പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് വി.എസിനെ മാറ്റണമെന്ന് സംസ്ഥാന സമിതി

 


തിരുവനന്തപുരം: നിരന്തരമായ അച്ചടക്ക ലംഘനത്തിലൂടെ സംസ്ഥാന നേതൃത്വത്തിന് തലവേദനയായ വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കാന്‍ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു.

കേന്ദ്രകമ്മിറ്റി അനുമതിയോടെയായിരിക്കും വി.എസിനെതിരെ നടപടിയെടുക്കുക. പൊതുജന മധ്യത്തില്‍ പാര്‍ട്ടിയെയും നേതൃത്വത്തെയും അപഹസിക്കുന്ന വി.എസിനെതിരെ യുക്തമായ സംഘടനാ നടപടിയെടുക്കാനും യോഗം കേന്ദ്ര കമ്മിറ്റിയോട് നിര്‍ദേശിച്ചു. യു.ഡി.എഫ്. കേന്ദ്രങ്ങളുമായി വി.എസ് അവിശുദ്ധ ബന്ധം പുലര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവും ഇതാദ്യമായി സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു.

അതിനിടെ അടുത്ത കേന്ദ്രകമ്മിറ്റി വരെ സംസ്ഥാന നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായാണ് സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നതെന്നാണ് കത്തിലെ ആക്ഷേപം.  മലയാളത്തിലെ ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ ലാവ്‌ലിന്‍, പി. കരുണാകരന്‍ കമ്മിറ്റി റിപോര്‍ട്ടുകളില്‍ വി.എസ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ സാഹചര്യത്തില്‍ തിങ്കളാഴ്ച നടന്ന സംസ്ഥാന സമിതിയില്‍ വി.എസ് പങ്കെടുത്തില്ല. കഴിഞ്ഞ നാലിന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലും അച്യുതാനന്ദന്‍ പങ്കെടുത്തിരുന്നില്ല.

വി.എസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രമേയം അംഗങ്ങളുടെ കൈപൊക്കിയുള്ള വോട്ടിലൂടെയാണ് പാസാക്കിയത്. വി.എസിന്റെ അച്ചടക്ക ലംഘനങ്ങളും അതിന്മേലുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി ശിപാര്‍ശയും അടങ്ങിയ റിപോര്‍ട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് രാവിലെ അവതരിപ്പിച്ചത്.

ലാവലിന്‍ വിഷയത്തില്‍ വി.എസിന്റെ നിലപാട് കടുത്ത അച്ചടക്ക ലംഘനമാണെന്ന് പിണറായി വിശദീകരിച്ചു. അഭിമുഖത്തില്‍ വി.എസ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ചൂണ്ടിക്കാട്ടുന്ന റിപോര്‍ട്ട് അദ്ദേഹത്തിനെതിരെ ഉചിത അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു. കരുണാകരന്‍ കമ്മിറ്റി റിപോര്‍ട്ടിന്മേല്‍ നടത്തിയ പരസ്യ അഭിപ്രായപ്രകടനവും റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.

പിന്നീട് നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നത് പ്രധാന ആവശ്യമായി ഉന്നയിച്ച് പ്രമേയം പാസാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് വി.എസിനെ മാറ്റണമെന്ന് സംസ്ഥാന സമിതി

രൂക്ഷ വിമര്‍ശനത്തിനൊപ്പം വി.എസിന് അനുകൂലമായും യോഗത്തില്‍ അഭിപ്രായപ്രകടനമുണ്ടായി. വി.എസിന്റെ വിശ്വസ്തരെ കൂടാതെ സി.ഐ.ടി.യു മുന്‍ പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് അദ്ദേത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. ഇടക്കാലത്ത് മൗനം പാലിച്ച ചിലരും വി.എസ്. പക്ഷത്ത് അണിനിരന്നു.
വി.എസ്. പാര്‍ട്ടി വഞ്ചകനാണെന്നായിരുന്നു ജയരാജന്‍മാരുടെ അഭിപ്രായം. പത്തനംതിട്ടയില്‍ നിന്നുള്ള പി. ഉണ്ണികൃഷ്ണ പിള്ളയും വി.എസിനെതിരെ നടപടി ആവശ്യപ്പെട്ടു.

കോലിയക്കോട് കൃഷ്ണന്‍നായരാണ് യു.ഡി.എഫുമായി വി.എസിന് അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. യു.ഡി.എഫില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ അവരെ സഹായിക്കുന്ന തരത്തിലും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുമാണ് വി.എസ്. ഇടപെടുന്നതെന്നായിരുന്നു കോലിയക്കോടിന്റെ ആരോപണം. പി.സി. ജോര്‍ജ് പ്രശ്‌നം നിയമസഭയില്‍ വി.എസ് ശക്തമായി അവതരിപ്പിച്ചില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

എന്നാല്‍ വി.എസ് മാത്രമല്ല പല നേതാക്കളും അച്ചടക്കലംഘനം നടത്തുന്നുണ്ടെന്ന മറുവാദവും യോഗത്തില്‍ ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് രവീന്ദ്രനാഥിനെ കൂടാതെ ജെ. മേഴ്‌സിക്കുട്ടിയമ്മ, എസ്. ശര്‍മ, സി.എസ്. സുജാത, കെ. ചന്ദ്രന്‍പിള്ള, പിരപ്പന്‍കോട് മുരളി, എം. ചന്ദ്രന്‍, സി.കെ. ശശീന്ദ്രന്‍, സി.കെ. സദാശിവന്‍, രവീന്ദ്രനാഥ് എന്നീ ഒമ്പതുപേരാണ് വി.എസ് അനുകൂല നിലപാട് സ്വീകരിച്ചത്. പക്ഷേ, വോട്ടെടുപ്പില്‍ എം. ചന്ദ്രനും രവീന്ദ്രനാഥും വി.എസിനെ അനുകൂലിച്ചില്ല. ആകെ 53 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Summery: CPM state committee decided to remove VS from opposition leader post. The decision will come in force after the central committee decisions about the matter.

Keywords:  Thiruvananthapuram, V.S Achuthanandan, CPM, UDF, Report, Channel, Kerala, P.C George, Meeting. Central Committee, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia