UDF Kottayam | കോട്ടയത്ത് സജി മഞ്ഞക്കടമ്പിലിന് പകരം ഇ ജെ ആഗസ്തി യു ഡി എഫ് ജില്ലാ ചെയർമാൻ; മോൻസ് ജോസഫിന്റെ നോമിനിയെ പരിഗണിക്കാതെ കോൺഗ്രസ് ഇടപെടൽ; കേരള കോൺഗ്രസിലെ തർക്കത്തിൽ അതൃപ്തിയോ?
Apr 7, 2024, 16:57 IST
കോട്ടയം: (KVARTHA) നേതൃത്വത്തോട് കലഹിച്ച് പാർടിയും മുന്നണിയും വിട്ട സജി മഞ്ഞക്കടമ്പിലിന് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി കേരള കോൺഗ്രസ് മുതിർന്ന നേതാവ് ഇ ജെ ആഗസ്തിയെ നിയമിച്ച് തീരുമാനമായി. അതേസമയം സജി മഞ്ഞക്കടമ്പൻ രാജിവെച്ച ഒഴിവിലേക്ക് അഡ്വ. പ്രിൻസ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയർമാനാക്കണമെന്ന മോൻസ് ജോസഫ് എംഎൽഎയുടെ നിർദേശം തള്ളിയാണ് ഇ ജെ ആഗസ്തിയെ തിരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.
മോന്‍സ് ജോസഫ് എംഎല്‍എയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജി കഴിഞ്ഞ ദിവസം രാജി വെച്ചത്. മോൻസ് ജോസഫിന്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്താണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജി മഞ്ഞക്കടമ്പനെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും സജിക്ക് മറുപടി നൽകി രംഗം വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത മോൻസ് ജോസഫിന്റെ നടപടി പക്വത ഇല്ലാത്തതാണെന്നുള്ള വിമർശനം
കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
25 വർഷം കേരള കോൺഗ്രസ് എം ജില്ല പ്രസിഡണ്ടായിരുന്ന ഇ ജെ ആഗസ്തി പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പം ചേരുകയായിരുന്നു. മുൻ യുഡിഎഫ് ജില്ലാ ചെയർമാനും കൂടിയായ ഇദ്ദേഹം ആരോഗ്യ കാരണങ്ങളാൽ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈ എടുത്താണ് വീണ്ടും ആഗസ്തിയെ മുന്നണിയുടെ സുപ്രധാന പദവി ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്.
അഡ്വ. പ്രിൻസ് ലൂക്കോസിനെ പകരക്കാരനാക്കണം എന്നതായിരുന്നു മോൻസ് ജോസഫിന്റെ താൽപര്യമെന്നും പി ജെ ജോസഫ് അത് അംഗീകരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസഫ് വിഭാഗത്തിന്റെയോ മോൻസ് ജോസഫിന്റെയോ സമ്മർദങ്ങൾ മുഖവിലക്കെടുക്കാതെയുള്ള തീരുമാനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
രണ്ടാമത്തെ ചെയർമാൻകൂടി വിട്ടുപോയി എന്ന പേരുദോഷം കേൾപ്പിക്കാൻ താൽപര്യമില്ലാത്തതിനാണ് കോൺഗ്രസിന്റെ ഇടപെടൽ എന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്. സജി മഞ്ഞക്കടമ്പിലിന്റെ രാജിയുടെ അലയൊലികളും കേരള കോൺഗ്രസിലെ തർക്കവും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക യുഡിഎഫ് ഘടക കക്ഷികൾക്കുണ്ട്.
Keywords: Kottayam, Lok Sabha Election, Congress, Politics, UDF, Saji Manjakadambil, E J Augusthy, Resigned, Chairman, Prince Lukose, EJ Augusthy elected as UDF Kottayam district chairman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.