● കണ്ണൂർ ജില്ലയിലെ ഇരിട്ടി കിളിയന്തറയിൽ ആണ് സംഭവം.
● വിൻസെൻ്റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
● അയൽവാസി ഒഴുക്കിൽപെട്ടത് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
കണ്ണൂർ: (KVARTHA) ഇരിട്ടി കിളിയന്തറയിലെ ചരൾ പുഴയിൽ ഒൻപതു വയസുകാരനും അയൽവാസിയും മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശികളായ വിൻസെൻ്റ് (42), അയൽവാസിയുടെ മകൻ ആൽബിൻ (9) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ചരൾ പുഴയോരത്തുള്ള വിൻസെൻ്റിൻ്റെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇരുവരും.
ഉച്ചയ്ക്ക് ഒരു മണിയോടെ ആൽബിൻ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായി ആൽബിൻ അപകടത്തിൽപ്പെട്ടപ്പോൾ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വിൻസെന്റും ഒഴുക്കിൽപ്പെടുകയും ഇരുവരും മുങ്ങിപ്പോവുകയുമായിരുന്നുവെന്നാണ് വിവരം.
നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും ശ്രമഫലമായി ഇരുവരെയും പുഴയിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവം പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഇരിട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
#Kannur #drowning #riveraccident #tragedy #Kerala #accident