പ്രവാസി മലയാളികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് നിഷേധിക്കപ്പെട്ടത് സി പി എമ്മിന്റെ പിടിവാശി മൂലം: എം.എം. ഹസന്‍

 


കാസര്‍കോട്: (www.kvartha.com 25/07/2015) പ്രവാസി മലയാളികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാഹചര്യമുണ്ടാകാതിരിക്കാന്‍ കാരണം സി പി എമ്മിന്റെയും ഇടതു പക്ഷത്തിന്റെയും പിടിവാശി മൂലമെന്ന് കെ പി സി സി വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് വക്താവുമായ എം.എം. ഹസന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി വോട്ട് നടപ്പാക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിനെപ്രതിപക്ഷം എതിര്‍ത്തതാണ് ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കാത്തതിന് കാരണം. പ്രവാസി വോട്ടിംഗ് സംബന്ധിച്ച് ഗള്‍ഫ് വ്യവസായി ഡോ. ഷംസീര്‍ സുപ്രീംകോടതിയില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനെ വെച്ചു പരിഹാര മാര്‍ഗം തേടിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു രണ്ടു മാര്‍ഗങ്ങളാണ് നിര്‍ദേശിക്കപ്പെട്ടത്.

ഒന്നാമത്തേത് പ്രോക്‌സി വോട്ടിങ്ങും, രണ്ടാമത്തേത് ഓണ്‍ലൈന്‍ വോട്ടിങ്ങുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിന് സര്‍ക്കാറിന്റെ അഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രോക്‌സി വോട്ടിംഗ് കള്ളവോട്ടിന് സാധ്യതയുണ്ടെന്നതിനാല്‍ എല്ലാ കക്ഷികളും ഇതിനെ എതിര്‍ത്തു.

എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന് സാങ്കേതികമായോ പ്രായോഗിക തലത്തിലോ ബുദ്ധിമുട്ട് ഇല്ലാതിരുന്നിട്ടും പ്രവാസികളുടെ ഓണ്‍ലൈന്‍ സാക്ഷരതയെ കുറച്ചു കാണിച്ചു കൊണ്ട് ഇടതുപക്ഷം ഓണ്‍ലൈന്‍ വോട്ടിങ്ങിനെ എതിര്‍ക്കുകയായിരുന്നുവെന്ന് ഹസന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍ ദുരുപയോഗം നടക്കും എന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. ഈ തീരുമാനമാണ് പ്രവാസികളുടെ അവസരം നഷ്ട്‌പ്പെടുത്തിയത്.

പ്രവാസികളുടെ അവകാശം നിഷേധിക്കുന്ന നിലപാടായിരുന്നു ഇക്കാര്യത്തില്‍ ഇടതുപക്ഷം കൈക്കൊണ്ടത്. നിയമമനുസരിച്ച് ആറുമാസം നാട്ടില്‍ ഇല്ലാത്തവര്‍ക്ക് വോട്ടവകാശം ഇല്ല എന്ന നിയമത്തില്‍ ഭേദഗതിവരുത്തിക്കൊണ്ട് നിയമസഭ എടുത്ത തീരുമാനം പ്രവാസികള്‍ക്ക് ആഹ്ലാദം പകരുന്നതായിരുന്നു.

ഈ അവസരമാണ് ഇടതുപക്ഷത്തിന്റെ പിടിവാശി മൂലം നടപ്പിലാക്കാന്‍ കഴിയാതെ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ ജി ഓഫീസിനെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജിയുടെ നടപടി വിമര്‍ശിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമുണ്ടെന്ന് ഹസന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കോടതി മുമ്പാകെ വരുന്ന കേസിന്റെ പരിധി വിട്ട് പരാമര്‍ശം നടത്തുന്നത് നേരത്തെ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ജഡ്ജിമാരുടെ മുന്‍കാല രാഷ്ട്രീയവും ബന്ധങ്ങളും ആ സ്ഥാനത്തിരിക്കുമ്പോള്‍ സ്വാധീനിക്കാന്‍ പാടില്ല. അങ്ങിനെയല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കേണ്ടിവരും. വിധി നടത്തുന്നത് കേസിന്റെ നിയമവശം പരിഗണിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം പി. ഗംഗാധരന്‍ നായര്‍, ഡി സി സി ജനറല്‍സെക്രട്ടറി സൈമണ്‍ പള്ളത്ത്കുഴി തുടങ്ങിയവരും സംബന്ധിച്ചു.

Related News:
ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യ അടച്ചുപൂട്ടുകയോ സ്വകാര്യ വത്കരിക്കുകയോ ചെയ്യണം: എം.എം. ഹസന്‍

പ്രവാസി മലയാളികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് നിഷേധിക്കപ്പെട്ടത് സി പി എമ്മിന്റെ പിടിവാശി മൂലം: എം.എം. ഹസന്‍

Keywords:  Kasaragod, Kerala, M.M Hassan, Expatriates Vote: MM Hassan against CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia