MT Vasudevan Nair | ശോഭനയല്ല, എം ടി; പ്രതിരോധിക്കാനാവാതെ പത്തിമടക്കി പാര്‍ട്ടിയും സൈബര്‍ പോരാളികളും

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) മലയാളത്തിലെ മഹാരഥനായ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുമായി ഏറ്റുമുട്ടാതെ സമവായത്തിന്റെ മാര്‍ഗത്തില്‍ സിപിഎം. ശോഭനയ്ക്കു സമാനമായി എം.ടിയോട് ഏറ്റുമുട്ടിയാല്‍ കൈപൊളളുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടിസംസ്ഥാന നേതൃത്വം. പാര്‍ട്ടിക്കായി സൈബിറടങ്ങളില്‍ റാകി പറക്കുന്ന വെട്ടുകിളികളോട് എം.ടിക്കെതിരെ സോഷ്യല്‍മീഡിയ ബുള്ളിങ് നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം പ്രതികരിച്ചു കൂടുതല്‍ വഷളാക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്കുളളത്.

MT Vasudevan Nair | ശോഭനയല്ല, എം ടി; പ്രതിരോധിക്കാനാവാതെ പത്തിമടക്കി പാര്‍ട്ടിയും സൈബര്‍ പോരാളികളും

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇഎംഎസിനെ അനുസ്മരിച്ചു എം.ടി എഴുതിയ ലേഖനം ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും അതില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതായി ഒന്നുമില്ലെന്നുമുള്ള ലളിതവത്കരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടത്തിയിട്ടുളളത്. അതേസമയം മുന്‍പ് എഴുതിയ ലേഖനത്തിലെ കാര്യങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ആവര്‍ത്തിക്കിനിടയാക്കിയ സാഹചര്യമെന്താണെന്ന കാര്യത്തെകുറിച്ചു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മൗനം പാലിക്കുകയാണ്. നവകേരളസദസിന്റെ പ്രചരണാര്‍ത്ഥം മുഖ്യമന്ത്രിയെ വിഗ്രഹവത്കരിച്ചുവെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.

പാര്‍ട്ടിയിലെ രണ്ടു മന്ത്രിമാരും സംസ്ഥാന സെക്രട്ടറി തന്നെ മുഖ്യമന്ത്രിയെ ദൈവത്തിന്റെ വരദാനമായും സൂര്യശോഭയായും വര്‍ണിച്ചതോടെ വ്യക്തിപൂജാവിവാദങ്ങള്‍ വീണ്ടും സിപിഎമ്മിനെ ചുറ്റിപ്പറ്റി നിലനിന്നു. കൃത്യസമയത്ത് വളരെ മൂര്‍ച്ചയേറിയ വാക്കുകളില്‍ എം ടി കോഴിക്കോട് ലിറ്ററി ഫെസ്റ്റില്‍ വായിച്ച പ്രസംഗം ഇപ്പോള്‍ സിപിഎമ്മിന്റെ മസ്തകത്തിന് തന്നെയാണ് കൊണ്ടത്. നെറ്റിപ്പട്ടം കെട്ടിച്ചു എഴുന്നളളിച്ച മുഖ്യമന്ത്രിയും സര്‍ക്കാരും എട്ടുമിനുട്ടു നീളുന്ന പ്രസംഗത്തിനു മുന്‍പില്‍ അടിതെറ്റി വീണുപോവുകയായിരുന്നു.

വിമര്‍ശനം എം ടിയുടെ ഭാഗത്തായിരുന്നതിനാല്‍ അതു തളളാനും കൊളളാനും കഴിയാത്ത സാഹചര്യത്തിലാണ് സിപിഎം. എം.ടി വിമര്‍ശിച്ചത് രാജ്യത്ത് ഏകാധിപത്യഭരണം നടത്തുന്നപ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചാണെന്നു പറഞ്ഞു പ്രതികരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തിറങ്ങിയെങ്കിലും അതു തീരെ ദുര്‍ബലമായി പോയി. ഇതിനു ശേഷമാണ് രണ്ടു പതിറ്റാണ്ടു മുന്‍പ് എഴുതിയ ലേഖനം എം.ടി ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റു തന്നെ രംഗത്തിറങ്ങിയത്.

എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയാണ് എം ടിയുടെ പ്രസംഗമെന്നു വ്യാഖ്യാനിക്കാന്‍ വസ്തുതകള്‍ കൂടതലായെന്നുമുണ്ടായില്ല. റഷ്യയുടെ കമ്യൂണിസ്റ്റ് ഭരണവും കേരളത്തിലെ 1957 ഇംഎംഎസ് സര്‍ക്കാരിനെ കുറിച്ചും വ്യക്തമായി അദ്ദേഹം പറയുകയും ചെയ്തു. ആള്‍ക്കൂട്ടങ്ങളെ വളര്‍ത്തുകയും വ്യക്തിപൂജയ്ക്കു അവസരവും കൊടുക്കാതെ കാഡര്‍മാരെയുണ്ടാക്കിയതാണ് ഇഎംഎസിന്റെ പ്രവര്‍ത്തനശൈലിയെന്നു എം.ടി വ്യക്തിപൂജയെ തളളിക്കൊണ്ടു വ്യക്തമായി പറഞ്ഞിരിക്കെ വിവാദം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചാലും വരും നാളുകളിലും അലയൊലികള്‍ പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രധാനമന്ത്രി പങ്കെടുത്ത തൃശൂരില്‍ നടന്ന സ്ത്രീസംഗമം പരിപാടിയില്‍ പങ്കെടുത്തതിന് തെന്നിന്ത്യന്‍ നടി ശോഭനയ്‌ക്കെതിരെ സൈബര്‍ പോരാളികളും പാര്‍ട്ടി പ്രവര്‍ത്തകരും സൈബര്‍ ഇടങ്ങളില്‍ കടുത്ത വിമര്‍ശനമഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെ താന്‍ പ്രധാനമന്ത്രിയുടെ ആരാധികയാണെന്നു വ്യക്തമാക്കി കൊണ്ടു തൃശൂര്‍ സമ്മേളനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു ശോഭന രംഗത്തുവരികയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കു ശേഷമാണ് മറ്റൊരു വിവാദം കൂടി സിപിഎമ്മിനെ എംടിയുടെ രൂപത്തില്‍ തേടിയെത്തുന്നത്.

Keywords: News, Malayalaam, BJP, CPM, Politics, MT Vasudevan Nair, Pinarayi Vijayan,CPM on the path of consensus with MT Vasudevan Nair
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia