞാല്‍ പി ജയരാജന് എതിരെയും പാര്‍ടി നേതൃത്വത്തിനെതിരെയും മനു തോമസ് നടത്തിയ വിമര്‍ശനങ്ങള്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങളെയാണ് ജില്ലാ സെക്രടറിയേറ്റ് വിമര്‍ശിച്ചിരിക്കുന്നത്. അണികളെ തൃപ്തിപ്പെടുത്താനാണ് പ്രസ്താവനയെന്ന് അതിലെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത്സംഘത്തിനെതിരെ പാര്‍ടിക്കുളളിലും പുറത്തും ശുദ്ധികലശം നടത്താനാണ് സിപിഎം ഒരുങ്ങുന്നത്. പാര്‍ടിയില്‍ ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം.