മനപ്പൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നുവെന്ന് സെസി സേവ്യര്‍; ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Jul 29, 2021, 12:35 IST
കൊച്ചി: (www.kvartha.com 29.07.2021) ആലപ്പുഴ കോടതിയില്‍ വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് സെസി സേവ്യർ ജാമ്യാപേക്ഷയിൽ പറയുന്നു. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു. കോടതിയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യര്‍ എത്തിയെങ്കിലും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമയാതോടെ സിനിമാസ്റ്റൈലില്‍ മുങ്ങുകയായിരുന്നു. ഐ പി സി 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവ ഉള്‍പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്.
എല്‍ എല്‍ ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയില്‍നിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്. 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നോര്‍ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.
സിവില്‍ കേസുകളില്‍ അടക്കം കോടതിക്ക് നേരിട്ട് പോകാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അഭിഭാഷക കമീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയില്‍ സെസി സേവ്യര്‍ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗല്‍ സെര്‍വീസ് അതോറിറ്റിയിലും പ്രവര്‍ത്തിച്ചതായി പറയുന്നു.
മതിയായ യോഗ്യത ഇല്ലാത്ത ഇവര്‍ നല്‍കിയ റിപോര്‍ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകള്‍ വലിയ നിയമപ്രശ്ങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വഴി പ്രത്യേകം നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നത്. കൂടുതല്‍ വ്യാജ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തില്‍ സമഗ്ര പരിശോധന നടത്താനും കേരള ബാര്‍ കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.
ബിരുദ സെര്‍ടിഫികറ്റുകള്‍ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നല്‍കിയതിന്റെ പേരില്‍ ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകള്‍ തമ്മില്‍ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച സെസി വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി പി എം - സി പി ഐ സംഘടനകള്‍ തമ്മിലെ ചേരിപ്പോരും ഇവര്‍ക്ക് തുണയായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.