കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വീണ്ടും പരിപാടി; തിരുവാതിരയുടെ വിവാദച്ചൂടാറും മുന്‍പേ കന്നുപൂട്ട് മത്സരം സംഘടിപ്പിച്ച് സിപിഎം
Jan 17, 2022, 09:32 IST
പാലക്കാട്: (www.kvartha.com 17.01.2022) കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ നിയന്ത്രണം ലംഘിച്ച് വീണ്ടും സിപിഎം. തിരുവാതിര കളിയുടെ വിവാദത്തിന്റെ ചൂടാറും മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ ഗാനമേളയും ഇതിന് പിന്നാലെ കന്നുപൂട്ട് മത്സരവും നടത്തി.
പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് കന്നുപൂട്ട് മത്സരമാണ് സിപിഎം സംഘടിപ്പിച്ചത്. അന്തരിച്ച മുന്‍ ലോകല്‍ സെക്രടറി ജി വേലായുധന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്. 200 ലേറെ പേര് പ്രദര്‍ശനം കാണാനെത്തിയിരുന്നുവെന്നാണ് വിവരം. കോവിഡ് പ്രോടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരണം.
സിപിഎം പൊല്‍പ്പുള്ളി ലോകല്‍ സെക്രടറിയായിരുന്ന ജി വേലായുധന്റെ 17-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തെന്ന് പൊല്‍പ്പുള്ളി ലോകല്‍ സെക്രടറി വിനോദ് അറിയിച്ചു. 200 നടുത്ത് നാട്ടുകാരും കാഴ്ചക്കാരായി ഉണ്ടായിരുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും സംഘടിപ്പിച്ചത്. മലമ്പുഴ എംഎല്‍എയായ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കൊവിഡ് പ്രോടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 21 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ നിരക്ക്.
അതേസമയം, തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. വിപ്ലവ ഗാനങ്ങള്‍ക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും വേദിയിലെത്തിയതോടെ സഖാക്കള്‍ ആവേശത്തിലായി. ടിപിആര്‍ നിരക്ക് 30 കടന്ന ജില്ലയില്‍ ആള്‍കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു ഗാനമേള. സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് വേദിയില്‍ എത്തും മുന്‍പ് ഗാനമേള സംഘം മടങ്ങുകയും ചെയ്തുവെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.