'ഇതര മതസ്ഥരായ പൗരന്മാര്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന പ്രാകൃതനിയമം ഇപ്പോഴും നിലനില്‍ക്കുന്നു, അന്തരിച്ച കലാമണ്ഡലം ഹൈദരാലിക്കും ഗായകന്‍ യേശുദാസിനും ഇതുവരെയും ആഗ്രഹസാഫല്യം ലഭിച്ചില്ല'; മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതിന് ദേവസ്വം നേതൃത്വം നര്‍ത്തകിയോട് മാപ്പ് പറയണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമിറ്റി
Mar 29, 2022, 15:16 IST
തിരുവനന്തപുരം: (www.kvartha.com 29.03.2022) അമ്പലത്തിലെ നൃത്തോത്സവത്തില്‍ പ്രശസ്ത നര്‍ത്തകി മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതിന് ദേവസ്വം നേതൃത്വം നര്‍ത്തകിയോട് മാപ്പ് പറയണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമിറ്റി. പരിപാടി ചാര്‍ട് ചെയ്തതിന് ശേഷമാണ് മന്‍സിയക്ക് അവസരം നിഷേധിച്ചത്. അതും 'അഹിന്ദു' ആണെന്നതിന്റെ പേരില്‍. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച നൃത്തപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിന്റെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കമിറ്റി അറിയിച്ചു.
സമുന്നത കലാപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍ അടക്കമുള്ള ഇതര മതസ്ഥരായ പൗരന്മാര്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന പ്രാകൃതനിയമം നിലനില്‍ക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്ന ഗായകന്‍ യേശുദാസിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. വിശ്വപ്രസിദ്ധ കഥകളി ഗായകന്‍ അന്തരിച്ച കലാമണ്ഡലം ഹൈദരാലിക്ക് ഒരിക്കലും ക്ഷേത്രവേദികളിലെ കളിയരങ്ങുകളില്‍ പാടാന്‍ കഴിഞ്ഞിട്ടില്ല. മകന്‍ മറ്റൊരു മതത്തില്‍ ജനിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ തെയ്യം കലാകാരനെ വിലക്കുന്ന അനീതിക്കും ഈയിടെ കേരളം സാക്ഷ്യം വഹിച്ചു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ദുരാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കാന്‍ സുപ്രീം കോടതിയും സര്‍കാരും ശ്രമിച്ചപ്പോള്‍ അതിനെ 'സുവര്‍ണാവസര'മായിക്കണ്ട് കലാപമുണ്ടാക്കാന്‍ മതഭീകരര്‍ ശ്രമിച്ചത് നമ്മള്‍ കണ്ടു. ഇതരമതസ്ഥര്‍ക്ക് മാത്രമല്ല, ഹിന്ദുമതത്തിലെ പിന്നോക്ക ദളിത് സമുദായങ്ങളില്‍ ജനിച്ചു എന്ന കുറ്റം ചുമത്തി സമുന്നത കലാകാരന്മാരെ പടിപ്പുറത്തു നിര്‍ത്തുന്ന സമ്പ്രദായം ചില ക്ഷേത്രങ്ങളില്‍ ഇന്നും തുടരുന്നു. വാദ്യകലാകാരന്മാരായ പെരിങ്ങോട് ചന്ദനും കല്ലൂര്‍ ബാബുവിനുമുള്ള ജാതിഭ്രഷ്ട് ഇന്നും തുടരുകയാണ്.
ഇത്തരം മത/ജാതി/ലിംഗ ഭ്രഷ്ടുകള്‍ക്കെതിരെ നിയമനിര്‍മാണം ഉണ്ടാകണം. അതിനാവശ്യമായ ബഹുജനവികാരമാണ് ആദ്യം ഉയര്‍ന്ന് വരേണ്ടത്. 'അഹിന്ദുക്കള്‍ പ്രവേശനമില്ല' എന്ന ബോര്‍ഡ് ഇരുന്ന സ്ഥലത്ത് മുന്‍പ് 'അവര്‍ണര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഉണ്ടായിരുന്നത് എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.
കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നിലെ വഴിയില്‍ കൂടി സഞ്ചരിക്കാന്‍ പോലും പിന്നാക്ക ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കമ്യൂനിസ്റ്റ് പാര്‍ടി സമരം ചെയ്താണ് ആ അവകാശം നേടിയെടുത്തത്.
മന്‍സിയ നേരിട്ട അനീതിക്കെതിരായ പ്രതിഷേധത്തിലൂടെ കേരളത്തിലെ ക്ഷേത്രവാതിലുകള്‍ മനുഷ്യരായി ജനിച്ച മുഴുവന്‍ പേര്‍ക്കും മുന്നില്‍ തുറക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമിറ്റി അംഗങ്ങള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.