സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയത് പഞ്ചനക്ഷത്ര സൌകര്യത്തോടെ: സിന്ധുജോയി
Apr 20, 2012, 12:45 IST
കാസര്‍കോട്: കോഴിക്കോട്ട് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയത് പഞ്ചനക്ഷത്ര സൌകര്യങ്ങളോടെയാണെന്ന് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സിന്ധുജോയി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി.സി. വിഷ്ണുനാഥ് നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി ചെര്‍ക്കളയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സിന്ധുജോയി. തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണെന്ന് പറയുന്ന സി.പി.എം പട്ടിണി പാവങ്ങളുടെ പേരില്‍ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് പാര്‍ട്ടി സമ്മേളനം നടത്തിയത് പാര്‍ട്ടിയുടെ അപചയത്തെയാണ് കാണിക്കുന്നത്. കഴിഞ്ഞ വി.എസ്. സര്‍ക്കാര്‍ കേരളത്തിലെ വികസന സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തെറിയുകയായിരുന്നു. ഗ്രൂപ്പിസത്തിന്റെയും വിഴുപ്പലങ്ങലിന്റേയും കൂടാരമായി സി.പി.എം മാറിയിരിക്കുന്നു. ഗ്രൂപ്പിസത്തിന്റെ ഭാഗമായി മാഫിയ സംഘങ്ങളും, ക്വട്ടേഷന്‍ സംഘങ്ങളും നേതാക്കളെ പരസ്പരം ഇല്ലായ്മചെയ്യാന്‍ രംഗത്തുവരികയാണ്. നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജ് എം.എല്‍.എയ്ക്ക് പാര്‍ട്ടിവിടേണ്ടിവന്നത് ഇതുകൊണ്ടാണ്.
തലയ്ക്ക് വെളിവില്ലാത്ത രീതിയിലാണ് വി.എസ്. അച്യുതാനന്ദന്‍ പലതും വിളിച്ചുപറയുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ പാര്‍ട്ടി തഴയുന്നത്. വെറും പരിഹാസപാത്രമായി വി.എസ് മാറികൊണ്ടിരിക്കുകയാണ്. സ്ത്രീകളേയും മറ്റും അദ്ദേഹം ആക്ഷേപിക്കുന്നത് അദ്ദേഹത്തിന്റെ മനസിന്റെ വികലമായ ചിന്താഗതിയെയാണ് കാണിക്കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ പീഢനക്കാരെ കയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്നു പറഞ്ഞ വി.എസ് മുഖ്യമന്ത്രിയായിരുക്കുമ്പോഴാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഢനങ്ങളുണ്ടായത്. പിറവത്ത് വി.എസ് പ്രചരണത്തിനെത്തിയതാണ് പരാജയത്തിന് കാരണമെന്നാണ് ഇപ്പോള്‍ സി.പി.എം പറയുന്നത്. പത്രക്കാരെ വിളിച്ച് മറ്റുള്ളവരെ തെറിപറയുന്ന മുഖ്യമന്ത്രിയായിരുന്നു വി.എസ് എങ്കില്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളിലേക്കിറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കരുത്തനായ മുഖ്യമന്ത്രിയാണെന്ന് സിന്ധുജോയി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭവികം മാത്രമാണ്. മുന്നണിയാകുമ്പോള്‍ പലവിധ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. അതെല്ലാം പരിഹരിച്ച് അതിശക്തമായി മുന്നോട്ടു പോകാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ളത്. താന്‍ അടക്കമുള്ളവര്‍ എസ്.എഫ്.ഐയിലും സി.പി.എമ്മിലും ചേര്‍ന്നപ്പോള്‍ ചുവന്ന പതാക കൈയ്യില്‍വെച്ച് തന്ന് നേതാക്കള്‍ പറഞ്ഞത് 'നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം കിട്ടാനുള്ളത് പുതിയൊരു ലോക'മെന്നാണ്. 19 വര്‍ഷം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും ഒരു വിലങ്ങും ആര്‍ക്കും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടേയും പൊയ്മുഖങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ മാറി ചിന്തിച്ചത്. കേരളത്തിലെ മറ്റ് യുവജന പ്രസ്ഥാനങ്ങള്‍ പ്രത്യയശാസ്ത്രപരമായ വിശ്വസങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ടുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രായോഗികമായ കാര്യങ്ങളില്‍ ഊന്നിയാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെയാണ് ഞങ്ങളെപോലുള്ളവര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് കടന്നുവന്നതെന്നും സിന്ധുജോയി പറഞ്ഞു.
Keywords: Sindhu Joy, Congress, P.C Vishnunath MLA, CPM, kasaragod, Yuvajanayathra, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.