ഇനി നിരത്തിലിറങ്ങേണ്ട; ഇ ബുള്‍ജെറ്റ് വ് ളോഗര്‍മാരുടെ നെപോളിയന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി മോടോര്‍ വാഹന വകുപ്പ്

 


കണ്ണൂര്‍: (www.kvartha.com 10.08.2021) നാടകീയരംഗങ്ങളൊന്നും വിലപോയില്ല, ഇ ബുള്‍ജെറ്റ് വ് ളോഗര്‍മാരുടെ നെപോളിയന്‍ എന്ന കാരവന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി മോടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോടോര്‍ വാഹനവകുപ്പ് ചട്ടം 51(അ) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.

ഇനി നിരത്തിലിറങ്ങേണ്ട; ഇ ബുള്‍ജെറ്റ് വ് ളോഗര്‍മാരുടെ നെപോളിയന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി മോടോര്‍ വാഹന വകുപ്പ്

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളും സഹോദരങ്ങളുമായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മോടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു.

വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി വ്‌ളോഗര്‍ സഹോദരന്‍മാരോട് തിങ്കളാഴ്ച ആര്‍ ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓഫിസിനുള്ളില്‍ വച്ച് ഇവര്‍ ഫേസ്ബുകില്‍ കരഞ്ഞുകൊണ്ട് ലൈവ് വിഡിയോ ഇടുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇവരുടെ വിഡിയോ കണ്ട് നിരവധി ആരാധകരാണ് ആര്‍ ടി ഓഫിസ് പരിസരത്ത് എത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപോളിയന്‍ എന്ന കാരവനെതിരെയും കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം മോടോര്‍ വാഹന വകുപ്പ് സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതും അടക്കമുള്ള നിയമലംഘനങ്ങളാണ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.

അതേസമയം ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ നടപടിയുമായി പൊലീസും രംഗത്തെത്തി. കഴിഞ്ഞദിവസം ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാരായ എബിനും ലിബിനും അറസ്റ്റിലായതിന് പിന്നാലെ കേരളം കത്തിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിന്റെ ഫോളോവേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് കേരളം കത്തിക്കുമെന്ന് ആഹ്വാനം ചെയ്തത്.

കലാപമുണ്ടാക്കുന്നതിനു തുല്യമാണ് ഇവരുടെ ആഹ്വാനമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപോര്‍ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ പ്രചരണം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വ്‌ളോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിനെ തുടര്‍ന്ന് തടിച്ചുകൂടിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Keywords:  e-Bullet Vloggers Vehicle registration canceled by motor vehicle department, Kannur, News, Vehicles, Cancelled, Police, Remanded, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia