പികെ ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിന് 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി; 15 പേര്‍ക്ക് പരസ്യ ശാസന, രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

 


കണ്ണൂര്‍: (www.Kvartha.com 14.08.2021) കണ്ണൂര്‍ സി പി എമില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി. സി പി എം ജില്ലാ കമിറ്റി അംഗവും ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍ പേഴ്‌സണും മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിനാണ് പാര്‍ടി അച്ചടക്ക നടപടി എടുത്തത്.



പികെ ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിന് 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി; 15 പേര്‍ക്ക് പരസ്യ ശാസന, രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയും, രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് ഏരിയാ കമിറ്റി പരിധിയില്‍ പെടുന്ന 17 പേര്‍ക്കെതിരേയാണ് പാര്‍ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോകെല്‍ കമിറ്റി അംഗങ്ങളും ഇതില്‍പെടും.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്ക് ആധാരം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. പാര്‍ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെ പികെ ശ്യാമളയ്‌ക്കെതിരേ സൈബറിടങ്ങളില്‍ വ്യാപകമായ രീതിയില്‍ മോശമായ ഭാഷയിലും വിമര്‍ശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവര്‍കെതിരെ ഉന്നയിക്കുന്ന കുറ്റം.

പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എ, ടിഐ മധുസൂദനന്‍, എന്‍ ചന്ദ്രന്‍ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമിഷന്‍ പാര്‍ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമിഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി.

ഇവര്‍ പികെ ശ്യാമളയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാര്‍ടിക്കും സിപിഎം. നേതാക്കള്‍ക്കുമെതിരെയുള്ള പോസ്റ്റില്‍ ലൈകും ചെയ്തുവെന്ന് പാര്‍ടി നിയമിച്ച അന്വേഷണ കമിഷന്‍ കണ്ടെത്തി. തുടര്‍ന്നായിരുന്നു നടപടി.

Keywords: Disciplinary action against 17 members of Kannur CPM, Kannur, News, Suspension, Politics, CPM, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia