ബാത്ത്‌റൂമില്‍ ഒളിഞ്ഞുനോക്കിയ എംപിയുടെ ഡ്രൈവര്‍ സീന്‍കണ്ട് ഞെട്ടി

 


കോഴിക്കോട്: (www.kvartha.com 07.08.2015) കഴിഞ്ഞ ദിവസം കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ എംപിയുടെ ഡ്രൈവര്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ഒളിഞ്ഞുനോക്കിയ വയനാട് എംപി എം.ഐ. ഷാനവാസിന്റെ ഡ്രൈവര്‍ നൗഷാദ് പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെയാണ് നൗഷാദ് കോഴിക്കോട് തൊണ്ടായാട്ടെ അധ്യാപകന്റെ വീട്ടില്‍ കുളിസീന്‍ കാണുന്നതിനായി ബാത്ത്‌റൂമില്‍ ഒളിഞ്ഞുനോക്കിയത്. എംപിയുടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായതിനാലാവാം നല്ല മെയ്‌വഴക്കത്തോടെയായിരുന്നു നൗഷാദ് ഭിത്തിയിലൂടെ ചവിട്ടിക്കയറിയത്.

ബാത്ത് റൂമില്‍ ലൈറ്റ് ഉണ്ടായിരുന്നു. കുളിക്കുന്ന ശബ്ദം പുറത്തു നിന്നും കേള്‍ക്കാമായിരുന്നു. ഭിത്തിയിലെ ഗ്രില്ലിനിടയിലൂടെ നോക്കിയ നൗഷാദിന് സീനൊന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തല പതിയെ അകത്തേക്കു കടത്തി. തല കടത്തിയ ഉടന്‍ കുളിമുറിയിലെ സീന്‍ കണ്ട് നൗഷാദ് ഞെട്ടി. പ്രതീക്ഷയ്ക്കു വിഭിന്നമായി വീട്ടുടമയായ അധ്യാപകനായിരുന്നു കുളിച്ചുകൊണ്ടിരുന്നത്. ഇത് കണ്ടതും നൗഷാദ് തല പുറത്തേക്ക് വലിച്ചു. പക്ഷേ ഭിത്തില്‍ സ്ഥാപിച്ചിരുന്ന ഗ്രില്ലിനിടയിലൂടെയാണ് തലയിട്ടതെന്ന് പാവം ഓര്‍ത്തില്ല. ഗ്രില്ലിനിടയില്‍ കുടുങ്ങിയ തല വലിച്ചൂരാന്‍ ആവുന്നത്ര ശ്രമിച്ചു.

അപ്പോഴേക്കും കുളിച്ചുകൊണ്ടുനിന്ന അധ്യാപകന്‍ ശബ്ദം കേട്ട് മുകളിലേക്ക് നോക്കി. കുറുക്കന്‍ കോഴിക്കൂട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മനസിലാക്കിയ അധ്യാപകന്‍ പ്രകോപനമൊന്നുമില്ലാതെ സാവധാനം കുളി പൂര്‍ത്തിയാക്കി. തുടര്‍ന്ന് പുറത്തെത്തി നാട്ടുകാരെയെല്ലാം വിവരമറിയിച്ചു. ഉടന്‍തന്നെ നാട്ടുകാരെല്ലാം ഓടിക്കൂടി കുറുക്കന്റെ തല പതിയെ ഗ്രില്ലിനിടയില്‍ നിന്നും ഊരിയെടുത്തു. സീന്‍കാണാന്‍ ഭിത്തിയില്‍ വലിഞ്ഞുകയറുമ്പോള്‍ പരിസരത്തെങ്ങും ആരുമില്ലായിരുന്നു. തല പുറത്തെടുത്തപ്പോള്‍ കണ്ടത് ഒരുകൂട്ടം ആളുകള്‍ ടോര്‍ച്ചും കുറുവടിയുമായി കാത്തുനില്‍ക്കുന്ന കാഴ്ച്ച. എല്ലാം അഞ്ച് മിനുട്ടിനുള്ളില്‍ സംഭവിച്ചു.

അടി തുടങ്ങിയപ്പോഴേക്കും കുറുക്കന്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍തന്നെ ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അധ്യാപകന്‍ മാന്യനായതിനാലും പോലീസ് കൃത്യനിഷ്ടതയോടെ ഉടന്‍ എത്തിയതിനാലും കുറുക്കന്റെ തടി കൂടുതല്‍ കേടായില്ല. അധ്യാപകനു പരാതിയില്ലാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുത്തു. സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോഴും കുറുക്കന് രാജകീയ സ്വീകരണമായിരുന്നു. എംപിയുടെ ഡ്രൈവര്‍കൂടി ആയതിനാല്‍ പരിസരവാസികളും നാട്ടുകാരും കുറുക്കനെ ഒരുനോക്കു കാണാന്‍ സ്‌റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. പിന്നെ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

കുറുക്കനെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പുളിച്ച തെറിയഭിഷേകത്തിന്റെ അകമ്പടിയും കൂട്ടിനുണ്ടായിരുന്നു. കോടതിയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഇനിയൊരിക്കലും ഇത്തരമൊരു പ്രവര്‍ത്തിക്കു മുതിരില്ലെന്ന ദൃഡപ്രതിജ്ഞയെടുത്തതായി കുറുക്കന്റെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.
Keywords:  Man held for peeping in Kozhikode, House, Complaint, Police, Case, Kerala, Driver held for peeping.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia