Sreelakshmi's death | ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല; നല്‍കിയത് ഗുണനിലവാരമുള്ള മരുന്ന്; മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയേല്‍ക്കാന്‍ കാരണമെന്ന് ഡിഎംഒ

 


പാലക്കാട്: (www.kvartha.com) കഴിഞ്ഞദിവസം പേവിഷ ബാധയെ തുടര്‍ന്ന് മരിച്ച പാലക്കാട് മങ്കലരയിലെ ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ലെന്ന് ഡിഎംഒ ഡോ കെ പി റീത്ത. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും വളര്‍ത്തുനായയുടെ കടിയേറ്റപ്പോഴുണ്ടായ മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയേല്‍ക്കാന്‍ കാരണമെന്നും ഡിഎംഒ വ്യക്തമാക്കി.

Sreelakshmi's death | ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല; നല്‍കിയത് ഗുണനിലവാരമുള്ള മരുന്ന്; മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയേല്‍ക്കാന്‍ കാരണമെന്ന് ഡിഎംഒ


മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ കോളജില്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തിരുന്നു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിന്‍ കൂടി എടുത്തു.

ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് എടുത്തത്. ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡികല്‍ കോളജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ചെയോടെ മരണം സംഭവിച്ചു.

സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപിഡ് റെസ്പോണ്‍സ് ടീം വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ശ്രീലക്ഷ്മിക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. കടിച്ച വളര്‍ത്തുനായയ്ക്ക് വാക്സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

ഇതേ നായ അതിന്റെ ഉടമയേയും കടിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് തവണ കടിയേറ്റിരുന്നു എന്നാണ് അറിയുന്നത്. വാക്സിന്‍ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും. അന്നേദിവസം നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്.

ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡികല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.

Keywords: DMO response on Sreelakshmi's death, Palakkad, News, Dead, Student, Hospital, Treatment, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia