Detainment | ദിവ്യയുടെ റിമാന്‍ഡ് സിപിഎമ്മിന് ക്ഷീണമായി, നടപടിയെടുത്ത് വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ പാര്‍ട്ടി നേതൃത്വം
● കാരാഗ്യഹത്തിലേക്ക് പോയത് തല കുനിച്ച് പ്രസന്നഭാവം നഷ്ടപ്പെട്ട നിര്‍വികാരതയോടെ
● ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോഴും തലകുനിച്ചിരുന്നു
● മാധ്യമങ്ങള്‍ക്കും പരിചയക്കാരായ പൊലീസുകാര്‍ക്കും മുഖം കൊടുത്തില്ല
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ പാര്‍ട്ടിയുടെ വനിതാ മുഖമായിരുന്ന പിപി ദിവ്യ ജയിലിനകത്തായത് സിപിഎം നേതൃത്വത്തിന് ക്ഷീണമായി. വിവാദങ്ങളില്‍ നിന്നും തലയൂരുന്നതിനായി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും തരംതാഴ്ത്താനാണ് പാര്‍ട്ടി തീരുമാനം.
ഒക്ടോബര്‍ 30 ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. തളിപ്പറമ്പില്‍ ഒരു മാസത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനം വരെ ഇതിനായി കാത്തു നില്‍ക്കേണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരിന്റെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന പിപി ദിവ്യയെന്ന ഇടതു വനിതാ നേതാവ് കാരാഗ്യഹത്തിലേക്ക് പോയത് തല കുനിച്ച് പ്രസന്നഭാവം നഷ്ടപ്പെട്ട നിര്‍വികാരതയോടെയാണ്. ഒരു കാലത്ത് താന്‍ നിരവധി പരിപാടികളില്‍ ഉദ് ഘാടകയായി എത്തിയ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനകത്തെ സെല്ലില്‍ അന്തേവാസിയായി കണ്ണൂരിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന പിപി ദിവ്യ എത്തിയത് തികച്ചും യാദൃശ്ചികമായാണ്.
ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്. മാധ്യമങ്ങള്‍ക്കും പരിചയക്കാരായ പൊലീസുകാര്‍ക്കും മുഖം കൊടുത്തില്ല. ചോദ്യം ചെയ്യലില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. തന്റെ വിമര്‍ശനം അഴിമതിക്കെതിരെ പൊതുവെ നടത്തിയ വിമര്‍ശനത്തിന്റെ ഭാഗമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ വിശദീകരണം.
ഒരിടത്തും ശബ്ദമിടറാതെ നിര്‍ന്നിമേഷയോടെയായിരുന്നു മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനെ പിപി ദിവ്യ നേരിട്ടത്. ഇതിനു ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി പി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിത ജയിലിലേക്ക് മാറ്റി.
രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂര്‍ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. അതേസമയം, പി പി ദിവ്യ ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.
പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരുമെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പിപി ദിവ്യ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പിപി ദിവ്യയ്‌ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്.
സാധാരണ പുറപ്പെടുവിക്കാറുള്ള മുന്‍കൂര്‍ ജാമ്യ ഉത്തരവുകളേക്കാള്‍ സമഗ്രമായ വിധിയില്‍ കേസിന്റെ നിയമപരമായ നിലനില്‍പ് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി.
ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ് സസ് അരുണ്‍ കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ കണക്കിലെടുക്കേണ്ട പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും ഉത്തരവില്‍ കോടതി പങ്കുവയ്ക്കുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പാഠമാവുകയാണ് കോടതി വിധി. എന്നാല്‍ കീഴ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈകോടതിയില്‍ നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നാണ് ദിവ്യയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
#DivyaRemand #KeralaPolitics #CPM #Kannur #RemandCrisis #DivyaBail