ഡയലോഗ് സെന്റര്‍ കേരള 'രചനാ പുരസ്‌കാരം' വാണിദാസ് എളയാവൂരിന്

 


കോഴിക്കോട്: (www.kvartha.com 29.12.2021) ഡയലോഗ് സെന്റര്‍ കേരള 'രചനാ പുരസ്‌കാരം' വാണിദാസ് എളയാവൂരിന് നല്‍കാന്‍ തീരുമാനിച്ചു. ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന  വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ രചിച്ച് വൈജ്ഞാനിക മേഖലയ്ക്ക് നല്‍കിയ സേവനത്തെ ആദരിച്ചു കൊണ്ടുള്ളതാണീ പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.

മത പാരസ്പര്യങ്ങളുടെയും സൗഹൃദങ്ങളുടെയും മൂലശിലയാവുന്നതാണ് വാണിദാസിന്റെ സാഹിത്യ രചനകളെന്ന് ഡയലോഗ് സെന്റര്‍ ഡയരക്ടര്‍ വ്യക്തമാക്കി. ഡിസംബര്‍ 31 വെള്ളിയാഴ്ച വൈകീട്ട് 4.30 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ സുധാകരന്‍ എം പി പുരസ്‌കാരം കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, സജീവ് ജോസഫ്, എംഎല്‍എ, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ്, ഫാദര്‍ ജോസഫ് കാവനാടിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

ഡയലോഗ് സെന്റര്‍ കേരള 'രചനാ പുരസ്‌കാരം' വാണിദാസ് എളയാവൂരിന്

വിശിഷ്ട അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച മുന്‍ കേരള സാഹിത്യ അകാഡെമി അംഗമായ വാണിദാസ് പ്രവാചക കഥകള്‍, മരുഭൂമിയില്‍ പിറന്ന മഹാ മനുഷ്യന്‍, ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം, ഇസ്ലാം സംസ്‌കൃതി: ചില സൗമ്യ വിചാരങ്ങള്‍, ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം, വേദഗ്രന്ഥം വഴി നയിക്കുമ്പാേള്‍, പുണ്യം പൂത്തിറങ്ങുന്ന റമദാന്‍, ഖുര്‍ആന്‍ സര്‍വാതിശായിയായ വേദഗ്രന്ഥം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിന് നല്‍കി. കൂടാതെ, ഖുര്‍ആന്‍ ലളിത സാരം, മുഹമ്മദ് നബി മാനുഷ്യകത്തിന്റെ മഹാചാര്യന്‍ എന്നിവയുടെ സഹഗ്രന്ഥകാരനുമാണ്. 

രചനയില്‍ ഒരനുശീലനം എന്ന പ്രബന്ധത്തിന് ഇന്‍സ്റ്റിറ്റിയൂട് ഓഫ് എഡുകേഷന്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി സദ്ഭാവന അവാര്‍ഡ്, മൈസൂര്‍ മലയാള സാഹിത്യ വേദിയുടെ കൈരളി അവാര്‍ഡ്, കെ സി അബ്ദുല്ല മൗലവി ചാരിറ്റബിള്‍ ഫൗന്‍ഡേഷന്‍ അവാര്‍ഡ്, തിരുവനന്തപുരം മുസ്ലിം അസോസിയേഷന്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിരുന്നു. 

ഭാര്യ: പരേതയായ കെ എം യശോദ. മക്കള്‍: അമര്‍നാഥ്, അജിത്കുമാര്‍, യശോധരന്‍, ധര്‍മേന്ദ്രന്‍. മരുമക്കള്‍: ശാന്തി, വിദ്യ, മായ, ആശ.

Keywords:  Kozhikode, News, Kerala, Award, Dialogue Center Kerala, Rachana Puraskaram, Vanidas Elayavoor, Dialogue Center Kerala 'Rachana Puraskaram' to Vanidas Elayavoor
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia