Allegation | 'ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ച് സ്ത്രീകള്‍ ഉള്‍പെടെയുളള 50 ഓളം പേര്‍ ചേര്‍ന്ന് മര്‍ദനം'; കണ്ണൂരില്‍ ദളിത് വിദ്യാര്‍ഥിനിയെയും സഹോദരനെയും ആള്‍കൂട്ടവിചാരണ ചെയ്തതെന്ന് പരാതി
May 7, 2023, 08:20 IST
കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ പരിധിയിലെ ക്ഷേത്രത്തില്‍ കയറി അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിന്നോക്ക ദളിത് വിദ്യാര്‍ഥികളെ ആള്‍കൂട്ടം വിചാരണയ്ക്കിരയാക്കുകയും മര്‍ദിച്ചതായും പരാതി. പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ഥിനിക്കും സഹോദരനും നേരെ എളയാവൂരില്‍ ക്ഷേത്രത്തില്‍ കയറിയതിന് അയിത്തം കല്‍പിച്ചു ആള്‍കൂട്ട വിചാരണയും അക്രമവും നടന്നെന്ന സംഭവത്തില്‍ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പട്ടികജനസമാജം (കെ പി ജി എസ്) ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ വിഷുദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എളയാവൂര്‍ കൂടത്ത് താഴെ ആരൂഡം ദേവിക്ഷേത്രത്തിനടുത്തുവെച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയും സഹോദരനും ആള്‍കൂട്ട വിചാരണയ്ക്കും അക്രമത്തിനും ഇരയായത്. ദളിത് വിഭാഗത്തില്‍പെട്ട ഇവര്‍ ക്ഷേത്രത്തില്‍ കയറിയെന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവര്‍ക്ക് നേരെ തിരിഞ്ഞത്. പട്ടികജാതിക്കാരായ ഇവര്‍ ക്ഷേത്രത്തില്‍ കയറി അശുദ്ധമാക്കിയെന്ന് ആരോപിച്ച് ഇരുവരെയും മര്‍ദിച്ചുവെന്നാണ് പരാതി.
സ്ത്രീകള്‍ ഉള്‍പെടെയുളള അന്‍പതോളം പേരാണ് ആള്‍കൂട്ട വിചാരണ നടത്തിയത്. ഇതില്‍ എട്ടുപേര്‍ കുട്ടികളെ മര്‍ദിക്കുകയും രണ്ടരമണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇതിനിടെയില്‍ കുട്ടികളുടെ പരിചയക്കാരായ രണ്ടു യുവാക്കളായ ശറഫുദ്ദീന്‍, വിവേക് എന്നിവര്‍ ബൈകില്‍ സ്ഥലത്തെത്തുകയും ആള്‍കൂട്ട വിചാരണയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്തു.
ഇതിനിടെയില്‍ ഇവര്‍ ഉറുമി ഉപയോഗിച്ചതിനാല്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് ശറഫുദ്ദീനെയും വിവേകിനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം, കുട്ടികളെ അക്രമിച്ച എട്ടുപേരെ അറസ്റ്റു ചെയ്തുവെങ്കിലും കണ്ണൂര്‍ ടൗണ്‍ സി ഐ ഇവര്‍ക്കെതിരെ രാഷ്ട്രീയ സമ്മര്‍ദം കാരണം നിസാരവകുപ്പുകള്‍ മാത്രമേ ചുമത്തിയിട്ടുളളൂവെന്ന് പട്ടികജനസമാജം ഭാരവാഹി തെക്കന്‍ സുനില്‍കുമാര്‍ ആരോപിച്ചു.
പട്ടികജാതി വിഭാഗക്കാരായ കുട്ടികളായതിനാല്‍ പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യം നല്‍കി പ്രതികളെ വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍ പിന്നീട് പ്രതികളില്‍ നിന്നും പരാതി വാങ്ങി ആള്‍കൂട്ട വിചാരണയ്ക്കിരയായ കുട്ടികള്‍ക്കെതിരെ നരഹത്യാശ്രമം, ആംസ് ആക്റ്റ് എന്നിവ ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഭരണ, പ്രതിപക്ഷ പാര്‍ടികളിലെ ചില നേതാക്കള്‍ അന്യായമായി ഇടപെട്ടാണ് പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നേരെയുളള അതിക്രമകേസ് അട്ടിമറിച്ചത്.
സുഹൃത്തിനെ വണ്ടികയറ്റാന്‍ പോവുന്നതിനിടയില്‍ ക്ഷേത്രത്തില്‍ കയറിയ കുട്ടികളെയാണ് ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ചു ആള്‍കൂട്ട വിചാരണ നടത്തിയത്. സി പി എം ഭരിക്കുന്ന കാലത്ത് കണ്ണൂര്‍ ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ അയിത്തം നിലനില്‍ക്കുന്നുണ്ട്. അതിന്റെ പേരില്‍ പട്ടികജാതിക്കാര്‍ മാറ്റി നിര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന് തെക്കന്‍ സുനില്‍കുമാര്‍ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ പോക്സോ, എസ് സി- എസ് ടി വകുപ്പു ചുമത്താന്‍ പൊലീസ് തയ്യാറാകണം. ഇതിനായി കണ്ണൂര്‍ സിറ്റി പൊലീസ് കമിഷനര്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Case, Party, Police, Press meet, Allegation, Dalit, Dalit student and brother were lynched; Alleged that police colluding with the criminals to sabotage the case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.