Removal | എഡിഎമ്മിൻ്റെ മരണം: ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും സിപിഎം മാറ്റി
● സംഭവത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ പ്രതികരിചിരുന്നു
● പുതിയ പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ തീരുമാനമായി
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് നേരിടുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സി.പി.എം പാർട്ടി അധികാരത്തിൽ നിന്ന് മാറ്റും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനത്തെ തുടർന്ന് ദിവ്യ സ്ഥാനമൊഴിയും.
എഡിഎം നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ മരണത്തെ തുടർന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ വിമർശനങ്ങളെ കുറിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ പ്രതികരിചിരുന്നു. അഴിമതിക്കെതിരായ വിമർശനങ്ങൾ ശരിയാണെങ്കിലും, യാത്രയയപ്പ് സമയത്തെ ചില പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് അന്ന് പാർട്ടി അഭിപ്രായപ്പെട്ടത്. അതോടൊപ്പം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊലീസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പി.പി. ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടത് ആവശ്യമാണെന്ന് പാർട്ടി തീരുമാനിച്ചു. ദിവ്യ ഇതിന് സമ്മതിച്ചതിനെ തുടർന്ന്, പുതിയ പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ തീരുമാനമായി.
കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. യുഡിഎഫും ബി.ജെ.പിയും പി.പി ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുവന്നതിനെ തുടർന്നാണ് പി.പി ദിവ്യയെ തൽസ്ഥാനത്ത് നിന്നും ഗത്യന്തരമില്ലാതെ മാറ്റാൻ സി.പി.എം തയ്യാറായത്. എന്നാൽ, പി.പി. ദിവ്യയെ പാർട്ടിയിൽ നിന്ന് പൂർണമായി മാറ്റിയിട്ടില്ല. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തതിനാൽ എ.ഡി.എം ആത്മഹത്യ ചെയ്തതിനു ശേഷം പി.പി ദിവ്യ പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടാനുള്ള നടപടികളിലാണ് ഇപ്പോൾ ദിവ്യ.
നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, നിയമ വഴിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് പി പി ദിവ്യ
‘എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്‍റെ ഉള്ളടക്കം.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്‍റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു', എന്നാണ് പാര്‍ട്ടി പ്രതികരണം.
പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ കെ.കെ
രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
#PPDivya #CPM #Kannur #Kerala #suicidecase #politics