Natural Disaster | മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല; 26 വീടുകൾ പൂര്‍ണമായും കാണാനില്ല; മലവെള്ളം വ്യാപാരസമുച്ചയത്തെയും തുടച്ചുമാറ്റി

 
Natural Disaster
Natural Disaster

Photo: PRD Wayanad 

കുട്ടികള്‍ മുതിര്‍ന്നവര്‍ പ്രായമുളളവര്‍ തുടങ്ങി മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയര്‍ന്നതോടെ മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും വലിയ കണ്ണീർ കരയായിമാറി

കൽപറ്റ: (KVARTHA) മലനിരകളുടെ താഴ്‌വാരത്തു സ്ഥിതി ചെയ്തിരുന്ന മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ വ്യാപാരസമുച്ചയങ്ങളും നിരവധി വീടുകളും ഒറ്റ രാത്രികൊണ്ട് തകർന്നടിഞ്ഞു. രാത്രി വൈകി രണ്ടുതവണ കാതടിപ്പിക്കുന്ന വലിയ ശബ്ദത്തോടെ അങ്ങകലെ പുഞ്ചിരിമട്ടത്തില്‍ നിന്നും മല നിരങ്ങി വന്നതോടെ മുണ്ടക്കൈ എന്ന നാടൊന്നാകെ അതിലൊഴുകി പോവുകയായിരുന്നു

Natural Disaster

മുണ്ടക്കൈയിലെ പ്രധാന പാതയിൽ നിന്ന് നൂറടിയോളം ഉയരത്തിലുള്ള മുസ്ലിം പള്ളിയുടെ രണ്ടാം നില വരെ വെള്ളവും ചെളിയും എത്തിച്ചേർന്നു. രണ്ട് കിലോ മീറ്ററോളം അകലത്തിലുള്ള പുഞ്ചിരിമറ്റത്ത് നിന്നും പാതയോരങ്ങളിലുണ്ടായിരുന്ന 26 വീടുകളോളം പൂര്‍ണമായും കാണാനില്ല. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് നാമമാത്ര വീടുകള്‍ മാത്രമാണ്. 

കുട്ടികള്‍ മുതിര്‍ന്നവര്‍ പ്രായമുളളവര്‍ തുടങ്ങി മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഉയര്‍ന്നതോടെ മുണ്ടക്കൈ പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും വലിയ കണ്ണീർ കരയായിമാറി. ഉറ്റവരെല്ലാം മലവെളളത്തില്‍ വേര്‍പെട്ടപ്പോള്‍ ഈ നാട് വിജനതയുടെ ദുരന്തഭൂമിയാവുകയായിരുന്നു.

ദുരന്തത്തിന്റെ രണ്ടാം ദിവസം രാവിലെ മുതല്‍ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് മുണ്ടക്കൈയില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ദിവസമെത്തിയ എന്‍.ഡി.ആര്‍.എഫിലെ മുപ്പതംഗം ടീമുകള്‍ക്ക് പുറമെ വിവിധ സേനാ വിഭാഗങ്ങളിലുളളവർ ചൂരല്‍ മലയിലെത്തിയിരുന്നു. ഇവരും മുണ്ടക്കൈ രക്ഷാദൗത്യത്തിലേക്ക് അണിനിരന്നു. കൂടാതെ അഗ്നിരക്ഷാ സേനയിലെ 100 അംഗ സംഘം മുണ്ടക്കൈയിലെത്തി. 

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നെത്തിയ ആര്‍.എഫ്.ഒ കെ.രജീഷിന്റെ നേതൃത്വത്തിലുള്ള 55 സ്‌കൂബ ഡൈവിങ്ങ് ടീമും രക്ഷാപ്രവര്‍ത്തിനിറങ്ങി. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും അണിനിരന്നതോടെ മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് വീടിന്റെ സ്ലാബുകള്‍ മുറിച്ചുമാറ്റിയും വടം കെട്ടി വലിച്ചുമാറ്റിയും ഏഴോളം മൃതദേഹങ്ങളും ഇവിടെ നിന്നും രാവിലെ പതിനൊന്നരയോടെ പുറത്തെടുത്തു. ഇതേ സമയം മുണ്ടക്കൈ ടൗണിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നേറുന്നുണ്ടായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia