Controversy | തൃശൂര്‍ പൂരത്തിലെ വിവരാവകാശ മറുപടി; ഡി വൈ എസ് പി എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
● അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും നിര്‍ദേശം
● നടപടി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍
തൃശ്ശൂര്‍ പൂരം: (KVARTHA) തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടി. തൃശ്ശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡി വൈ എസ് പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.
ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി. ഡി വൈ എസ് പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപേക്ഷ ലഭിച്ച് മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നല്‍കിയെന്നും ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.
സുപ്രധാന ചോദ്യമായിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താതെയായിരുന്നു ഒരു മാധ്യമത്തിന് മറുപടി നല്‍കിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍, തൃശൂര്‍പൂരം വിവാദം തുടങ്ങി നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പൊലീസ് വിവരാവകാശ നിയമപ്രകാരം എംഎസ് സന്തോഷ് നല്‍കിയ മറുപടി. ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ്, പൊലീസ് നടപടികളെ തുടര്‍ന്ന് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നത്. തുടര്‍ന്ന് ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കി.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കി.
തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും ആവശ്യപ്പെട്ടു. തൃശൂര്‍ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും അന്വേഷണം നടത്തിയിട്ടില്ലെന്ന മറുപടിയായിരുന്നു വിവരാവകാശ പ്രകാരം നല്‍കിയത്.
#ThrissurPooram #DYSPAction #KeralaPolice #RTIControversy #CMVijayan #DisciplinaryAction