Criticism | കേരള മോഡല്‍ പ്രതിരോധമെന്നൊക്കെ വാഴ്ത്തുന്നത് വെറും തള്ള് മാത്രമോ? പഴഞ്ചന്‍ ട്രാക്കില്‍ നിന്നും മാറാതെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനായി കേരളം സ്ഥാപിച്ച 351-മുന്നറിയിപ്പു സംവിധാനങ്ങളില്‍ 289- എണ്ണവും പ്രവര്‍ത്തനക്ഷമമല്ലെന്ന് രണ്ടുതവണ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) വയനാട് ഉരുള്‍പൊട്ടലില്‍ വന്‍ ആള്‍നാശമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നോക്കുകുത്തിയാവുന്നുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നുയരുന്നു. കാലവര്‍ഷത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ മാത്രമായി സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ഒതുങ്ങുന്നുവെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനം.
ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും സംവിധാനങ്ങളുമാണ് ദുരന്തനിവാരണ അതോറിറ്റിക്കുളളത്. പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ സാമൂഹിക പ്രതിരോധവും സന്നാഹവുമൊരുക്കലുമാണ് പുതിയകാലത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ബാലപാഠമെന്ന് അറിയാതെയാണ് ഈ സംവിധാനം നിലകൊളളുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ എല്ലാംതകര്‍ത്തതിനു ശേഷം രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസമെന്ന പഴഞ്ചന്‍ ട്രാക്കിലാണ് കേരളത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രകൃതി ക്ഷോഭമുന്നറിയിപ്പുകള്‍ പ്രാദേശിക തലത്തില്‍ എത്തിക്കാനും ആസൂത്രണം ചെയ്തു നടപ്പിലാക്കാനും സാധിക്കാത്ത തരത്തില്‍ ദുര്‍ബലമാണ് കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയെന്നു തെളിയിച്ചിരിക്കുകയാണ് വയനാട്ടിലുണ്ടായ അതിഭീകരമായ ഉരുള്‍പൊട്ടല്‍. 2018-ലെ പ്രളയത്തിനു ശേഷം ഡല്‍ഹി ജെ.എന്‍.യുവിലെ സ്‌പെഷ്യല്‍ സെന്റര്‍ ഫോര്‍ഡിസാസ്റ്റര്‍ റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളം തുടരുന്ന ഈ ന്യൂനത കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദുരന്തനിവാരണ പദ്ധതിയുടെ അഭാവം, താഴെത്തട്ടില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എത്താത്തത്, അപകടമേഖലയുടെ വാര്‍ഡുതല ഭൂപടം തയ്യാറാകാത്തത് പ്രവര്‍ത്തിക്കാത്ത മുന്നറിയിപ്പു സംവിധാനങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി നേരിടുന്ന ദൗര്‍ബല്യങ്ങള്‍ ഏറെയാണ്. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനായി കേരളം സ്ഥാപിച്ച 351-മുന്നറിയിപ്പു സംവിധാനങ്ങളില്‍ 289- എണ്ണവും പ്രവര്‍ത്തനക്ഷമമല്ലെന്ന് രണ്ടുതവണ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലുളള അപകടങ്ങളുടെ രൂക്ഷത കുറയ്ക്കാനും പുതിയവ തടയാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുളള ഐക്യരാഷ്ട്രസഭ അംഗീകരിച്ച സെന്‍ഡായ് ഫ്രെയിംവര്‍ക്ക് ചട്ടക്കൂടു പ്രകാരമുളള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസ്ഥാന അതോറിറ്റി കേട്ടിട്ടു കൂടിയില്ലെന്നതാണ് വിചിത്രം. ഇത്തരം കൊടിയ അനാസ്ഥയുടെ ഇരകളായി മാറിയിരിക്കുകയാണ് വയനാട്ടിലെ സാധാരണക്കാരായ ജനവിഭാഗങ്ങള്‍. കേരളമോഡല്‍ പ്രതിരോധമെന്നൊക്കെ വാഴ്ത്തുന്നത് ഭരണാധികാരികള്‍ നടത്തുന്ന വെറുംതളളുമാത്രമാണെന്ന സത്യം തെളിഞ്ഞുകഴിഞ്ഞുവെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.