Disruption | വനംവകുപ്പിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച് ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തി കാട്ടാന
വയനാട്: (KVARTHA) വനംവകുപ്പിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച് ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തി കാട്ടാന. വെള്ളിയാഴ്ച രാവിലെ 8.45-ഓടെ ആണ് ആന ഡിപ്പോയുടെ പരിസരത്തെത്തിയത്. തുടര്‍ന്ന് എട്ടുമണിക്കൂറിലേറെ നാടിനെ മുള്‍മുനയിലാക്കി. ഡിപ്പോയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്തുകൂടെ കെ എസ് ആര്‍ ടി സി ബസിനു സമീപത്തെത്തിയ ആനയെ ബസുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന മെക്കാനിക്കല്‍ ഭാഗത്തിന് സമീപമെത്തിയപ്പോഴാണ് കാണുന്നത്.
പമ്പില്‍ എണ്ണയടിക്കാനായി നിര്‍ത്തിയിട്ട തിരുവനന്തപുരം സ്വിഫ്റ്റ് ബസിന്റെ ഡ്രൈവര്‍ വിനോദാണ് ആനയെ കണ്ടത്. തുടര്‍ന്ന് ഡിപ്പോയിലെ ബസ്സിലുണ്ടായിരുന്നവരും ബസ് കാത്തുനിന്നവരും ബഹളംവെച്ചു. ഇതോടെ ആന സമീപത്തെ വനത്തിലേക്ക് കടന്നുവെങ്കിലും മുക്കാല്‍ മണിക്കൂറിനുശേഷം വീണ്ടും ഡിപ്പോ പരിസരത്തെത്തി. ഓടിക്കാനായി കെ എസ് ആര്‍ ടി സി ജീവനക്കാരും യാത്രക്കാരും വീണ്ടും ബഹളമുണ്ടാക്കിയതോടെ വനത്തിലേക്ക് പ്രവേശിച്ചു.
ഡിപ്പോയ്ക്കും ഫെന്‍സിങ്ങിനുമിടയിലുള്ള ഭാഗത്താണ് ആന നിലയുറപ്പിച്ചത്. വിവരമറിഞ്ഞ് മുത്തങ്ങ റെയ് ന്‍ജ് ഓഫീസര്‍ പി സഞ്ജയ് കുമാര്‍, ഡെപ്യൂട്ടി റെയ് ന്‍ജര്‍ സുനില്‍ കുമാര്‍, വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസ്, ആര്‍ആര്‍ടി റെയ് ന്‍ജര്‍ മനോജ് കുമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥന്മാരായ വിനോദ് കുമാര്‍, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന വനംവകുപ്പ് സംഘമെത്തി ആനയെ ഉള്‍വനത്തിലേക്ക് തിരിച്ചുവിടാനുള്ള ദൗത്യം തുടങ്ങി.
ജനവാസ മേഖലയിലേക്കും ഡിപ്പോ പരിസരത്തേക്കും ആന തിരികെ എത്താതിരിക്കാന്‍ വനംവകുപ്പ് പ്രതിരോധം തീര്‍ത്തു. പടക്കംപൊട്ടിച്ചും മറ്റും ആനയെ പഴുപ്പത്തൂര്‍ മണലില്‍ ഭാഗത്തെത്തിച്ചെങ്കിലും ഉള്‍വനത്തിലേക്ക് കടക്കാതെ രണ്ടുമണിക്കൂറോളം വനംവകുപ്പിനെ വട്ടംകറക്കി.
#Elephant, #KSRTC, #Wayanad, #Wildlife, #Kerala, #HumanWildlifeConflitc