Tragedy | ട്രാക്ടര്‍ ഓടിക്കവെ അപകടത്തില്‍പെട്ട് പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു
● കര്‍ഷക സംഘം മോറാഴ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി ട്രാക്ടര്‍ മുഖേന വയല്‍ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം.
● സിപിഎം ചെമ്മരവയല്‍ രണ്ടാം ബ്രാഞ്ച് മെമ്പര്‍, കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി മെമ്പര്‍, കണ്ണപുരം ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു.
തളിപ്പറമ്പ്: (KVARTHA) ട്രാക്ടര്‍ ഓടിക്കവെ അപകടത്തില്‍പെട്ട് പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു. കണ്ണൂര്‍ മോറാഴയില്‍ വ്യാഴാഴ്ച രാവിലെ 8.15 നാണ് അപകടം സംഭവിച്ചത്. കണ്ണപുരം മൊട്ടമ്മല്‍ പിപി ബസ് സ്റ്റോപ്പിന് സമീപത്തെ പിപി രവീന്ദ്രനാണ്(67) മരിച്ചത്. കര്‍ഷക സംഘം മോറാഴ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോറാഴയിലെ മുഴുവന്‍ തരിശ് സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി മോറാഴ വയല്‍ ട്രാക്ടര്‍ മുഖേന വൃത്തിയാക്കുന്നതിനിടയിലാണ് അപകടം.
മോറാഴ കൃഷ്ണപ്പിള്ള സ്മാരക മന്ദിരം ബ്രദേര്‍സ് ക്ലബ്ബിന് സമീപത്ത് സിപിഎം ചെമ്മരവയല്‍ രണ്ടാം ബ്രാഞ്ച് മെമ്പര്‍, കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി മെമ്പര്‍, കണ്ണപുരം ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു. കൂടാതെ വിദേശത്ത് ശക്തി തിയറ്റേഴ്സ് അബൂദബി മുന്‍ സ്പോര്‍ട്സ് സെക്രട്ടറി, മുസഫ
മേഖലയിലെ പ്രഥമ യൂനിറ്റുകള്‍ ആയ ഷാബിയ, സനയ്യ യൂനിറ്റുകള്‍ രൂപവത്കരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
ഷാബിയ യൂനിറ്റിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസഫയില്‍ ശക്തി അബൂദബി സംഘടന കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
പരേതരായ പുതിയ പുരയില്‍ കണ്ണന്‍-ചേരക്കാരന്‍ മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: കെപി പ്രമീള(സിപിഎം ചെമ്മരവയല്‍ രണ്ടാം ബ്രാഞ്ച് മെമ്പര്‍, കുഞ്ഞിമംഗലം പറമ്പത്ത്). മക്കള്‍: പ്രയാഗ് (അബൂദബി), ഷോണ്‍ രവീന്ദ്രന്‍(ഹൈദരബാദ്). മരുമകള്‍: സിതാര (തൃക്കരിപ്പൂര്‍).
സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, രാജന്‍, ശ്യാമള, വത്സല, പത്മനാഭന്‍, സുരേശന്‍, വസന്ത. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മൊട്ടമ്മല്‍ പൊതുശ്മശാനത്തില്‍ നടത്തും.
#tractoraccident #farmer #death #Morazha #Kannur #Kerala #RIP