'കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ചു വീഴും' സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ശിംന അസീസ്

 


തിരുവനന്തപുരം: (www.kvartha.com 11.05.2021) കോവി‍‍ഡ് 19 ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും കോവിഡ് എന്ന മഹാമാരിയെ കുറിച്ച് ഭീതി പരത്തുന്നതും അശാസ്ത്രീയവുമായ പല സന്ദേശങ്ങളും പ്രചരിക്കുകയാണ്. അതിൽ ചിലതാണ് 'കുട്ടികൾക്ക്‌ ബിസ്‌കറ്റ്‌, മിഠായി ഒക്കെ വാങ്ങിയാൽ 'സാനിറ്റൈസർ' ചെയ്യണം', 'കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ചു വീഴും തുടങ്ങിയവ. എന്നാൽ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ തുറന്ന് പറയുകയാണ് ഡോ. ശിംന അസീസ്.

'കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ചു വീഴും' സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ശിംന അസീസ്

ഡോ. ശിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റ്

കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികൾ തുരുതുരാ മരിച്ച്‌ വീഴുമെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടില്ല സുഹൃത്തേ...

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രക്ഷിതാക്കളിൽ ഒരാളോ രണ്ട്‌ പേരോ തന്നെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക്‌ കൊടുക്കേണ്ട പ്രത്യേക ശ്രദ്ധയിലൂന്നിയാണ്‌ സുപ്രീം കോടതി ജുവനൈൽ ജസ്‌റ്റിസ്‌ കമിറ്റി ചെയർ പേഴ്‌സൺ രവീന്ദ്ര ഭട്ട്‌ സംസാരിച്ചത്‌. അങ്ങനെ ഒറ്റപ്പെട്ട്‌ പോയ മക്കൾക്ക്‌ എന്തൊക്കെ രീതിയിൽ ശ്രദ്ധ കൊടുക്കണം, ആർക്കൊക്കെ അവരെ ഏറ്റെടുക്കാം, അവരെ ശ്രദ്ധിക്കുന്ന കെയർ ഹോമുകളിൽ ഉള്ളവർ വാക്‌സിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ്‌ യുനിസെഫുമായി നടന്ന ആ ചർചയിൽ മുഖവിലക്കെടുത്ത പ്രധാന വസ്‌തുതകൾ. അല്ലാതെ മൂന്നാം തരംഗം മക്കളെ കൊല്ലുമെന്നല്ല, എവിടുന്ന്‌ കിട്ടുന്നു ഈ ജാതി തർജമകൾ???

'കുട്ടികൾക്ക്‌ ബിസ്‌കറ്റ്‌, മിഠായി ഒക്കെ വാങ്ങിയാൽ 'സാനിറ്റൈസർ' ചെയ്യണം', 'അവരെ കൊണ്ട്‌ പുറത്ത്‌ പോകുമ്പോൾ ഹെൽതിൽ അറിയിക്കണം' എന്നൊന്നുമുള്ള നിർദേശങ്ങൾ എങ്ങുമില്ല. വൃത്തിയുള്ള വസ്‌തു കുട്ടികൾക്ക്‌ കഴിക്കാൻ നൽകണമെങ്കിൽ അങ്ങനെ മാത്രം പറഞ്ഞാൽ മതി. ഓവറാക്കി ചളമാക്കേണ്ട. പിന്നെ, സാനിറ്റൈസർ ഒരു കാരണവശാലും ഭക്ഷണത്തിൻമേൽ ഉപയോഗിക്കാനുള്ളതല്ല. രക്ഷിതാവ്‌ കൈകൾ നന്നായി കഴുകി, പാകിനകത്തുള്ള ഭക്ഷ്യവസ്‌തു എങ്ങും തൊടാതെ വൃത്തിയോടെ കുഞ്ഞിനെടുത്ത്‌ കൊടുക്കുന്നതാണ്‌ ശരിയായ രീതി. തുറന്ന്‌ വെച്ച പരുവത്തിലുള്ള പുറത്ത്‌ നിന്നുള്ള ഫുഡ്‌ പാടേ ഒഴിവാക്കാം.

പറഞ്ഞ്‌ വന്നത്‌ എന്താച്ചാൽ, മക്കൾക്ക്‌ ഭക്ഷണം കൊടുക്കാൻ പോലും മാതാപിതാക്കൾക്ക്‌ കൈയും കാലും വിറക്കുന്ന രീതിയിൽ എഴുതി വെക്കരുത്‌. മുൻകരുതലിന്‌ പെയിന്റടിച്ച്‌ പ്രദർശിപ്പിക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു കുറവും അറിഞ്ഞോണ്ട്‌ ആരും വരുത്താറുമില്ല.
കുട്ടികളെ 'അത്യാവശ്യങ്ങൾക്കല്ലാതെ പുറത്ത്‌ കൊണ്ട്‌ പോകരുത്‌' എന്ന മെസേജാണ്‌ പറയാനുള്ളതെങ്കിൽ അത്‌ നേരിട്ട്‌ പറയൂ, സമൂഹത്തിൽ പരിഭ്രാന്തി പരത്തരുത്‌, വ്യാജവാർത്ത പ്രചരിപ്പിക്കരുത്‌.

'അവരെ കളിക്കാൻ വിടരുത്‌' എന്ന്‌ പറഞ്ഞോളൂ, അവർ രോഗം വീട്ടിലേക്ക്‌ കൊണ്ട്‌ വരാനുള്ള സാധ്യത അത്രയും കുറയും. അതിന്‌ ഇനി വരുന്നത്‌ കുട്ടികളെ കൊല്ലുന്ന കോവിഡ്‌ എന്നൊക്കെ പറഞ്ഞ്‌ ഞെട്ടിക്കാൻ നിന്നാൽ ചെയ്യുന്നത്‌ സാമൂഹ്യദ്രോഹമാണെന്ന്‌ നിസംശയം പറയേണ്ടി വരും.
സമൂഹത്തിൽ ഭീതിയും ആശങ്കയും പരത്തിയല്ല ആരും ഇവിടെ രോഗപ്രതിരോധപ്രവർത്തനം നടത്തേണ്ടത്‌.

ഇതൊക്കെ വായിച്ചും കേട്ടും ഉറക്കം നഷ്‌ടപ്പെടുകയും മിടിപ്പ്‌ കൂടുകയും കരയുകയും തല മരവിക്കുകയും ചെയ്യുന്ന അതിസാധാരണക്കാരായ മനുഷ്യരെ ഓർത്തെങ്കിലും, കുടുംബഗ്രൂപുകളിൽ ചവച്ച്‌ തുപ്പിയിടുന്നതെന്തും അമൃതെന്ന്‌ മാത്രം കരുതുന്ന പാവം മനുഷ്യരെ ഓർത്തെങ്കിലും വായിൽ തോന്നിയ ഇമ്മാതിരി തോന്നിവാസം എഴുതി പരത്തരുത്‌.

ഭാവന വിടരാൻ ഇത്‌ കഥയല്ല, മഹാമാരി മക്കളെ പറിച്ച്‌ കൊണ്ട്‌ പോകുമെന്ന ഇല്ലാക്കഥയാണ്‌. വൈറലാവാൽ നോക്കേണ്ടത്‌ വല്ലോർടേം നെഞ്ചത്ത്‌ ചവിട്ടിയുമല്ല. കുട്ടികളെ മാത്രമായി ബാധിക്കുന്ന, ഇല്ലായ്‌മ ചെയ്യുന്ന ഒന്നും നിലവിൽ ഇവിടെയില്ല. ഇത്തരം പ്രചാരണം തികച്ചും അശാസ്‌ത്രീയമാണ്‌, വസ്‌തുതാവിരുദ്ധമാണ്‌.
പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും. ഇതെല്ലാം തന്നെ കടന്ന്‌ പോകും.


Keywords: News, Facebook, Fake, Kerala, State, Doctor, COVID-
19, Corona, Social Media, Viral, Dr Simna Aziz facebook on covid fake messages.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia