മനുഷ്യ ശൃംഖല എല്‍ഡിഎഫിന്റെ രാഷ്ട്രീയ മിമിക്രിയെന്ന് വി മുരളീധരന്‍

 


കണ്ണൂര്‍: (www.kvartha.com 28.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മനുഷ്യശൃംഖല സംഘടിപ്പിച്ച എല്‍ഡിഎഫിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇടതു മുന്നണിയുടെ മനുഷ്യ ശൃംഖല കലോത്സവ വേദികളില്‍ മിമിക്രി മത്സരം നടക്കുമ്പോള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്ഥിരം നമ്പര്‍ പോലെയെന്ന് അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി ഇടതു മുന്നണി പല പേരില്‍ ഇറക്കുന്ന ഒരു സ്ഥിരം സമര നമ്പറാണിതെന്നും സൗകര്യം പോലെ അവര്‍ അതിനെ ശൃംഖല, ചങ്ങല, മതില്‍, സംഗമം എന്നൊക്കെ വിളിക്കുമെന്നും വി മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മനുഷ്യ ശൃംഖല എല്‍ഡിഎഫിന്റെ രാഷ്ട്രീയ മിമിക്രിയെന്ന് വി മുരളീധരന്‍

മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കലോത്സവ വേദികളില്‍ മിമിക്രി മത്സരം നടക്കുമ്പോള്‍ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞതായി കേള്‍ക്കാറുണ്ട്. അങ്ങനെ നോക്കിയാല്‍ കഴിഞ്ഞ 20 വര്‍ഷമായി ഇടതു മുന്നണിക്ക് പല പേരില്‍ ഇറക്കുന്ന ഒരു സ്ഥിരം സമര നമ്പറുണ്ട്. സൗകര്യം പോലെ അവര്‍ അതിനെ ശൃംഖല, ചങ്ങല, മതില്‍, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയ വിരുതന്‍മാരെ മലയാളിക്ക് അങ്ങനെ മറക്കാന്‍ പറ്റുമോ? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കി പത്രമായി ആലപ്പുഴയിലെ കനല്‍ തരി മാത്രം അവശേഷിച്ച ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും ? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിന് മുതിര്‍ന്നില്ല. പകരം മറ്റൊരു 'വന്‍മതില്‍' പണിയാനാണ് തീരുമാനിച്ചത്. 70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതു നടക്കില്ലെന്നുറപ്പായതോടെ കല്യാണ മണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. അന്ധമായ ബി.ജെ.പി വിരോധം പരത്തി മുസ്ലീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകര്‍ത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞു വച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലീം സ്നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീന്‍ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം-മുരളീധരന്‍ പറഞ്ഞു നിര്‍ത്തുന്നു.

മനുഷ്യ ശൃംഖല എല്‍ഡിഎഫിന്റെ രാഷ്ട്രീയ മിമിക്രിയെന്ന് വി മുരളീധരന്‍


< !- START disable copy paste -->
Keywords:  Kannur, News, Kerala, V.Muraleedaran, LDF, Facebook, post, Chief Minister, Pinarayi vijayan, BJP, Facebook post of V Muraleedharan about Manushya Sringala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia