കാന്തപുരം വിഭാഗത്തോടും ചന്ദ്രികയോടും പടവെട്ടാന്‍ രണ്ടുംകല്‍പിച്ച് സുപ്രഭാതം ഇറക്കുന്നു?

 


തിരുവനന്തപുരം: സുന്നീ ജംഇയ്യത്തുല്‍ ഉലമ കാന്തപുരം വിഭാഗത്തെ തോല്‍പിക്കാന്‍ എന്തുവിലകൊടുത്തും സുപ്രഭാതം ദിനപത്രം പുറത്തിറക്കാന്‍ ഇ.കെ. വിഭാഗത്തിന്റെ തീരുമാനം. സുപ്രഭാതം ഉടനുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി കെവാര്‍ത്ത പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകള്‍ കാന്തപുരം വിഭാഗത്തിന്റെ ഔദ്യോഗിക നിലപാടായാണ് ഇ.കെ. വിഭാഗം പ്രചരിപ്പിക്കുന്നത്. അവരുടെ ഇ-ബന്ധങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് കെവാര്‍ത്തക്കെതിരെ പ്രചാരണം നടത്തുന്നതിനിടയില്‍ തന്നെ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുപ്രഭാതം ഏതുവിധവും ഉടന്‍ പുറത്തിറക്കാനുള്ള തീരുമാനം.

മൂന്ന് എഡിഷന്‍ തുടക്കത്തില്‍ ഉണ്ടാകും എന്നാണ് എസ്.കെ.എസ്.എസ്.എഫ്. വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒരിടത്തും ഒരു ജില്ലാ ബ്യൂറോ പോലും ഇതേവരെ തുടങ്ങിയിട്ടില്ലെന്ന് കെവാര്‍ത്ത നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സമ്പൂര്‍ണ ദിനപത്രം തുടങ്ങണമെങ്കില്‍ 14 ജില്ലാ കേന്ദ്രങ്ങളിലും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലും പ്രധാന കേന്ദ്രങ്ങളായ മുംബൈ, ബംഗുലൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മംഗളൂരു എന്നിവിടങ്ങളില്‍ ശക്തമായ ബ്യൂറോ ആവശ്യമാണ്. എന്നാല്‍ നവംബറില്‍ മൂന്ന് എഡിഷന്‍ തുടങ്ങുമെന്നു പറയുന്ന പത്രത്തിന് ഇതുവരെ ഒരു ജില്ലാ ബ്യൂറോ പോലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.

അടുത്ത മേയിലോ ജൂണിലോ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പുതിയ ദിനപത്രത്തിന് സ്വഭാവികമായും വെല്ലുവിളിയും മികവു തെളിയിക്കാനുള്ള അവസരവുമായിരിക്കും. ഇപ്പോള്‍ പത്രം തുടങ്ങുകയും തെരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്ക് ജില്ലാ ബ്യൂറോകള്‍ എല്ലായിടത്തും സുസജ്ജമാക്കുകയും ചെയ്യുക എന്ന രീതിയിലാണ് ആലോചന എന്ന് അറിയുന്നു.

കാന്തപുരം വിഭാഗത്തിന്റെയും ഒപ്പം, സുപ്രഭാതം തല്‍ക്കാലമില്ലെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ കെവാര്‍ത്തയുടെയും 'നാവടപ്പിക്കാനും' 'വെല്ലുവിളി' മറികടക്കാനും നവംബറില്‍ സുപ്രഭാതം വായനക്കാരുടെ കയ്യില്‍ എത്തിയേ തീരൂ എന്ന വാശിയാണ് പത്രത്തിനു ചുക്കാന്‍ പിടിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. നേതൃത്വം. അവരുടെ പിടിവാശിക്ക് വഴങ്ങിയിരിക്കുകയാണ് സമസ്തയുടെ സംസ്ഥാന നേതൃത്വവും.
ന്യൂസ് ചാനല്‍ ആരംഭിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിട്ടും ദര്‍ശന ടിവി ന്യൂസ് ചാനല്‍ ആക്കാതെ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് കറന്റ് അഫയേഴ്്‌സ് ചാനലായി നിലനില്‍ക്കുമ്പോഴാണ് അതേ മാനേജ്‌മെന്റും സംഘടനാ നേതൃത്വവും സുപ്രഭാതത്തിന്റെ പേരില്‍ പുതിയ ബാധ്യത തലയിലെടുത്തുവയ്ക്കുന്നത് എന്ന വിമര്‍ശനം സംഘടനയ്ക്കകത്ത് ശക്തമാണ്.

ദര്‍ശന ന്യൂസ് ചാനല്‍ ആക്കണമെങ്കില്‍ 14 ജില്ലാ ബ്യൂറോകളും ഡല്‍ഹി ബ്യൂറോയും നിര്‍ബന്ധമായും വേണം. എന്നാല്‍ അതിനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതാണ് ദര്‍ശന ന്യൂസ് ചാനലാക്കുന്നതില്‍ നിന്ന് നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. അതിനു ശേഷം വന്ന മീഡിയ വണ്‍ ന്യൂസ് ചാനല്‍ അല്ലാതിരുന്നിട്ടും ഏതാനും ന്യൂസ് ബുള്ളറ്റിനുകള്‍ മാത്രം ദിവസവും സംപ്രേഷണം ചെയ്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എസ്.കെ.എസ്.എസ്.എഫിലെത്തന്നെ ഒരു വിഭാഗം ദര്‍ശന ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നത്രേ.

ദര്‍ശന പച്ചപിടിക്കുന്നതിനു മുമ്പേ സുപ്രഭാതം തുടങ്ങുന്നത് രണ്ടിനെയും മുരടിപ്പിക്കാന്‍ ഇടയാക്കുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടുതാനും. പക്ഷേ, കാന്തപുരം വിഭാഗത്തോട് മല്ലടിക്കാനും കാന്തപുരത്തെ സഹായിക്കുന്ന ചില ലീഗ് നേതാക്കളെ തുറന്നുകാട്ടാനും മുസ്്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയെ വെല്ലുവിളിക്കാനും മറ്റുമായി പത്രം എത്രയും വേഗം തുടങ്ങാന്‍ രണ്ടുംകല്പിച്ചാണ് ഇ.കെ. സുന്നികളുടെ വിദ്യാര്‍ത്ഥി, യുവജന നേതൃത്വം ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

എല്ലാ വിധ കെട്ടുംമട്ടുമായി ഒരുപത്രസ്ഥാപനം നടത്തികൊണ്ടുപോകുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അനുഭവസ്ഥര്‍തന്നെ സംഘടനാ നേതൃത്വത്തിന് ഉപദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കാന്തപുരം വിഭാഗത്തിനെതിരെ വിവാദങ്ങള്‍ നിലനിര്‍ത്തിയാല്‍ പത്രം മുന്നോട്ടുകൊണ്ടുപോകുവാന്‍ ആകുമെന്നാണ് ഉടന്‍ പത്രമിറക്കണമെന്ന് പറയുന്നവര്‍ സംഘടനയ്ക്കകത്ത് വാശിപിടിക്കുന്നത്. കാസര്‍കോട്ട് നടക്കാനിരിക്കുന്ന സംഘടനാ സമ്മേളന പ്രചരണം കൂടി പത്രത്തോടൊപ്പം കൊണ്ടുപോകാന്‍ ഈ വിഭാഗം ലക്ഷ്യമിടുന്നു. സമസ്ത പത്രം തുടങ്ങിയാല്‍ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയായി തീരുക ചന്ദ്രികയ്ക്കായിരിക്കുമെന്ന തോന്നല്‍ ലീഗിനുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അനുരഞ്ജന ചര്‍ചകളുടെ ഭാഗമായി സുപ്രഭാതത്തിനെതിരെ കാര്യമായ നീക്കങ്ങള്‍ ലീഗ് നടത്തില്ലെന്നും ഈ വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തില്‍ ഉണ്ടായ വിവാദങ്ങളില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടിനെ കാര്യമായി തന്നെ ന്യായീകരിക്കാന്‍ പത്രമില്ലാത്തത് സമസ്തയെ കുഴക്കിയിരുന്നു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ പോലും സമസ്തയുടെ നിലപാടിനെ തള്ളിപറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. മുസ്ലിം സംഘടനകള്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ ചര്‍ച്ചകള്‍ക്ക് കടക വിരുദ്ധമായാണ് സമസ്ത നേതൃത്വം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് കുറ്റപ്പെടുത്തിയിരുന്നു.

എം.എസ്.എഫ്., യൂത്ത് ലീഗ് തുടങ്ങിയ ലീഗ് പോഷക സംഘടനകള്‍ തന്നെ സമസ്തയെ ഇക്കാര്യത്തില്‍ തള്ളിപ്പറയുകയും ചെയ്തു. തങ്ങള്‍ക്ക് ഇടംകോലിട്ടുകൊണ്ടിരിക്കുകയും കാന്തപുരത്തെ സഹായിക്കുകയും ചെയ്യുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിനെ പോലും വേണ്ടവിധം പ്രതിരോധിക്കാന്‍ സമസ്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യവും ഇ.കെ. വിഭാഗം നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദിനെ തളിപ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയ എസ്.കെ.എസ്.എസ്.എഫ്. നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ പോലീസ് അറസ്റ്റുചെയ്ത സംഭവും ഇതിനിടയില്‍ നടന്നു.

കാന്തപുരം വിഭാഗത്തോടും ചന്ദ്രികയോടും പടവെട്ടാന്‍ രണ്ടുംകല്‍പിച്ച് സുപ്രഭാതം ഇറക്കുന്നു?നാസര്‍ ഫൈസിക്കെതിരെ പോലീസിനെ സ്വാധീനിച്ച് ആര്യടന്‍ കേസെടുപ്പിച്ചതെന്നാരോപിച്ചതല്ലാതെ ലീഗ് ഭരണത്തില്‍ ഉണ്ടായിട്ട് പോലും ഇതിനെ പ്രതിരോധിക്കാന്‍ സംഘടനയ്ക്ക് കഴിയാതിരുന്നത് വലിയ തിരിച്ചടിയായി മാറിയിരുന്നു. നാസര്‍ ഫൈസിയ അറസ്റ്റുചെയ്ത സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഇത് കള്ളവാര്‍ത്തയാണെന്ന് സംഘടനയില്‍പെട്ട ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേദിവസം ഇറങ്ങിയ ദേശീയ പത്രങ്ങളുടക്കം അറസ്റ്റുവാര്‍ത്ത ഒന്നാം പേജില്‍ നല്‍കിയതും സംഘടനയ്ക്ക് ക്ഷീണമായി മാറിയിരുന്നു. ഇതെല്ലാം തന്നെയാണ് ആത്മാഭിമാനം നിലനിര്‍ത്താന്‍ എന്ത് ത്യാഗം സഹിച്ചും പത്രമിറക്കാന്‍ സമസ്തയിലെ ചിലര്‍ അരയും തലയും മുറുക്കി രംഗത്തുവന്നിരിക്കുന്നത്.

Related News:
അല്ല, സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കള്‍ പറയുന്ന സത്യം


സുപ്രഭാതം പ്രസിദ്ധീകരണം തുടങ്ങും മുമ്പേ ലീഗ് കരുനീക്കം സജീവമാക്കി


മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാന്‍ വാശിപിടിക്കുന്നത് ചില മതപണ്ഡിതര്‍: ആര്യാടന്‍

Keywords: News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham, Muslim League to make hurdles for Suprabhatham of E.K. Sunni faction, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia