Keraleeyam | കേരളത്തെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന കേരളീയം എല്ലാ വര്‍ഷവും; കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ പ്രദര്‍ശനവീഥി; സെമിനാറുകള്‍, ചലച്ചിത്ര മേളകള്‍, ഫ്‌ളവര്‍ ഷോ, ട്രേഡ് ഫെയര്‍, ബിനാലെ മാതൃകയില്‍ ഇന്‍സ്റ്റലേഷനുകള്‍

 


തിരുവനന്തപുരം: (www.kvartha.com) കേരളത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന 'കേരളീയം' പരിപാടി എല്ലാ വര്‍ഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായി ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടത്തുന്ന കേരളീയം-2023 മഹത്തും ബൃഹത്തുമായ സാംസ്‌കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാ വര്‍ഷവും അതാത് വര്‍ഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നത് എന്നും കേരളീയം-2023 സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ അത്യപൂര്‍വം ഭാഗങ്ങളിലുള്ള ദേശങ്ങള്‍ക്ക് മാത്രം സാധ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ നാടാണ് കേരളം. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്തകളെ മുന്‍നിര്‍ത്തിയുള്ളതാണ് കേരളീയം-2023. കേരളീയത ഒരു വികാരമാവണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം. ഭാരതത്തിനാകെ അഭിമാനം നല്‍കുന്ന കേരളീയത. അതെന്താണെന്ന് ലോകം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളപ്പിറവി ദിനം മുതല്‍ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയില്‍ നടക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി കിഴക്കെ കോട്ട മുതല്‍ കവടിയാര്‍ വരെ 60 വേദികളിലായി 35 ഓളം പ്രദര്‍ശനങ്ങള്‍ അരങ്ങേറും. ഈ വീഥി മുഴുവന്‍ ദീപങ്ങള്‍ കൊണ്ടു അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ആറ് ട്രേഡ് ഫെയറുകള്‍, അഞ്ചു വ്യത്യസ്ത തീമുകളില്‍ ചലച്ചിത്രമേളകള്‍, അഞ്ചു വേദികളില്‍ ഫ്‌ളവര്‍ഷോ, എട്ടു വേദികളില്‍ കലാപരിപാടികള്‍, നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ അരങ്ങേറും.

കേരളീയം 2023 ല്‍ പങ്കെടുക്കാന്‍ അന്തര്‍ദേശീയ, ദേശീയ പ്രമുഖര്‍ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പെടെ വരും. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും. അത് നമുക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകം മാറുമ്പോള്‍ നാം മാറേണ്ടതില്ല എന്ന അടഞ്ഞ ചിന്ത പാടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ലോകത്തിന്റെ എല്ലാ കോണിലേക്കും പടര്‍ന്നുപന്തലിച്ച സമൂഹമായ മലയാളിക്ക് അല്ലാതെ വേറെ ആര്‍ക്കാണ് കേരളം എന്ന വികാരം ഇങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. നമ്മുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെക്കുറിച്ച് നമുക്ക് ഉണ്ടാകേണ്ട അറിവുകള്‍ ഏതൊക്കെയാണെന്നും അവ എങ്ങനെ ഇവിടെ നടപ്പാക്കണമെന്ന് കൂടി കേരളീയം 2023 അന്വേഷിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളി സമൂഹം ഭൂഖണ്ഡാന്തരങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചു. ലോകമലയാളി എന്ന സങ്കല്പം തന്നെയുണ്ടായി. മലയാളി എത്തിച്ചേര്‍ന്ന നാടുകളിലൊക്കെ അവിടുത്തെ സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിച്ചു. ഇത് ആ നാടിന് മലയാളികളോട് താല്പര്യം തോന്നാന്‍ ഇടയാക്കി. ആ താല്പര്യത്തെ കേരളീയം 2023 പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയില്‍ ഊന്നിനിന്ന് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗും റോബോടിക്സും ഉള്‍പെടുന്ന പുതിയ അറിവുകള്‍ ഉല്പാദിപ്പിക്കുന്ന ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി മാറാന്‍ ഒരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മുടെ പുതിയ തലമുറയുടെ മികവ് ലോകത്തിന് അറിയാനുള്ള അവസരം കൂടിയാണ് ഈ പരിപാടി. നമ്മുടെ സമഗ്രവികസന കാഴ്ചപ്പാടിനെ അത് ഉത്തേജിപ്പിക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത, മധ്യ വരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊര്‍ജം പകരും. നവകേരള നിര്‍മിതിയുടെ വാതില്‍ തുറക്കുന്ന പല പരിപാടികളുടെയും സമന്വയമാണ് കേരളീയം-2023.

കേരളത്തിന്റെ നേട്ടങ്ങളെ ഇക്കഴ്ത്തി കാട്ടാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടി യഥാര്‍ഥ കേരളത്തെ ഉയര്‍ത്തിക്കാട്ടുക എന്നതാണ്.

പരിപാടിയില്‍ സ്പീകര്‍ എഎന്‍ ശംസീര്‍ അധ്യക്ഷത വഹിച്ചു. കേരളീയം 2023 തിരുവനന്തപുരത്ത് നടക്കുന്നതിന് അനുബന്ധമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നിയമസഭ വേദിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്. ചീഫ് സെക്രടറി ഡോ. വേണു വി ജെനറല്‍ കണ്‍വീനറും വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ കണ്‍വീനറുമാണ്.

ജെനറല്‍ കമിറ്റി മുഖ്യരക്ഷാധികാരികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രിമാരായ എകെ ആന്റണി, വി എസ് അച്യുതാനന്ദന്‍ എന്നിവരാണ്.

രക്ഷാധികാരികളായി സ്പീകര്‍, ഡെപ്യൂടി സ്പീകര്‍, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പെടും. ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ് സ്റ്റീയറിങ് കമിറ്റി ചെയര്‍മാന്‍.

കേരളീയം 2023 ന്റെ താല്‍കാലിക ഓഫീസ് സെക്രടറിയേറ്റ് നോര്‍ത് ബ്ലോകില്‍ പ്രവര്‍ത്തനം തുടങ്ങി. പരിപാടി സംബന്ധിച്ചു എല്ലാ വകുപ്പുകളും സെപ്റ്റംബര്‍ എട്ടിനകം ആദ്യയോഗം ചേര്‍ന്നു ആശയം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 20 നകം അന്തിമ ആശയവും നല്‍കണം. പരിപാടി ആരംഭിക്കുന്ന നവംബര്‍ ഒന്നിന് ഉദ്ഘാടനം നടക്കും. നവംബര്‍ രണ്ടു മുതല്‍ ആറു വരെ നാല് വേദികളിലായി വിവിധ വിഷയങ്ങളില്‍ 20 സെമിനാറുകള്‍ നടക്കും. നവംബര്‍ ഏഴിന് നവകേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു കൊണ്ടായിരിക്കും പരിപാടിയുടെ സമാപനം.

Keraleeyam | കേരളത്തെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന കേരളീയം എല്ലാ വര്‍ഷവും; കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ പ്രദര്‍ശനവീഥി; സെമിനാറുകള്‍, ചലച്ചിത്ര മേളകള്‍, ഫ്‌ളവര്‍ ഷോ, ട്രേഡ് ഫെയര്‍, ബിനാലെ മാതൃകയില്‍ ഇന്‍സ്റ്റലേഷനുകള്‍

സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജു, ജിആര്‍ അനില്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, പ്രിന്‍സിപല്‍ സെക്രടറി കെആര്‍ ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു. കലാ, സാഹിത്യ, സാംസ്‌കാരിക, വ്യാപാര വാണിജ്യ മേഖലകളിലെ പ്രഗത്ഭര്‍ സംബന്ധിച്ചു.

Keywords:  Every year Keraleeyam presents Kerala to the world, Thiruvananthapuram, News, Politics, Keraleeyam, Chief Minister, Pinarayi Vijayan, Inauguration, Antony Raju, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia