AA Rahim | 'അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിവൈഎഫ്‌ഐയെ പോറലേല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട'; മനു തോമസ് പാര്‍ടിവിട്ട സംഭവത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന് എഎ റഹീം
2023-നുശേഷം പാര്‍ടി യോഗങ്ങളില്‍ മനു തോമസ് പങ്കെടുത്തിരുന്നില്ല.
പാര്‍ടിയംഗത്വം പുതുക്കാനും തയ്യാറായില്ല.
ജില്ലാ കമിറ്റിയംഗത്തിനെതിരെ മനു നല്‍കിയ പരാതിയില്‍ അനുകൂല നിലപാട് ഉണ്ടായില്ല.
കണ്ണൂര്‍: (KVARTHA) സിപിഎം ജില്ലാ കമിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസ് പാര്‍ടിവിട്ട വിഷയത്തില്‍ പ്രത്യേകിച്ച് പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്‍ഡ്യാ അധ്യക്ഷന്‍ എഎ റഹീം. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രടറി മറുപടി പറയുമെന്നും ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിവൈഎഫ്‌ഐയെ പോറലേല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും റഹീം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആലക്കോട് ഏരിയ സെക്രടറി സാജന്‍ ജോസഫിനെ മനു തോമസിന്റെ ഒഴിവിലേക്ക് ഉള്‍പെടുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമിറ്റി യോഗം തീരുമാനിച്ചു. അതോടെയാണ് പാര്‍ടിയുമായുള്ള ബന്ധം വിടാനുള്ള മനുവിന്റെ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായത്.
2023 ഏപ്രില്‍ 13-നുശേഷം ജില്ലാ കമിറ്റി യോഗങ്ങളിലോ, മറ്റ് യോഗങ്ങളിലോ പാര്‍ടി പ്രവര്‍ത്തനങ്ങളിലോ മനു തോമസ് പങ്കെടുത്തിരുന്നില്ല. പിന്നീട് പാര്‍ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം പലതവണ സമീപിച്ചെങ്കിലും അതിനും തയ്യാറായതുമില്ല.
എസ്ഫ്‌ഐയിലൂടെ പാര്‍ടിയിലേക്ക് വന്ന തളിപ്പറമ്പ് ബ്ലോക് പഞ്ചായത് മുന്‍ പ്രസിഡന്റാണ് മനു തോമസ്. പാര്‍ടി ഭരണഘടനയനുസരിച്ച് അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്നുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ വ്യക്തമാക്കി.
നേരത്തെ, സ്വര്‍ണക്കടത്ത്-ക്വടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാര്‍ടിക്ക് പരാതി നല്‍കിയത് വിവാദമായിരുന്നു. പരാതിയില്‍ അനുകൂല നിലപാട് ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാര്‍ടി വിടുന്നതെന്നും മനു പറയുന്നു.
ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങള്‍ പാര്‍ടിയുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്ന് സംഭവിച്ചിട്ടുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഈ കാര്യങ്ങള്‍ തിരുത്തപ്പെടേണ്ടത്. ഈ ആവശ്യമാണ് ഞാന്‍ ഉന്നയിച്ചത്. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നിവരുമായി പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നു. അവര്‍ അതിനെ ദുരുപയോഗം ചെയ്തതാണ്. ഇന്നും ഇത്തരത്തില്‍ പല സ്ഥലങ്ങളിലും പാര്‍ടി ബന്ധം ദുരുപയോഗിക്കപ്പെടുന്നുണ്ടെന്ന് മനു തോമസ് പറഞ്ഞു.