Facebook | മന്ത്രി കെ രാജന്‍ ഉൾപെടെ പ്രമുഖരുടെ ഫേസ്ബുക് പേജ് ഹാക് ചെയ്തു; കെകെ ശൈലജയും ഇരയായി; ലക്ഷ്യമിട്ടത് പണം തട്ടാനും വിവരങ്ങൾ ചോർത്താനും; കംപ്യൂടറുകളിലും മൊബൈല്‍ ഫോണുകളിലും നുഴഞ്ഞു കയറാൻ ശ്രമം; ഞെട്ടിക്കുന്ന സൈബർ കുറ്റകൃത്യം പുറത്ത്
Dec 15, 2022, 16:32 IST
കൊച്ചി: (www.kvartha.com) മന്ത്രി കെ രാജന്‍, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുള്‍പെടെയുള്ളവരുടെ ഫേസ്ബുക് പേജുകള്‍ ഹാകു ചെയ്ത സംഘം ഇവ ഉപയോഗിച്ചത് വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനും കംപ്യൂടറുകളിലും മൊബൈല്‍ ഫോണുകളിലും നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താനുമെന്ന് സൈബര്‍ വിദഗ്ധര്‍.
വ്യാജ ലോടറിയുടെയും വ്യാജ മരുന്നുകളുടെയും ലിങ്കുകളും വിവരങ്ങള്‍ ചോര്‍ത്തുന്ന സോഫ്ട്വെയര്‍ അടങ്ങിയ ലിങ്കുകളും പേജുകളില്‍ പോസ്റ്റു ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. കെ രാജന്റെ ഹാക് ചെയ്ത ഫേസ്ബുക് പേജില്‍ നിന്നു മാത്രം ഇത്തരത്തിലുള്ള രണ്ടായിരത്തിലേറെ പോസ്റ്റുകളാണ് സാങ്കേതിക വിദഗ്ധര്‍ക്കു നീക്കേണ്ടി വന്നതെന്ന് കൊച്ചിയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധനും സൈബര്‍ സുരക്ഷാ ഫൗന്‍ഡേഷന്‍ സ്ഥാപകനുമയ ജിയാസ് ജമാല്‍ പറഞ്ഞു.
തന്റെ ഫേസ്ബുക് പേജ് തിരികെ ലഭിച്ച വിവരം മന്ത്രി വ്യാഴാഴ്ച രാവിലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അനില്‍കുമാര്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്, കുന്നത്തുനാട് മുന്‍ എംഎല്‍എ വി പി സജീന്ദ്രന്‍, മന്ത്രി വി എന്‍ വാസവന്‍, മുന്‍ മന്ത്രി കെ കെ ശൈലജ തുടങ്ങി നിരവധി പേരുടെ ഫേസ്ബുക് പേജുകള്‍ അടുത്തിടെ ഹാക് ചെയ്യപ്പെട്ടിരുന്നു.
തട്ടിപ്പു നടത്തുമ്പോള്‍ വിശ്വസനീയത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വെരിഫൈഡ് പേജുകള്‍ ഹാകു ചെയ്യുന്നത്. നിരവധി സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സജീവ ഫേസ്ബുക് പേജുകളും ഇത്തരത്തില്‍ ഹാക് ചെയ്യപ്പെട്ടിരുന്നു.
ഈ പേജുകളില്‍ പോസ്റ്റു ചെയ്യുന്ന ലിങ്കുകള്‍ ഇന്‍ഡ്യയില്‍ നിന്നു ബ്ലോക് ചെയ്യുകയും വിദേശ രാജ്യങ്ങളില്‍ പണം നല്‍കി ബൂസ്റ്റു ചെയ്യുന്നതുമാണ് പതിവ്. അതിനാല്‍ ഈ പോസ്റ്റുകള്‍ ഇന്‍ഡ്യയില്‍ ദൃശ്യമാകില്ല. ചെറിയ തുക നല്‍കിയാല്‍ അത്ര സമ്പന്നമല്ലാത്ത പല രാജ്യങ്ങളിലും വ്യാജ പരസ്യങ്ങള്‍ ഫേസ്ബുകില്‍ ബൂസ്റ്റു ചെയ്യാം. പോസ്റ്റ് ചെയ്യുന്ന ലിങ്കുകള്‍ വഴി നിരവധിപേരുടെ മൊബൈല്‍ ഫോണുകളിലേക്കു നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യം. കംബോഡിയ, ഈജിപ്ത്, തായ്‌ലന്‍ഡ്, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഹാകര്‍മാരില്‍ ഏറെയും.
ലിങ്കില്‍ ക്ലിക് ചെയ്യുന്നതോടെ ആളുകളെ ട്രാക് ചെയ്യാവുന്ന ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. വെരിഫൈഡ് പേജുകള്‍ ഇത്തരത്തില്‍ തട്ടിയെടുത്ത് ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്ന സംഘവും രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ഇന്‍ഡ്യ പോലെ പരസ്യങ്ങള്‍ക്ക് ഓണ്‍ലൈനെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഫേസ്ബുക് ഉള്‍പെടെയുള്ള സമൂഹമാധ്യമ നെറ്റ് വര്‍കുകള്‍ പരസ്യ നിരക്ക് ഉയര്‍ത്തിയിരുന്നു.
അതേസമയം, ആഫ്രികന്‍ രാജ്യങ്ങളിലും സാമ്പത്തികമായി ഉയര്‍ന്ന നിലയിലല്ലാത്ത രാജ്യങ്ങളിലും ചെറിയ തുക നല്‍കി കൂടുതല്‍ പേരിലേക്കും പരസ്യം എത്തിക്കാന്‍ അവസരമുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് സംഘം തട്ടിപ്പു നടത്തുന്നത്. പോസ്റ്റു കണ്ടു ലിങ്കില്‍ ക്ലിക് ചെയ്യുന്നതോടെ അവരുടെ ബാങ്ക് അകൗണ്ട് ഉള്‍പെടെ ഹാക് ചെയ്യപ്പെടും.
ഹാക് ചെയ്യപ്പെടുന്ന പ്രമുഖരുടെയും സെലിബ്രിറ്റികളുടെയും സമൂഹമാധ്യമ പേജുകള്‍ മിക്കപ്പോഴും കൈകാര്യം ചെയ്യുന്നത് പഴ്‌സനല്‍ സ്റ്റാഫോ സെക്രടറിയോ മറ്റു ജീവനക്കാരോ ആണ്. ഇവര്‍ വാട്‌സ് ആപിലും ഫേസ്ബുകിലും മറ്റും ലഭിക്കുന്ന ലിങ്കുകളില്‍ അശ്രദ്ധമായി ക്ലിക് ചെയ്യുന്നതാണ് അകൗണ്ടു വിവരങ്ങള്‍ ഹാകര്‍മാര്‍ക്കു ലഭിക്കാന്‍ വഴിയൊരുക്കുന്നത്.
മെസേജുകളായോ വാട്‌സ് ആപിലൂടെയോ ലഭിക്കുന്ന അനാവശ്യ ലിങ്കുകള്‍ ക്ലിക് ചെയ്യാതിരിക്കുക എന്നതാണ് ഇതിനെതിരെ സ്വീകരിക്കാവുന്ന മികച്ച മുന്‍കരുതല്‍. ഒരു ലിങ്കില്‍ ക്ലിക് ചെയ്യുകയും ഓഫറുകള്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യും മുന്‍പ് വിശ്വസനീയ കംപനിയുടെ ഉടമസ്ഥതയിലുള്ള ലിങ്കാണ് അതെന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടെന്ന് ജിയാസ് പറയുന്നു.
Keywords: Facebook pages of ministers K Rajan and KK Shailaja hacked to extort money, Kochi, News, Facebook Post, Social Media, Kerala, Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.