Supspended | കിളികൊല്ലൂരില്‍ സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചെന്ന സംഭവം; എസ്എച്ഒ ഉള്‍പെടെ 4 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; കേസെടുത്ത് മനുഷ്യാവകാശ കമീഷനും, 13 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കാന്‍ നിര്‍ദേശം
Oct 20, 2022, 17:50 IST
തിരുവനന്തപുരം: (www.kvartha.com) കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ എസ്എച്ഒ ഉള്‍പെടെ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്എച്ഒ വിനോദ് എസ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി പ്രകാശ് സസ്‌പെന്‍ഡ് ചെയ്തത്.
കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്നേഷുമാണ് അക്രമത്തിന് ഇരയായത്. ഇവര്‍ പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്തെന്നാണ് പരാതി. ഈ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉടനടി നടപടിയും ഉണ്ടായത്.
എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാന്‍ വന്നവര്‍ പൊലീസിനെ മര്‍ദിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് കേസ് വ്യാജമാണെന്ന് തെളിഞ്ഞത്.
ബൈകില്‍ ഇന്‍ഡികേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുമായി ഉണ്ടായ തര്‍ക്കമാണ് സഹോദരങ്ങള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്.
ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. ഇതിനു പിന്നാലെ, അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസെടുത്തത് കള്ളക്കേസ് ആണെന്ന് കണ്ടെത്തി. പിന്നാലെ, എസ്ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിരുന്നു. എസ്‌ഐ അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ ദിലീപ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.