CPI | 'ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് സാധിക്കുന്നില്ല'; സിപിഎമിനൊപ്പം നിന്നപ്പോള്‍ നഷ്ടം മാത്രം; സിപിഐ ജില്ലാ നേതൃയോഗങ്ങളില്‍ ഉയര്‍ന്നത് വിമര്‍ശനങ്ങള്‍
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വ്യക്തിപരമായ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍
ഇടുക്കിയിലും തൃശൂരിലും കൊല്ലത്തും ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെല്ലാം നീളുന്നത് സിപിഎമിലേക്ക്
തിരുവനന്തപുരം: (KVARTHA) ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം പാര്‍ടിയിലുള്ളവരും ഘടകക്ഷികളും ഒക്കെ മറയില്ലാതെ വിമര്‍ശിക്കുന്ന കാഴ്ചയാണ് കണ്ടത്. നേരത്തെ പിണറായിക്കെതിരെ ഒരക്ഷരം മറുത്ത് പറയാത്തവരാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വ്യക്തിപരമായ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. നവകേരള സദസും ഫലം കണ്ടില്ല. പെന്‍ഷന്‍ തുക നല്‍കാത്തതും തിരിച്ചടിയായെന്നാണ് പ്രധാന വിമര്‍ശനം. മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
ഇതിന് പിന്നാലെയാണ് സിപിഐ ജില്ലാ നേതൃയോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തലപൊക്കുന്നത്. ഇടുക്കിയിലും തൃശൂരിലും കൊല്ലത്തും ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെല്ലാം നീളുന്നത് സിപിഎമിലേക്കാണ്. കോണ്‍ഗ്രസിനൊപ്പം നിന്നപ്പോഴാണ് പാര്‍ടിക്ക് ഗുണമുണ്ടായത്, സിപിഎമിനൊപ്പം നിന്നപ്പോള്‍ നഷ്ടം മാത്രമാണുണ്ടായിട്ടുള്ളത് എന്നതരത്തിലുള്ള സംസാരങ്ങളും നേതൃയോഗങ്ങളില്‍ ഉണ്ടായെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നാണ് ഇവരുടെ ചോദ്യം. മുന്നണി മാറ്റം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലേക്കുവരെ സിപിഐ നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു എന്നതും ശ്രദ്ധേയമാണ്. ലോക് സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റെങ്കിലും പ്രതീക്ഷിച്ചിടത്ത് അപ്രതീക്ഷിത തോല്‍വിയേറ്റതിന്റെ വൈകാരിക പ്രകടനങ്ങളായി ഈ പ്രതികരണങ്ങള്‍ എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാമെങ്കിലും സിപിഐയില്‍ ഉയരുന്ന ചില വിമര്‍ശനങ്ങള്‍ നേതൃത്വത്തിനും മുന്നണിക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല.
രണ്ടാം പിണറായി സര്‍കാരിന്റെ തുടക്കം മുതല്‍ സിപിഐയില്‍ സിപിഎം നയങ്ങള്‍ക്കെതിരെ ശക്തമായ വിയോജിപ്പുണ്ട്. എന്നാല്‍ ഇത് പുറത്തുവന്നില്ല എന്ന് മാത്രം. ആഭ്യന്തരവകുപ്പിന് എതിരായ വിമര്‍ശനങ്ങളാണ് സിപിഐ നിരന്തരം ഉന്നയിച്ചുവന്നിരുന്നത്. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് രണ്ടാം പിണറായി സര്‍കാര്‍ പിന്നോട്ടുപോകുന്നതില്‍ പാര്‍ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. എന്നാല്‍, സിപിഎമുമായി നല്ല ബന്ധം സൂക്ഷിക്കാനുള്ള പാര്‍ടി നേതൃത്വത്തിന്റെ തീരുമാനത്തിന് മുന്നില്‍ ഈ വിമര്‍ശനങ്ങളെല്ലാം അലിഞ്ഞുപോയി. എന്നാല്‍, സിപിഐയില്‍ സമവാക്യങ്ങള്‍ മാറുകയും ഗ്രൂപ് പോരുകള്‍ ശക്തമാവുകയും ചെയ്തതോടെ, വീണ്ടും സിപിഎം വിമര്‍ശനങ്ങള്‍ തലപൊക്കി തുടങ്ങി.
സാമ്പത്തിക പ്രതിസന്ധിയും പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങുന്നതും സപ്ലൈകോയില്‍ സാധനങ്ങളില്ലാത്തതു വരെയുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ മുന്നണി ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നുള്ള വിമര്‍ശനങ്ങള്‍ സിപിഐയില്‍ പലതവണ ഉയര്‍ന്നിരുന്നു.
പൗരത്വ ഭേദഗതി അടക്കമുള്ള ദേശീയ വിഷയങ്ങളിലൂന്നി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള സിപിഎമിന്റെ തീരുമാനം തിരിച്ചടിയാകുമെന്നും പ്രാദേശിക വിഷയങ്ങളില്‍ എല്‍ഡിഎഫിന് മറുപടി നല്‍കാന്‍ സാധിക്കുന്നില്ലെന്നും സിപിഐയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ മയപ്പെടുത്തി സിപിമിനോട് കൂടുതല്‍ അടുത്തുനിന്നാല്‍, പാര്‍ലമെന്ററി പാര്‍ടി രംഗത്ത് വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തോന്നല്‍ സിപിഐയിലെ പല ഉന്നത നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍, ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്ന 'ഓള്‍ഡ് സ്‌കൂള്‍' നേതാക്കള്‍ ഇപ്പോഴും ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ സജീവമാണ്. വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കാതേയും തിരുത്തേണ്ടിടത്ത് തിരുത്താതേയും ഇരുന്നാല്‍, ഇടതുമുന്നണി കൂടുതല്‍ ജനങ്ങളില്‍ നിന്ന് അകലുമെന്നാണ് ഇവരുടെ വാദം. എന്നാല്‍, ഇതിനെ ഗൗരവത്തിലെടുക്കാനോ, മുന്നണിയില്‍ ചര്‍ച ചെയ്യാനോ സിപിഐ നേതൃത്വം തയാറല്ല.
നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു. സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പല വിമര്‍ശനങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിട്ടുമുണ്ട്. എന്നാല്‍, സിപിഎമും സിപിഐയും തമ്മില്‍ ചര്‍ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യാറുള്ളത്.
സിപിഐ തങ്ങള്‍ക്കൊപ്പം വരണമെന്ന് കോണ്‍ഗ്രസ് പലതവണ ആവശ്യപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലം. ഇത്തവണയേയും ഈ വിമര്‍ശനങ്ങളെ പാര്‍ടി യോഗങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതാണ് സംസ്ഥാന സെക്രടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
2021 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമിന് മുസ്ലിം ലീഗിനോട് വര്‍ധിച്ച അമിത വാത്സല്യം ഉണ്ടെന്നാണ് സിപിഐയുടെ കണ്ടുപിടുത്തം. ഇത് അവരെ ചൊടിപ്പിച്ചിട്ടുമുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാനുള്ള സിപിഎം ശ്രമം തിരിച്ചടിയാകുമെന്ന് സിപിഐയില്‍ മുന്‍കൂട്ടി തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാന്‍ സിപിഎം തയാറായില്ല.