Ezhuthachan Puraskaram | എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

 


കോട്ടയം: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. സാംസ്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയത്ത് വെച്ചാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്

സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് അദ്ദേഹത്തിന് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. കേരള സാഹിത്യ അകാദമി പ്രസിഡന്റ് കെ സചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫ. എം കെ സാനു, വൈശാഖന്‍, ഡോ. എം വി നാരായണന്‍, റാണി ജോര്‍ജ് ഐഎഎസ് എന്നിവരാണ് പുരസ്‌കാര സമിതി അംഗങ്ങള്‍.

Ezhuthachan Puraskaram | എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. ആലുവയില്‍ കടുങ്ങല്ലൂരിലെ പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള വീട്ടില്‍ സേതു അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്‍പത് വയസ്സ് പിന്നീടുകയാണ്.അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്.

പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നുവെന്നും സമിതി വിലയിരുത്തി.

കഥ, നോവല്‍ വിഭാഗങ്ങളിലായി മുപ്പത്തഞ്ചിലേറെ കൃതികള്‍ രചിച്ച സേതുവിന് 'പാണ്ഡവപുരം' എന്ന നോവലിനും 'പേടിസ്വപ്നങ്ങള്‍' എന്ന കഥയ്ക്കും കേരള സാഹിത്യ അകാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്‌കാരവും ചേക്കുട്ടി' എന്ന നോവലിനു കേന്ദ്ര സാഹിത്യ അകാദമിയുടെ ബാലസാഹിത്യ പുരസ്‌കാരവും ലഭിച്ചു.

കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അകാദമി അവാര്‍ഡുകള്‍, കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വിശ്വദീപം പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

മറുപിറവി, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകള്‍, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങള്‍ (നോവലുകള്‍), തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ആശ്വിനത്തിലെ പൂക്കള്‍, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

1942 ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ച സേതു പാലിയം ഹൈസ്‌കൂളിലും ആലുവ യുലി കോളജിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിലും റെയില്‍വേയിലും ജോലി ചെയ്ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഡയറക്ടര്‍, നാഷനല്‍ ബുക് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി ഇന്‍ഡ്യയൊട്ടുക്കും സഞ്ചരിച്ചതിന്റെ അനുഭവം സേതുവിന്റെ എഴുത്തിനെ ദേശപരിമിതികള്‍ക്കപ്പുറത്തേക്കു സഞ്ചരിക്കാന്‍ സഹായിച്ചിട്ടുണ്ട്.

Keywords: Ezhuthachan Puraskaram for Sethu, Kottayam, News, Award, Writer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia