നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് ഫസല്‍ ഗഫൂര്‍ ആവര്‍ത്തിക്കുന്നു

 


നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് ഫസല്‍ ഗഫൂര്‍ ആവര്‍ത്തിക്കുന്നു
കോഴിക്കോട്: പൊതു ഉല്‍സവ ആഘോഷവേളകളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന്‌ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ ആവര്‍ത്തിക്കുന്നു. ഇതില്‍ മതാചാരങ്ങള്‍ കൂട്ടി കലര്‍ത്തുമ്പോഴാണ് പ്രശ്‌നം. എല്ലാ മതസ്ഥരും വസിക്കുന്ന നാട്ടില്‍ ഇത്തരം വിഷയങ്ങളെ അങ്ങനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഈദ്-ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് എംഇഎസ് വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


എം.ഇ.എസ് തിരൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമവും റഫി നൈറ്റും പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്നതും ഓണമാഘോഷിക്കുന്നതും ഇസ്ലാമില്‍ അനുവദനീയമാണെന്ന രീതിയില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന്‌ കാരണമായിരുന്നു. മതപണ്ഡിതന്മാരോട് ഈ വിഷയത്തില്‍ ഉപദേശം തേടിയിട്ടുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. മതവിഷയങ്ങളില്‍ കൈകടത്തി അഭിപ്രായം പറയുകയും ഇസ്ലാമിക വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടവരുത്തുകയും ചെയ്യുന്ന എം.ഇ.എസ് നിലപാട് അത്യന്തം ആപല്‍കരമാണെന്ന പ്രസ്താവനകളുമായി സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എംഇഎസ് ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഓണാഘോഷം സംഘടിപ്പിച്ചത്. വര്‍ഗ്ഗിയ വിരുദ്ധ ദിനം എന്ന മുദ്രാവാക്യം മുഴക്കിയാണ് കോഴിക്കോട് എംഇഎസ് വനിതാ കോളേജില്‍ ഈദ്-ഓണാഘോഷം നടന്നത്. ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കളമത്സരവും വിവിധ കലാപരിപാടികളും നടന്നു


മുന്‍പ് പൊതുപരിപാടിക്കിടയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഉള്‍പ്പെടെ മുസ്ലിം ലീഗ് നേതാക്കളും മന്ത്രിമാരും മറ്റുമതത്തിന്റെ ആചാരമെന്ന രീതിയിലും തങ്ങളുടെ വിശ്വാസത്തിനെതിരാണെന്ന കാരണത്താലും നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. നാട മുറിക്കുന്നതുള്‍പ്പെടെ ഉദ്ഘാടന ചടങ്ങിന് വേറെയും മാര്‍ഗങ്ങളുള്ളപ്പോള്‍ ഒരു മതാചാരം മറ്റൊരു മതവിശ്വാസികളെ അടിച്ചേല്‍പിച്ച് വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നുമാണ് ഇത് സംബന്ധമായി ലീഗ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia