Stray dogs | അക്രമകാരികളായ തെരുവുനായ്ക്കളുടെ ദയാവധം: സുപ്രീംകോടതി ഹരജിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് കക്ഷി ചേരും

 


കണ്ണൂര്‍: (www.kvartha.com) വര്‍ധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയില്‍ നിലവിലുള്ള ഹരജിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് കക്ഷി ചേരുമെന്ന് പ്രസിഡന്റ് പി പി ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Stray dogs | അക്രമകാരികളായ തെരുവുനായ്ക്കളുടെ ദയാവധം: സുപ്രീംകോടതി ഹരജിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് കക്ഷി ചേരും

പേവിഷ ബാധ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും, മൃഗസ്‌നേഹികളുടെയും സഹകരണത്തോടെ തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ ബുധനാഴ്ച പയ്യാമ്പലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത് പടിയൂരില്‍ ആധുനിക സജ്ജീകരണങ്ങളോടെ പണികഴിപ്പിച്ച അനിമല്‍ ബര്‍ത് കണ്‍ട്രോള്‍ (ABC) സെന്റര്‍ സെപ്റ്റംബര്‍ അവസാന വാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

എബിസി സെന്ററിലേക്ക് ആവശ്യമുള്ള പട്ടി പിടുത്തക്കാരേയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായതുകളുടെ സഹകരണത്തോടെ ബ്ലോക് പഞ്ചായതിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തദ്ദേശ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്രജനന കേന്ദ്രങ്ങളുണ്ട്. ഇത്തരം പ്രജനന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാതെ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും പിഴ ഈടാക്കും.
മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പൊതു ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കും.

വന്ധ്യംകരിച്ച പട്ടികള്‍ക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഷെല്‍ടറുകള്‍ സ്ഥാപിക്കും. വാക്‌സിനേഷനായി പഞ്ചായത് അടിസ്ഥാനത്തില്‍ കാംപ് നടത്തും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് മൈക്രോ ചിപിംഗ് നിര്‍ബന്ധമാക്കും. ജില്ലയില്‍ വളര്‍ത്തുമൃഗങ്ങളുടെ സെന്‍സസ് നടത്തി കൃത്യമായ കണക്കുകള്‍ ശേഖരിക്കും.
സ്‌കൂള്‍ പരിസരത്ത് തെരുവുപട്ടികള്‍ക്ക് മൃഗസ്‌നേഹികള്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കും.

തെരുവ് പട്ടികള്‍ക്ക് ഭക്ഷണം നല്‍ക്കുന്നതിന് തദ്ദേശ സ്ഥാപനവും മൃഗസ്‌നേഹികളുമായി ചേര്‍ന്ന് പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കും. മൃഗസ്‌നേഹികള്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടാല്‍ അവരെ വിലക്കാനോ അക്രമിക്കാനോ പാടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

തെരുവ് നായശല്യം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത് തലത്തിലും വാര്‍ഡ് തലത്തിലും ജനകീയ സമിതികള്‍ രൂപീകരിക്കും. ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

തെരുവുനായ ശല്യം ചര്‍ച ചെയ്യാനായി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി ഒ സരള, വി കെ സുരേഷ് ബാബു, എഡിഎം കെ കെ ദിവാകരന്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ടി ജെ, ജില്ലാ മൃസംരക്ഷണ ഓഫിസര്‍ ഡോ. എസ് ജെ ലേഖ, ഡെപ്യൂടി ഡയറക്ടര്‍ ഡോ. ബി അജിത് ബാബു, ജില്ലാ പഞ്ചായത് സെക്രടറി ഇന്‍ ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Euthanasia of violent stray dogs: Kannur district panchayat to join Supreme Court petition, Kannur, News, Trending, Stray-Dog, Supreme Court of India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia