'ബിജെപിക്കാര്‍ കേരളത്തിന്റെ ശത്രുക്കള്‍'; ആശങ്ക വേണ്ട, സഹകരണ നിക്ഷേപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കും, സഹകരണബാങ്ക് വഴി പരിധിയില്ലാതെ പണം പിന്‍വലിക്കാം, വിശദാംശങ്ങള്‍ 2 ദിവസത്തിനകം: മന്ത്രി തോമസ് ഐസക്ക്

 


തിരുവനന്തപുരം: (www.kvartha.com 24.11.2016) സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. നിക്ഷേപകര്‍ക്ക് ഒരു പരിഭ്രാന്തിയും വേണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാണിജ്യബാങ്കുകളില്‍ നിന്ന് 24,000 രൂപയേ പിന്‍വലിക്കാനാകൂ. എന്നാല്‍, സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് പരിധിയില്ലാതെ അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള വഴി തുറക്കുകയാണ്. ഇതിനുള്ള കര്‍മ്മപദ്ധതി ജില്ലാബാങ്കുകളും സഹകരണബാങ്കുകളും ചേര്‍ന്ന് ഉണ്ടാക്കുകയാണ്. ഇതിന്റെ വിശദാംശങ്ങള്‍ രണ്ടു ദിവസത്തിനകം സഹകരണവകുപ്പ് അധികൃതര്‍ പ്രഖ്യാപിക്കും.

'നിങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ ചികിത്സയ്ക്ക് ആവശ്യമുണ്ടെന്നിരിക്കട്ടെ. ആ തുകയ്ക്കുള്ള ചെക്ക് നിങ്ങള്‍ നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ നല്‍കിയാല്‍ മതി. അവര്‍ ജില്ലാസഹകരണബാങ്കു വഴി ആശുപത്രിക്കു പണം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കും. ജില്ലാബാങ്കുകളില്‍ കോര്‍ ബാങ്കിങ് ഉള്ളതിനാല്‍ ഇലക്ട്രോണിക്കായി എത്ര തുകയും കൈമാറാം.' അദ്ദേഹം വിശദീകരിച്ചു. സപ്ലൈകോ കടകളിലോ മാവേലി സ്‌റ്റോറിലോ നീതി മെഡിക്കല്‍ സ്‌റ്റോറിലോ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സാധനങ്ങളോ സേവനമോ വാങ്ങണമെങ്കിലും ഈ രീതിയില്‍ സാധിക്കും. സര്‍ക്കാരിന്റെ സ്ഥാപനങ്ങളുമായാണ് ആദ്യം ഇത്തരം ഇടപാടിന് അവസരം ഒരുക്കുക. പിന്നീട് താല്പര്യമുള്ള സ്വകാര്യസംരഭകരുമായും ഇതിനുള്ള ധാരണയില്‍ ഏര്‍പ്പെടും. സഹകരണബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് കേന്ദ്രത്തിന്റെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതുവഴി സൗകര്യം ഒരുക്കും.

സഹകരണബാങ്കുകളെ ശ്വാസം മുട്ടിച്ചു കൊല്ലാനാണു കേന്ദ്രം ശ്രമിക്കുന്നത്. മുഴുവന്‍ നിക്ഷേപകരും ഈ നയം തിരുത്താനുള്ള ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങാന്‍ പോകുകയാണ്. രാജ്യത്തെ സഹകരണമേഖലയില്‍ ആകെക്കൂടി ഉള്ള നിക്ഷേപത്തിന്റെ 53 ശതമാനവും കേരളത്തിലാണ്. ജീവിതത്തിന്റെ നാനാമേഖലകളില്‍ പലതരം സേവനങ്ങള്‍ നല്‍കുകയും ഉല്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുകയും ഒക്കെ ചെയ്യുന്ന വിപുലമായ പ്രസ്ഥാനമാണത്. ഇത് അറിയാവുന്ന അരുണ്‍ ജെയ്റ്റ്‌ലി അദ്ദേഹത്തെ കണ്ട മുഖ്യമന്ത്രിയോടും എന്നോടും എംപിമാരോടുമൊക്കെ പറഞ്ഞിരുന്നത് കേരളത്തിലെ സഹകരണമേഖല വ്യത്യസ്തമാണെന്നും അതിന്റെ കാര്യം പ്രത്യേകം പരിഗണിക്കാമെന്നും ആണ്.

എന്നാല്‍, കഴിഞ്ഞദിവസം കേരളത്തിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തോടെ അദ്ദേഹം ആ നിലപാട് പൊടുന്നനെ മാറ്റി. സഹകരണമേഖലയെ തകര്‍ക്കാന്‍ ബിജെപി ആരില്‍നിന്നാണ് അച്ചാരം വാങ്ങിയതെന്നു തോമസ് ഐസക്ക് ചോദിച്ചു. ഇത്തരത്തില്‍ കേരളത്തെ തന്നെ തകര്‍ക്കാന്‍ കരുനീക്കുന്ന കേരളത്തിന്റെ ശത്രുവായ ഏക പാര്‍ട്ടി ബിജെപിയാണ്. ഇവര്‍ക്കു കേരളജനത ഒരിക്കലും മാപ്പുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഇനിയും സമയമുണ്ട്. ബിജെപി ഇനിയെങ്കിലും തിരുത്തണം. കുറഞ്ഞപക്ഷം നിയമസഭയിലെ ബിജെപി പ്രതിനിധി ഒ രാജഗോപാല്‍ പറഞ്ഞതെങ്കിലും പറയാന്‍ അവര്‍ തയ്യാറാകണം.'

നോട്ടുനിരോധം സൃഷ്ടിച്ച പ്രതിസന്ധി കേരള സമ്പദ്ഘടനയെ വലുതായി ബാധിക്കാന്‍ പോകുകയാണ്. ആദ്യരണ്ടാഴ്ച പ്രതിസന്ധി കൂടുതല്‍ നേരിട്ടത് അസംഘടിത മേഖലയാണ്. അവിടെ പാവങ്ങള്‍ക്കു കൂലി കിട്ടിയില്ല. സമ്പാദ്യം തിരിച്ചെടുക്കാനും കഴിയുന്നില്ല. മൂന്നാം വാരത്തിലേക്കു കടക്കുന്നതോടെ ഇതു സംഘടിത മേഖലയെയും ബാധിക്കുകയാണ്. മാസശമ്പളക്കാര്‍ക്ക് അതു പിന്‍വലിക്കാനും ചെലവഴിക്കാനും കഴിയാത്തത് ജനങ്ങളെയും സമ്പദ്ഘടനയെയും ബാധിക്കും.

സാമ്പത്തികവര്‍ഷത്തെ ഈ പാദത്തിലെങ്കിലും സാമ്പത്തികവളര്‍ച്ച ഏഴ് ഏഴര ശതമാനത്തില്‍നിന്ന് നാലുശതമാനത്തിലേക്കു താഴും. വാര്‍ഷികശരാശരിയിലും ഇതിനനുസരിച്ച കുറവുണ്ടാകും. ഇതു മാന്ദ്യം രൂക്ഷമാക്കും. നൂറുരൂപ കയ്യിലുള്ളവര്‍ അതു കൊടുക്കുന്നില്ല. കരുതിവയ്ക്കുകയാണ്. മണി ഹോള്‍ഡിംഗ് എന്ന പ്രതിഭാസമാണിത്. ഇത് സമ്പദ്ഘടനയിലെ ചോദനയെ (demand) വീണ്ടും കുറയ്ക്കും. മാസത്തിന്റെ ആദ്യരണ്ടാഴ്ചയില്‍ സംസ്ഥാനത്തു ചെലവഴിക്കെപ്പെടേണ്ട ശമ്പളത്തുക ചെലവാക്കാനാവാത്ത സ്ഥിതിയാണല്ലോ. സ്രോതസില്‍ നികുതി പിടിച്ചുകഴിഞ്ഞു നല്‍കുന്ന നിയമവിധേയമായി ശമ്പളത്തിലും പെന്‍ഷനിലും എന്തു കള്ളപ്പണമാണുള്ളത്! അതു കൊടുക്കുന്നതിന് എന്തിനാണു തടസം ഉണ്ടാക്കുന്നത്?

സഹകരണബാങ്കുകള്‍ വഴി ജനങ്ങളിലേക്കു പണം എത്തിക്കുന്നതിനു തടസം ഉണ്ടാക്കുന്നത് യുക്തിസഹമല്ല. അവിടെ കള്ളപ്പണം ഉണ്ടെങ്കില്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും വിവരം ലഭ്യമാണല്ലോ, അതു പരിശോധിച്ചു കണ്ടുപിടിക്കാമല്ലോ. വാണിജ്യബാങ്കുകളില്‍ 40,000 കോടി രൂപ നിക്ഷേപിച്ചിരിക്കുന്ന സഹകരണബാങ്കുകള്‍ക്ക് ആഴ്ചയില്‍ 24,000 രൂപമാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നതിന് എന്തു ന്യായമാണുള്ളത്? മാസം കിട്ടുന്ന 48,000 രൂപകൊണ്ട് സഹകരണബാങ്കുകള്‍ അവരുടെ ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം നല്‍കും?

ഇതിന്റെയെല്ലാം യഥാര്‍ത്ഥകാരണം സര്‍ക്കാര്‍ മതിയായത്ര നോട്ട് അച്ചടിച്ച് എത്തിച്ചിട്ടില്ല എന്നതാണ്. അതു പറയാതെ കള്ളപ്പണമെന്നു മുറവിളികൂട്ടി കണ്ണില്‍ പൊടിയിടുകയാണ്. പണം നഷ്ടമാകും എന്ന ധാരണ സൃഷ്ടിച്ചു പരിഭ്രാന്തി വളര്‍ത്തുകയാണ്. ഇതു നാളെ ഈ ബാങ്കുകളില്‍നിന്നു പണം പിന്‍വലിക്കാനുള്ള ലഹളയായി മാറും. അതോടെ സഹകരണബാങ്കുകള്‍ തകരും. ഇതാണു കണക്കുകൂട്ടല്‍. എന്നാല്‍, എന്തു വിലകൊടുത്തും സര്‍ക്കാരും ജനങ്ങളും സഹകരണമേഖലയെ സംരക്ഷിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

'ബിജെപിക്കാര്‍ കേരളത്തിന്റെ ശത്രുക്കള്‍'; ആശങ്ക വേണ്ട, സഹകരണ നിക്ഷേപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കും, സഹകരണബാങ്ക് വഴി പരിധിയില്ലാതെ പണം പിന്‍വലിക്കാം, വിശദാംശങ്ങള്‍ 2 ദിവസത്തിനകം: മന്ത്രി തോമസ് ഐസക്ക്

Keywords:  Kerala, Thiruvananthapuram, BJP, Bank, Co-operative Sector, Government, Central Government, modi, Crisis, Thomas Issac, Minister, Finance Minister on Co-op sector and Kerala economy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia