Miracle | ജീവനക്കാരൻ്റെ ജാഗ്രത തുണയായി; കണ്ണൂരിൽ ആശുപത്രി മോർച്ചറിയിൽ നിന്നും ജീവൻ്റെ തുടിപ്പ് കാണിച്ച വയോധികനെ ഐസിയുവിലേക്ക് മാറ്റി
● മംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് എകെജിയിൽ എത്തിച്ചത്.
● രാവിലെ ചില പത്രങ്ങളിൽ മരണവാർത്ത വന്നിരുന്നു.
● അടിയന്തര ചികിത്സ നൽകി ഐസിയുവിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) നഗരത്തിലെ തളാപ്പ് എകെജി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മരിച്ചെന്നു കരുതിയ വയോധികൻ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ജീവനക്കാരൻ്റ ജാഗ്രതയാണ് വയോധികന് തുണയായത്. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റൻഡറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് രണ്ടാം ജന്മം നേടിയത്.
മംഗ്ളൂറിലെ കെ എസ് ഹെഗ്‌ഡെ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് പവിത്രനെ എകെജിയിലേക്ക് എത്തിച്ചത്. വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള സൗകര്യങ്ങളും സംസ്കാര ചടങ്ങുകൾ നടത്താനുള്ള ഏർപ്പാടുകളും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. എകെജി ആശുപത്രിയിലെ അറ്റൻഡറുടെ ജഗ്രതയോടെയുള്ള ഇടപെടലാണ് വയോധികന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയത്. ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പവിത്രനെ മാറ്റുകയായിരുന്നു.
രാവിലെ ചില ദിനപത്രങ്ങളിലും പവിത്രന്റെ മരണ വാർത്ത വന്നിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും വന്നു കൊണ്ടിരിക്കെയാണ് പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചു വരവ്. മംഗ്ളൂറിലെ ഹെഗ്ഡേ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ അവിടെ നിന്നും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
#Kannur, #MedicalMiracle, #KeralaNews, #Hospital, #Revival, #GoodNews