Criticized | സംസ്ഥാനം ചെലവഴിച്ച തുക പോലും തരാന്‍ കേന്ദ്രസര്‍കാര്‍ തയാറാകുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

 


ഇരിട്ടി: (www.kvartha.com) സംസ്ഥാനത്തിന് തരാനുള്ള പല വിഹിതവും കേന്ദ്രം വെട്ടിക്കുറക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പേരാവൂര്‍ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മള്‍ ചിലവഴിച്ച, കൊടുത്തു തീര്‍ത്ത പല കാര്യങ്ങളുടെയും തുക കേന്ദ്രം നല്‍കുന്നില്ല. ജി എസ് ടി നഷ്ടപരിഹാരം കിട്ടുന്നില്ല. ഈ കാരണങ്ങളാല്‍ സംസ്ഥാനം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ സാമൂഹിക സേവന പെന്‍ഷന്‍, ശമ്പളം, മറ്റ് ദൈനംദിന ചെലവുകള്‍ എന്നിവയ്‌ക്കൊന്നും ബുദ്ധിമുട്ടില്ലാത്തവിധം സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Criticized | സംസ്ഥാനം ചെലവഴിച്ച തുക പോലും തരാന്‍ കേന്ദ്രസര്‍കാര്‍ തയാറാകുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനം അമിതമായി കടമെടുക്കുന്നു എന്നു പറയുന്നത് ശരിയല്ല. അമിതമായി കടമെടുക്കാന്‍ പറ്റില്ല. നിശ്ചിത ശതമാനത്തിനപ്പുറം കടം എടുക്കുന്നതിന് കേന്ദ്ര സര്‍കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണം ഉണ്ട്. കേന്ദ്ര സര്‍കാര്‍ സംസ്ഥാന ട്രഷറികളുടെ ബാങ്കിങ്ങ്് അവകാശം എടുത്തു കളയുകയും ട്രഷറി നിക്ഷേപം കൂടി സംസ്ഥാനം എടുക്കുന്ന കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ട്രഷറിയില്‍ നിക്ഷേപം കൂടിയാലും സര്‍കാരിന് നേട്ടമില്ല. എങ്കിലും ട്രഷറി നിക്ഷേപത്തിന് ഉയര്‍ന്ന പലിശയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നട്ടെല്ല് ട്രഷറിയാണ്. ഒരു വര്‍ഷം രണ്ട് ലക്ഷം കോടി രൂപയാണ് ട്രഷറികള്‍ വഴി കൈകാര്യം ചെയ്യുന്നത്. എത്ര ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വരുമ്പോഴും മനുഷ്യന് ഒരുമിച്ച് കൂടാന്‍ കഴിയുന്ന പൊതു ഇടങ്ങള്‍ വേണം. അത്തരം ഒരു പൊതു ഇടങ്ങളില്‍ ഒന്ന് കൂടിയാണ് ട്രഷറിയെന്നും മന്ത്രി പറഞ്ഞു.

സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസന്‍ എം പി മുഖ്യാതിഥിയായി. ട്രഷറി ഡെപ്യൂടി ഡയറക്ടര്‍ എ സലില്‍ റിപോര്‍ട് അവതരിപ്പിച്ചു. പേരാവൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സുധാകരന്‍, ഗ്രാമ പഞ്ചായത് പ്രസിഡന്റുമാരായ പി പി വേണുഗോപാലന്‍ (പേരാവൂര്‍), ആന്റണി സെബാസ്റ്റ്യന്‍ (കണിച്ചാര്‍), എം റിജി (കോളയാട്), ജില്ലാ പഞ്ചായത് അംഗങ്ങളായ ജൂബിലി ചാകോ, വി ഗീത, പേരാവൂര്‍ ബ്ലോക് പഞ്ചായത് വൈസ് പ്രസിഡന്റ്് പ്രീത ദിനേശ്, പേരാവൂര്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, പേരാവൂര്‍ ഗ്രാമ പഞ്ചായത് അംഗം റെജീന പൂക്കോത്ത്, വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ട്രഷറി ഡയറക്ടര്‍ വി സാജന്‍ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസര്‍ കെ ടി ശൈലജ നന്ദിയും പറഞ്ഞു. പേരാവൂര്‍ ട്രഷറിക്ക് പുതിയകെട്ടിടം പണിയുന്നതിന് സര്‍കാര്‍ 2.08 കോടി രൂപയുടെ ഭരണാനുമതിയും സിവില്‍, പ്ലംബിങ്, സാനിറ്ററി, ഇലക്ട്രികല്‍ ജോലികള്‍ക്കായി 1.71 കോടിയുടെ സാങ്കേതികാനുമതിയുമാണ് നല്‍കിയത്.

ഇന്‍കെല്‍ ആണ് കെട്ടിട നിര്‍മാണ ചുമതല നിര്‍വഹിച്ചത്. ഐ എസ് ഒ 27001 സര്‍ടിഫികേഷന് അനുസൃതമായ സുരക്ഷാ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പേരാവൂര്‍, മുഴക്കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, കോളയാട് എന്നീ ആറ് പഞ്ചായതുകളും മാലൂര്‍ പഞ്ചായതിലെ ചിലപ്രദേശങ്ങളുമടങ്ങിയതാണ് ട്രഷറിയുടെ പ്രവര്‍ത്തനപരിധി. പേരാവൂര്‍ ട്രഷറിയുടെ പ്രവര്‍ത്തന പരിധിയില്‍ പേരാവൂര്‍ ബ്ലോക് പഞ്ചായത് ഉള്‍പെടെ 213 ഓഫീസുകളുണ്ട്. 1983 ലാണ് പേരാവൂര്‍ ട്രഷറി ആരംഭിച്ചത്.

Keywords: Finance Minister KN Balagopal says central government is not ready to pay even amount spent by state, Kannur, News, Inauguration, Minister, Compensation, GST, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia