Controversy | ഒന്നൊന്നായി പീഡനകേസുകൾ വരിഞ്ഞു മുറുക്കുന്നു; ദിലീപിൻ്റെ വഴിയിലോ ജയസൂര്യ?
* ജയസൂര്യക്കെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA)ഒന്നൊന്നായി പീഢന കേസുകൾ വരാൻ തുടങ്ങിയതോടെ നടൻ ജയസൂര്യയുടെ കാര്യം പരുങ്ങലിലായി. രണ്ടാം നിരയിലെ മുൻ നിര നായക നടൻമാരിലൊരാളായ ജയസൂര്യ ഇപ്പോൾ അമേരിക്കയിലാണുള്ളത്. ലൈംഗിക പീഢന കേസുകളിൽ കുറ്റാരോപിതനായ ജയസൂര്യയെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും കേരളത്തിലേക്ക് വിളിച്ചു വരുത്തുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
എന്നാൽ തനിക്കെതിരെയുള്ള കേസുകളിൽ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കാൻ താരം അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട് കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ബന്ധപ്പെട്ടു ഇതിനായുള്ള നീക്കങ്ങൾ നടത്തിവരുന്നതായാണ് താരത്തിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മലയാള സിനിമയിൽ ദിലീപിന് ശേഷം സ്വന്തമായി ഒരു സ്റ്റാർഡമുണ്ടാക്കിയ രണ്ടാം നിര നായകനടൻ മാരിലൊരാളാണ് ജയസൂര്യ.
സ്വന്തമായി ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമുണ്ടാക്കാൻ ശേഷിയുള്ള ജയസൂര്യ ലൈംഗികവിവാദത്തിൽ കുടുങ്ങിയത് അദ്ദേഹത്തിൻ്റെ ഇമേജിന് ദോഷം ചെയ്തിട്ടുണ്ട്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് ജയസൂര്യയ്ക്കെതിരെ പൊലിസ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും.
ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
ജയസൂര്യ അടക്കം ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു
#Jayasurya #LegalIssues #ActorNews #MalayalamCinema #Dileep