Election | എറണാകുളത്ത് ഹൈബിയെ വെട്ടി ഷൈൻ ടീച്ചർ ഷൈൻ ചെയ്യുമോ?

 


_സോണി കല്ലറയ്ക്കൽ_

(KVARTHA) ഇക്കുറി എറണാകുളം പാർലമെൻ്റ് സീറ്റിൽ നിലവിലെ എം.പി ഹൈബി ഈഡനെതിരെ പോരാടാൻ ഇടതുപക്ഷം ഇറക്കിയിരിക്കുന്നത് അധ്യാപികയായ കെ.ജെ. ഷൈനിനെയാണ്. കഴിഞ്ഞ തവണ മന്ത്രി പി രാജീവും ഹൈബി ഈഡനും തമ്മിലായിരുന്നു മത്സരം നടന്നത്. ഒടുവിൽ പി രാജീവിന് തോൽവി സമ്മതിക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് ജയിച്ച് പി രാജീവ് സംസ്ഥാന മന്ത്രിയാവുകയായിരുന്നു. ഇത്തവണ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേയ്ക്ക് ചെക്കേറിയ കെ.വി.തോമസ് മാഷ് ഇവിടെ മത്സരിക്കുമെന്നോക്കെ വാർത്തകൾ ഉണ്ടായിരുന്നു. അല്ലെങ്കിൽ മാഷിൻ്റെ മകൾ ഹൈബിയ്ക്കെതിരെ മത്സരിക്കാൻ ഇറങ്ങുമെന്നു വരെ വാർത്തകൾ പ്രചരിച്ചിരുന്നു.
 
Election | എറണാകുളത്ത് ഹൈബിയെ വെട്ടി ഷൈൻ ടീച്ചർ ഷൈൻ ചെയ്യുമോ?

ഒടുവിൽ ആരും പ്രതീക്ഷിക്കാതെ കോട്ടപ്പുറം രൂപതയിലെ സ്‌കൂളിലെ അധ്യാപികയായ കെ.ജെ. ഷൈൻ ടീച്ചർ ഹൈബിക്കെതിരെ ഇടതുപക്ഷത്തിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നു. ഇനി ഈ ടീച്ചർ എത്രമാത്രം എറണാകുളത്ത് ഷൈൻ ചെയ്യുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കെ.വി.തോമസ് മാഷ് വളരെക്കാലം യു.ഡി.എഫ് സ്ഥാനാർത്ഥിയായി എറണാകുളത്തുനിന്ന് പാർലമെൻ്റിലേയ്ക്ക് വിജയിച്ചിട്ടുള്ളതാണ്. മാത്രമല്ല, അദ്ദേഹം കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റും ആയി പ്രവർത്തിച്ചയാളാണ്. അതിനുശേഷം കോൺഗ്രസ് പാർട്ടി തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് സി.പി.എമ്മിലേയ്ക്ക് പോവുകയായിരുന്നു.

Election | എറണാകുളത്ത് ഹൈബിയെ വെട്ടി ഷൈൻ ടീച്ചർ ഷൈൻ ചെയ്യുമോ?

എറണാകുളം പാർലമെൻ്റ് മണ്ഡലത്തെക്കുറിച്ച് പൊതുവേ പറഞ്ഞാൽ ഒരു യു.ഡി.എഫ് അനുകൂലമണ്ഡലമാണ്. ലത്തീൻ കത്തോലിക്കാ സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പലപ്പോഴും രണ്ട് മുന്നണികളും ഒരേ സമുദായത്തിൽ നിന്ന് തന്നെ ആണ് സ്ഥാനാർത്ഥികളെ നിർത്താറുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ ഇവിടെ നിന്നും ജയിക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. കോൺഗ്രസിൽ ഗ്രൂപ്പിസം പൊട്ടിമുളപ്പെട്ട ചുരുക്കം സമയങ്ങളിൽ മാത്രം ഇവിടെ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ടെന്നതും നിക്ഷേധിക്കാവുന്നതല്ല. പലപ്പോഴും അങ്ങനെ വരുന്ന സാഹചര്യത്തിൽ എൽ.ഡി.എഫ് ഇവിടെ സ്വതന്ത്രന്മാരെയാണ് പരീക്ഷിക്കാറുള്ളത്.
 
Election | എറണാകുളത്ത് ഹൈബിയെ വെട്ടി ഷൈൻ ടീച്ചർ ഷൈൻ ചെയ്യുമോ?

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വലിയ കോലാഹലം ഉണ്ടാക്കിയ സംഭവം ആയിരുന്നു ഫ്രഞ്ച് ചാരക്കേസ്. അതിൽ അന്നത്തെ എറണാകുളം എം.പി കെവി.തോമസിൻ്റെയും പേര് ഉണ്ടായിരുന്നു. ആ സാഹചര്യത്തിൽ കെ.വി.തോമസിനെതിരെ എൽ.ഡി.എഫ് ഇറക്കിയ സ്വതന്ത്രൻ ആയിരുന്നു സേവ്യർ അറയ്ക്കൽ. എൽ.ഡി.എഫിൻ്റെ ആ പരീക്ഷണം വിജയിച്ചു. കെ.വി.തോമസിനെ തോൽപ്പിച്ച് സേവ്യർ അറയ്ക്കൽ പാർലമെൻ്റിൽ എത്തി. എന്നാൽ അദ്ദേഹം കാലാവധി തികയ്ക്കുന്നതിന് മുൻപ് മരണപ്പെട്ടു. തുടർന്ന് വന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോളിനായിരുന്നു വിജയം. പിന്നീട് സെബാസ്റ്റ്യൻ പോളിനെ പിടിച്ച് കെട്ടാൻ യു.ഡി.എഫ് ഇറക്കിയ തുറുപ്പ് ചീട്ടായിരുന്നു ഹൈബിയുടെ പിതാവ് ജോർജ് ഈഡൻ.

ജോർജ് ഈഡൻ അന്ന് എറണാകുളത്തുനിന്നുള്ള നിയമസഭാ അംഗമായിരുന്നു. എന്തായാലും യു.ഡി.എഫ് അതിൽ വിജയിച്ചു. സെബാസ്റ്റ്യൻ പോളിനെതിരെ കൈപ്പത്തിൽ ചിഹ്നത്തിൽ മത്സരിച്ച ജോർജ് ഈഡൻ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിന് സെബാസ്റ്റ്യൻ പോളിനെ തോൽപ്പിച്ച് എറണാകുളത്തു നിന്ന് പാർലമെൻ്റിൽ എത്തി. ജോർജ് ഈഡൻ്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വീണ്ടും സെബാസ്റ്റ്യൻ പോൾ എൽ.ഡി.എഫിന് വേണ്ടി വിജയക്കൊടി നാട്ടി. അന്ന് കോൺഗ്രസിൽ എ, ഐ ഗ്രൂപ്പിസം ശക്തമായ കാലം ആയിരുന്നു. പിന്നീട് കെ.വി.തോമസിനെ ഇറക്കി യു.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.

ഇപ്പോൾ ഹൈബി ഈഡനും കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി എറണാകുളത്തു നിന്ന് തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്നു. കെ.ജെ.ഷൈൻ ടീച്ചർക്ക് മുൻപ് മറ്റൊരു വനിതയെ എൽ.ഡി.എഫ് എറണാകുളം തിരിച്ചു പിടിക്കാൻ ഇറക്കിയതാണ്. എസ്.എഫ്.ഐ യുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് സിന്ധു ജോയി ആണ് അന്നത്തെ എം.പി ആയിരുന്ന കെ.വി.തോമസിനെതിരെ എറണാകുളത്ത് മത്സരത്തിനിറങ്ങിയത്. അന്ന് സിന്ധു ജോയിക്ക് മാഷിനെ ശരിക്കും വിറപ്പിക്കാൻ കഴിഞ്ഞെങ്കിലും വിജയം മാഷിനൊപ്പം തന്നെ ആയിരുന്നു. കെ.വി.തോമസിൻ്റെ ഭൂരിപക്ഷം സിന്ധു ജോയിക്ക് കുറയ്ക്കാൻ സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. ഏതാണ്ട് പന്ത്രണ്ടായിരം ഭൂരിപക്ഷത്തിൽ സിന്ധു മാഷിനെ പിടിച്ചു നിർത്തുക ആയിരുന്നു.

അതിനുശേഷം ഇപ്പോഴാണ് ഒരു വനിത മത്സരത്തിനിറങ്ങുന്നത്. നടി റീമാ കല്ലിങ്കലിൻ്റെ ഒക്കെ പേര് ഉയർന്നു വന്നിടത്താണ് ഇപ്പോൾ ഷൈൻ ടീച്ചർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഹൈബിയും ടീച്ചറും ഒരേ സമുദായത്തിൽ പെട്ട ആളുകളാണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ബി.ജെ.പിയ്ക്ക് അത്ര പ്രാധാന്യമുള്ള മണ്ഡലമൊന്നും അല്ല എറണാകുളം. എന്നാൽ ബി.ജെ.പി സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തെ ബാധിച്ചേക്കാം. മറ്റൊരു അത്ഭുതമൊന്നും ഇവിടെ ഉണ്ടാകുമെന്ന് അധികം ആരും പ്രതീക്ഷിക്കുന്നെന്ന് തോന്നുന്നില്ല. അതുകൊണ്ട് ആണല്ലോ എൽ.ഡി.എഫിലെ പ്രമുഖ നേതാക്കൾ ആരും ഇവിടെ മത്സരിക്കാൻ തയ്യാറാകാതിരുന്നത്. എന്തായാലും കാത്തിരിക്കാം ഹൈബി നിലനിർത്തുമോ ടീച്ചർ ഷൈൻ ചെയ്യുമോ എന്ന്.


Keywords:   News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Ernakulam, KJ Shine, Hibi Eden, Ernakulam: KJ Shine, LDF's surprise candidate vs Hibi Eden. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia