സാറാ തോമസ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

 


കൊല്ലം: (www.kvartha.com 04.11.2014) വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഇന്‍ഷൂറന്‍സില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന പുനലൂര്‍ സ്വദേശിനി സാറാ വില്യംസ് എന്ന പേരില്‍ ചെന്നൈയില്‍ അറസ്റ്റിലായ സാറാതോമസ് എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍ഷൂറന്‍സില്‍ നിന്നും 29 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ സാറാ വില്യംസ് ആണെന്ന് തെറ്റിദ്ധിരിച്ചാണ് എമിഗ്രേഷന്‍ വിഭാഗം സാറാതോമസിനെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം, ക്രൈം ബ്രാഞ്ച് പോലീസ് എന്നിവയുടെ കസ്റ്റഡിയിലും ചെന്നൈയിലെ ജയിലിലുമായി കഴിഞ്ഞ അഞ്ച് ദിവസത്തോളം ഇവര്‍ക്ക് കഴിയേണ്ടിവന്നു. പിന്നീടാണ് ദുബൈയില്‍ ഉദ്യോഗസ്ഥയായ സാറാ തോമസ് അല്ല തങ്ങള്‍ തേടുന്ന പ്രതിയെന്ന് കൊല്ലം ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് യുവതിയെ വിട്ടയയ്ക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്.പി. ടി.എഫ്.സേവ്യര്‍ അറിയിച്ചിരുന്നു. റാന്നി അങ്ങാടി പുല്ലൂപ്രം കൊടിത്തോപ്പില്‍വീട്ടില്‍ തോമസ് എബ്രഹാമിന്റെയും മറിയാമ്മ തോമസിന്റെയും മകള്‍ സാറാ തോമസാണ് അഞ്ചുദിവസത്തേക്ക് കുറ്റവാളിയാക്കപ്പെട്ടതും മാനസിക പീഡനം അനുഭവിച്ചതും. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റിന്റെ നിര്‍ദേശാനുസൃതമാണ് ഇവരെ വിട്ടയക്കുന്നത്.

പുനലൂര്‍ പത്തേക്കര്‍ സ്വദേശിനി സാറാ വില്യംസ് എന്ന് തെറ്റിദ്ധരിച്ചാണ് 13 വര്‍ഷമായി ദുബൈയിലെ ഒരു കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറായി ജോലി നോക്കിവരുന്ന  സാറാ തോമസിനെ ഒക്ടോബര്‍  29ന് ചൈന്നെ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ചതും ജയിലിലാക്കിയതും കോടതി കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറിയതും.

പിടികൂടിയ വ്യക്തിയുടെ പേര്, വയസ്, ജന്മവര്‍ഷം എന്നിവയിലെ സാമ്യവും,  മലയാളികളായതും ഫോട്ടോകളിലെ സമാനതയുമാണ് സാറാ തോമസിനെ അറസ്റ്റ് ചെയ്യാനിടയാക്കിയത്.  സാറാ വില്യംസ്, സാറാ തോമസ് തുടങ്ങി പല പേരുകളിലും മുങ്ങി നടക്കുന്നുണ്ട്. ഇതിന്റെ പേരില്‍ സാറാ തോമസിനെ എയര്‍പോര്‍ട്ടില്‍ ഇതിനു മുമ്പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ അത് തട്ടിപ്പുകാരിയെന്ന് സംശയിച്ചാണെന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.

ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസില്‍ പ്രതിയുടെ രൂപം, ഉയരം തുടങ്ങിയവ സംബന്ധിച്ച വ്യക്തിഗത വിവരണമുണ്ടെങ്കിലും ഇതൊന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാതെയാണ് എമിഗ്രേഷന്‍ അധികൃതര്‍ സാറാ തോമസിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ഉര്‍ന്നിട്ടുണ്ട്.

 എന്നാല്‍ ലുക്കൗട്ട് നോട്ടീസിലെ ഏതെങ്കിലും മൂന്ന് കാര്യങ്ങള്‍ ഒത്തുവന്നാല്‍ സംശയിക്കാമെന്ന നിയമമുള്ളതു കൊണ്ടാണ് സാറാ തോമസിനെ പിടികൂടിയതെന്നാണ്  എമിഗ്രേഷന്‍ അധികൃതരുടെ  വിശദീകരണം. സാറാ തോമസിന്റെ പേരിലുള്ള പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് സാറാ വില്യംസ് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.

മയ്യാനാട്ടുള്ള ഭര്‍ത്തൃസഹോദരന്‍, മറ്റ് ബന്ധുക്കള്‍, പുനലൂരിലുള്ള ബന്ധുക്കള്‍ തുടങ്ങിയവരെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാലാജിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പിടിയിലായത് സാറാ വില്യംസ് അല്ലെന്ന് ഉറപ്പാക്കിയത്. റാന്നിയില്‍നിന്ന് ബന്ധുക്കള്‍, ജനപ്രതിനിധികള്‍ പുരോഹിതര്‍ തുടങ്ങിയവരെത്തി കസ്റ്റഡിയിലുള്ളത് സാറാ തോമസ് ആണെന്ന് സ്ഥിരീകരിച്ചു.

കൂടാതെ മാതാപിതാക്കളും മകനും കൊല്ലത്ത് എത്തിയിരുന്നു. ശനിയാഴ്ച രാത്രി കൊല്ലത്ത് കൊണ്ടുവന്ന സാറയെ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ വനിതാ സെല്ലിലാണ് പാര്‍പിച്ചത്. ഞായറാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ജയിലിലടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ പറ്റി അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സാറാ തോമസ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Detained woman to move SHRC, Kollam, Arrest, Court, Police, Crime Branch, Chennai, Allegation, Dubai, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia