Accidental Death | പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചു; ഒന്നര വയസുകാരിയടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം
Apr 17, 2023, 10:41 IST
എറണാകുളം: (www.kvartha.com) തൊടുപുഴയെ നടുക്കി പ്രദേശവാസികളുടെ അപകടമരണം. വാഴക്കുളം മടക്കത്താനത്ത് പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. റോഡിന് വശത്തുകൂടെ നടന്നുപോവുകയായിരുന്ന കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ ഒന്നര വയസുള്ള മകള്‍ എന്നിവരാണ് വാഹനം ഇടിച്ച് മരിച്ചത്. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്.
കാല്‍നടയാത്രക്കാരെ നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ചെ 7.30 ഓടെയാണ് സംഭവം. പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് കുട്ടിയുമായി പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്‌സല്‍ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പ്രജേഷിന്റെ അയല്‍ക്കാരിയാണ് അപകടത്തില്‍ മരിച്ച മേരി.
അപകടത്തില്‍ കുട്ടി ഉള്‍പെടെയുള്ള മൂന്ന് പേര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. ഉടന്‍ തന്നെ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മരിച്ചതായാണ് വിവരം. മൂന്ന് മൃതദേഹങ്ങളും തൊടുപുഴയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബ്ലൂ ഡാര്‍ട് കൊറിയറിന്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങള്‍ക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: News, Kerala, Kerala-News, Ernakulam- News, Accident, Accidental Death, Child, Neighbour, Ernakulam: Three died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.