Controversy | പി.ശശിക്കെതിരായ പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതി സിപിഎം അന്വേഷിക്കും; വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ്  ചര്‍ച്ച ചെയ്യും
 

 
CPM to Investigate Complaint by MLA P.V. Anwar Against P. Sasi
CPM to Investigate Complaint by MLA P.V. Anwar Against P. Sasi

Photo Credit: Facebook / PV Anvar

ശശിക്കെതിരെ രേഖാമൂലമുള്ള ആരോപണങ്ങളാണ് ഇതോടെ പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുടെ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.വി.അന്‍വര്‍ നല്‍കിയിരിക്കുന്ന പരാതി ഗൗരവത്തോടെ കാണണമെന്ന നിലപാടാണ് നേതൃത്വത്തിന്. ബുധനാഴ്ച രാവിലെയാണ്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പി.വി.അന്‍വര്‍ പരാതി കൈമാറിയത്.  സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശശിക്കെതിരെ രേഖാമൂലമുള്ള ആരോപണങ്ങളാണ് ഇതോടെ പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്. 

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അന്‍വര്‍ പരാതി കൈമാറിയിരുന്നു. തലേദിവസം എഡിജിപി എം.ആര്‍.അജിത് കുമാറിനും പി ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ അന്‍വര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സംഭാഷണത്തില്‍ അയവ് വരുത്തിയിരുന്നു.

പരാതി സംസ്ഥാന സെക്രട്ടറിക്ക് മുന്നിലെത്തിയതോടെ പാര്‍ട്ടി അതു പരിശോധിക്കും. സാധാരണ ഗതിയില്‍, അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പാകെ അന്‍വറിന്റെ പരാതി ചര്‍ച്ചയ്ക്ക് വരും. ഇതിനുശേഷം, അന്വേഷണ നടപടികളിലേക്ക് പാര്‍ട്ടി കടന്നേക്കും.


പരാതിയുടെ ഉള്ളടക്കവും കാമ്പും പോലെയിരിക്കും അന്വേഷണത്തിന്റെ സ്വഭാവമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. ആരോപണങ്ങള്‍ സംബന്ധിച്ചു തനിക്ക് പറയാനുള്ളത് ശശി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ പരാതി കൈമാറിക്കഴിഞ്ഞാല്‍ ശശിയും ഗോവിന്ദനെ കണ്ടേക്കും.

തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് മറ്റാരുമല്ല പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്ന നിലപാടിലാണ് പി ശശി. ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ അന്‍വറിന്റെ ആരോപണത്തില്‍ തനിക്ക് ഭയമില്ലെന്നും ശശി പ്രതികരിച്ചിരുന്നു. 1980ല്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇതുവരെ എത്തിയതെന്നും ശശി പറഞ്ഞിരുന്നു.


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷിക്കുന്ന സാഹചര്യം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയിലേക്ക് പാര്‍ട്ടി നീങ്ങുമോ എന്നതും വ്യക്തമാകേണ്ടതുണ്ട്. പി. ശശിക്ക് എതിരായി ആരോപണം ഉന്നയിച്ചതുകൊണ്ടുമാത്രം കുറ്റവാളിയാകുന്നില്ലെന്ന നിലപാടാണ് വിഷയത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ സ്വീകരിച്ചത്.

ശരിയാണെങ്കില്‍ ഗൗരവമുള്ളതാണ്. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ആരോപണം തെറ്റോ ശരിയോ എന്നു കണ്ടെത്തണം. ശരിയാണെങ്കില്‍ ഗൗരവമുള്ളതാണ്. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.


എഡിജിപി എം.ആര്‍.അജിത് കുമാറിനും ശശിക്കും എതിരെ നേരത്തേ ഉന്നയിച്ച പരാതികളാണ് രേഖാമൂലം അന്‍വര്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. അതേസമയം പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പി.ശശി സമ്പൂര്‍ണ പരാജയമാണെന്ന ആരോപണം ഉന്നയിച്ചാണ് അന്‍വര്‍ ഗോവിന്ദനെ കണ്ടത്. പൊലീസും പാര്‍ട്ടിയും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ശശിയുടെ കാര്യമാകും പാര്‍ട്ടി സെക്രട്ടറി പ്രധാനമായും പരിശോധിക്കുക. എഡിജിപിയുടെ കാര്യം പരിഗണിക്കുന്നത് മുഖ്യമന്ത്രിയായിരിക്കും.

മുഖ്യമന്ത്രിയില്‍ വലിയ സ്വാധീനം ഉണ്ടെന്നത് കൊണ്ടുതന്നെ ശശിയുമായി വളരെ സുഖകരമായ ബന്ധമല്ല മന്ത്രിമാര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. കണ്ണൂരിലെ ഉള്‍പാര്‍ട്ടി സമവാക്യങ്ങളില്‍ പി.ജയരാജനും പി.ശശിയും രണ്ടു ധ്രുവങ്ങളിലാണെങ്കില്‍ അതില്‍ ജയരാജനൊപ്പമാണ് ഗോവിന്ദന്‍. അന്‍വറിന്റെ പരാതി ശശിക്കെതിരെ ആയുധമാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചാല്‍ അതിന് നിന്നുകൊടുക്കാന്‍ പിണറായി തയാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

#CPM #KeralaPolitics #Investigation #PSasi #PVAnwar #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia