610 രൂപയുണ്ടെങ്കില്‍ ആനവണ്ടിയില്‍ നിലമ്പൂര്‍ ചുറ്റാം; പുതിയ വിനോദയാത്രാ പാകേജുമായി കെ എസ് ആര് ടി സി
Mar 21, 2022, 17:27 IST
നിലമ്പൂര്‍: (www.kvartha.com 21.03.2022) മൂന്നാര്‍ മാതൃകയില്‍ നിലമ്പൂര്‍ ചുറ്റിക്കാണാന്‍ വിനോദയാത്രാ പാകേജുമായി കെ എസ് ആര് ടി സി ഡിപോ. 'നിലമ്പൂര്‍ ടീക് ലാന്‍ഡ് സഫാരി'എന്നു പേരിട്ടിരിക്കുന്ന സര്‍വീസ് മാര്ച് 27ന് ആരംഭിക്കും. ഞായറാഴ്ചകളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് നിലമ്പൂര്‍ ഡിപോയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം ഏഴു മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് സര്‍വീസ്.
കനോലി പ്ലോട്, ബന്ഗ്ലാവ് കുന്ന്, തേക്ക് മ്യൂസിയം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവ കാണാം. വിവിധ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് അടക്കം ആകെ 610 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ഭക്ഷണച്ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് നിലമ്പൂരിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. നിലവില്‍ സ്വന്തം വാഹനമുള്ളവരോ ടാക്സികളെ ആശ്രയിച്ചോ ആണ് വിവിധ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ എത്താറുള്ളത്. കെ എസ് ആര് ടി സി ബസില്‍ നിലമ്പൂരിലെത്തുന്നവര്ക്കും ഇനി ഒരു പകല്‍ കാണാവുന്നത്രയും സ്ഥലങ്ങളിലെത്തിക്കുകയാണ് പുതിയ പാകേജിന്റെ ഉദ്ദേശം.
നിലവില്‍ മൂന്നാറിലാണ് സമാന പാകേജുള്ളത്. മൂന്നാറില്‍ നിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തുന്ന വിധത്തിലുള്ള ഈ പാകേജുമായി ബന്ധിപ്പിച്ച് മറ്റ് ഡിപോകളില്‍ നിന്ന് 'ഉല്ലാസയാത്ര' പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ വന്‍ ഹിറ്റായി. സമാന രീതിയില്‍ നിലമ്പൂര്‍ ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സൗകര്യമൊരുങ്ങുകയാണ്.
Keywords: Enjoy KSRTC's joy ride from Nilambur, KSRTC, Travel & Tourism, Passengers, Food, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.