Fire | കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ തീപ്പിടുത്തം; 6 ഏക്കർ സ്ഥലം കത്തിനശിച്ചു


● കെട്ടിടത്തിന് സമീപത്തേക്ക് തീ പടർന്നത് പരിഭ്രാന്തി പരത്തി.
● ശുചീകരണത്തിനിടെ തീയിട്ടതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയം
● അഗ്നിശമനസേന മൂന്ന് മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രിച്ചത്.
● നാട്ടുകാരുടെയും വിദ്യാർഥികളുടെയും സഹായം രക്ഷാപ്രവർത്തനത്തിന് സഹായകമായി.
കണ്ണൂർ: (KVARTHA) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ തീപ്പിടുത്തം. മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. ആളിക്കത്തുന്ന തീ മെഡിക്കൽ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടർന്നത് പരിഭ്രാന്തി പരത്തി.
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീയിട്ടപ്പോൾ കാറ്റിൽ തീ പടർന്നു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമനസേന മൂന്ന് മണിക്കൂറോളം കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മെഡിക്കൽ കോളേജ് പ്രധാന കെട്ടിടത്തിന് സമീപം നാലേക്കർ സ്ഥലത്തിനും മറ്റ് രണ്ടിടങ്ങളിലായി ഓരോ ഏക്കർ വീതമുള്ള പ്രദേശത്തിനുമാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ വാഹനം ചെന്നെത്താൻ കഴിയാതെ വന്നതും കനത്ത കാറ്റും തീയണക്കുന്നതിന് തടസ്സമായി. നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റുകളിൽ വെള്ളമെടുത്താണ് പല സ്ഥലത്തും തീയണച്ചത്. മെഡിക്കൽ കോളേജ് സുരക്ഷാ സേനയും വിദ്യാർഥികളും തീ പടരുന്നത് തടയാൻ അഗ്നിശമനസേനക്കൊപ്പം സജീവമായി പങ്കെടുത്തു.
വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവിടെ ഫയർബെൽറ്റ് നിർമ്മിക്കാറുണ്ടെങ്കിലും ഇത്തവണ അത് ചെയ്യാത്തതാണ് തീ പടരാൻ കാരണമായതെന്ന് അഗ്നിശമനസേന പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ജി. വിനോദ്കുമാർ, പാലവിള അനീഷ്, സി. അഭിനേഷ്, ജി. കിരൺ, വി. ജയൻ, പി. ചന്ദ്രൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
A fire broke out at the Kannur Government Medical College campus, destroying six acres of land. The fire spread rapidly due to strong winds, causing panic as it approached the administrative building. Firefighters battled the blaze for three hours before bringing it under control with the help of locals and students. The fire is believed to have started during a cleaning operation when a small fire was set and quickly spread due to the wind.
#KannurFire #MedicalCollegeFire #FireAccident #KeralaNews #Firefighters #CommunityHelp