മലപ്പുറം കോട്ടക്കലില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബോധംകെടുത്തി തലമുണ്ഡനം ചെയ്തു എന്ന പ്രചരണം: സത്യം ഇതാണ്

 


മലപ്പുറം: (www.kvartha.com 30/11/2016) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓമ്‌നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി ബോധം കെടുത്തിയ ശേഷം തലമുണ്ഡനം ചെയ്ത് റോഡരികില്‍ തള്ളിയെന്ന പ്രചരണം പച്ചക്കള്ളമാണെന്ന് പോലീസ്. വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്ന് വ്യക്തമായി. ഇതോടെയാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ശ്വാസം നേരെ വീണത്.

സംസ്ഥാനത്തൊട്ടാകെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമെത്തിയെന്ന വാട്ട്‌സ് ആപ്പ് പ്രചരണങ്ങള്‍ക്കിടെയാണ് കോട്ടക്കല്ലിലെ സംഭവം. രാമനാട്ടുകരയിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കള്ളക്കഥ മെനഞ്ഞ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കിയത്.

സ്‌കൂളിലേക്ക് പോകുമ്പോള്‍ കോട്ടക്കല്‍ മലപ്പുറം റോഡില്‍ പുത്തൂര്‍ പാലത്തിന് സമീപമെത്തിയപ്പോള്‍ വഴി ചോദിച്ചെത്തിയ സംഘം തന്നെ വാനിലേക്ക് വലിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍. പിന്നീട് ബോധം കെടുത്തിയ ശേഷം തലമുണ്ഡനം ചെയ്ത് റോഡരികില്‍ തള്ളുകയായിരുന്നുവെന്നും കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വന്‍ ജനാവലിയായിരുന്നു പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്.

കുട്ടിയുടെ തലമുടി വളരെ കൃത്യമായി മുണ്ഡനം ചെയ്ത രീതിയിലായിരുന്നു. തട്ടിക്കൊണ്ടു പോകുന്ന സംഘം ഇത്തരത്തില്‍ തലമുണ്ഡനം ചെയ്യാറില്ല. ബാര്‍ബര്‍ ഷോപ്പില്‍ നിന്നും തലമുണ്ഡനം ചെയ്തതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രാമനാട്ടുകരയിലെ ബാര്‍ബര്‍ ഷോപ്പില്‍ കയറിയാണ് തലമുണ്ഡനം ചെയ്തതെന്ന് മനസിലായി. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിഞ്ഞത്.

രാമനാട്ടുകരയില്‍ നിന്നും തലമുണ്ഡനം ചെയ്ത ശേഷമാണ് വിദ്യാര്‍ത്ഥി കോട്ടക്കലിലേക്ക് ബസ് കയറിയത്. സംഭവം നടന്നുവെന്ന് പറഞ്ഞ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. സ്‌കൂള്‍ കലോത്സവം നടക്കുകയാണെന്നും അതില്‍ നാടക മത്സരത്തില്‍ പങ്കെടുക്കാനാണ് തല മൊട്ടയടിക്കുന്നതെന്നുമായിരുന്നു കുട്ടി ബാര്‍ബര്‍ ഷോപ്പില്‍ പറഞ്ഞിരുന്നത്.

സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ ഫോട്ടോ സഹിതം വ്യാപക പ്രചരണം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ കോഴിക്കോട് ഫറോഖ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇത്തരത്തില്‍ അഞ്ച് പരാതികള്‍ ലഭിച്ചതായും എന്നാല്‍ അന്വേഷണത്തില്‍ അതിലൊന്നും വസ്തുത ഇല്ലായിരുന്നുവെന്നും ഫറോഖ് എസ് ഐ വിജയരാജന്‍ പറഞ്ഞു. മലപ്പുറത്തിന് പുറമെ കാസര്‍കോട് ജില്ലയിലും മംഗളൂരുവിലും മറ്റും ഇത്തരത്തില്‍ വ്യാപകമായ വ്യാജ സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


 മലപ്പുറം കോട്ടക്കലില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബോധംകെടുത്തി തലമുണ്ഡനം ചെയ്തു എന്ന പ്രചരണം: സത്യം ഇതാണ്

Keywords : Malappuram, Kidnap, Social Network, Police, Investigates, Student, Kerala, Fake Message.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia