Dispute | എന്‍ജിഒ യൂണിയന്‍കാരോടാണ്: 'നിങ്ങള്‍ നിരീക്ഷണത്തിലാണ്, നിരീക്ഷിക്കുന്നത് ജോയിന്റ് കൗണ്‍സില്‍'; കോന്നിയില്‍ കാണിച്ചതിന് പകരം ചോദിച്ചേ അടങ്ങൂവെന്ന് സിപിഐ സര്‍വീസ് സംഘടന; തിരിച്ച് നിരീക്ഷിക്കാന്‍ എന്‍ജിഒ യൂണിയനും
Feb 25, 2023, 14:08 IST
/ അജോ കുറ്റിക്കൻ
കോന്നി: (www.kvartha.com) താലൂക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര വിവാദമായതിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ സർവീസ് സംഘടനകൾ തമ്മിലുള്ള പോര് മുറുകുന്നു. സിപിഎം - സിപിഐ പാർടികൾ തങ്ങളുടെ സർവീസ് സംഘടനകളെ ഉപയോഗിച്ചാണ് പോർമുഖം തുറന്നിരിക്കുന്നത്.
എൻജിഒ യൂണിയന്റെ സമ്മേളനങ്ങൾ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ജോയിന്റ് കൗൺസിൽ മുന്നോട്ട് പോകുമ്പോൾ റവന്യൂ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള സിപിഐയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെയും എൻജിഒ യൂണിയനും സജ്ജമാക്കിയിട്ടുണ്ട്. സംഘടനകൾ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എൻജിഒ യൂണിയന്റെ ഏരിയ സമ്മേളനങ്ങളിൽ പങ്കെടുത്തവരിൽ മിക്കവരും ഹാജർ രേഖപ്പെടുത്തി മുങ്ങിയതാണെന്ന വിവരം പുറത്തുവന്നത്.
സംഭവം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ജോയിന്റ് കൗൺസിലിന്റെയും കേരള റവന്യൂ ഡിപാർട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെയും മുതിർന്ന നേതാക്കളാണെന്നാണ് എൻജിഒ യൂണിയന്റെ ആരോപണം. താലൂക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര സ്പോൺസർ ചെയ്തത് പാറമട ലോബിയാണെന്നുള്ള കെയു ജിനീഷ് കുമാർ എംഎൽഎയുടെ ആരോപണമാണ് ജോയിന്റ് കൗൺസിലിനെയും ചൊടിപ്പിച്ചത്.
ജോയിന്റ് കൗൺസിലിന്റെയും എൻജിഒ യൂണിയന്റെയും സമ്മേളനങ്ങൾ നടക്കുന്ന സമയമായതിനാൽ ജാഗ്രതയോടെ സമ്മേളനങ്ങൾ നടത്താൻ ഇരു പാർടികളും ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകിയതായാണ് അറിയുന്നത്. അതേസമയം എൻജിഒ യൂണിയന്റെ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ പ്രവർത്തകർ കടന്നുകയറി വീഡിയോയും മറ്റും ചിത്രീകരിക്കുന്നതായും ഇതിന് പിന്നിൽ ജോയിൻറ് കൗൺസിലാണെന്നും എൻജിഒ യൂണിയൻ ആരോപിക്കുന്നു.
Keywords: News,Kerala,State,Pathanamthitta,CPM,CPI,Politics,party,Top-Headlines,Trending,Clash, Dispute between service organizations in Pathanamthitta district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.