കണ്ണൂര് ചാലയില് അപകടമുണ്ടായ സ്ഥലം മന്ത്രി കെ.പി. മോഹനന് സന്ദര്ശിക്കുന്നു.
|
ചാല ബൈപ്പാസിന് സമീപത്തെ കൂറ്റന് തെങ്ങ് സ്ഫോടനത്തില് രണ്ടായി ഒടിഞ്ഞ് സമീപത്തുള്ള വീടിനുള്ളിലേക്ക് കയറി. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന അഞ്ച് വീടുകളും 15 കടകളും കത്തിനശിച്ചു. ദുരന്തത്തില് കത്തിനശിച്ച വീടുകളും സ്ഥാപനങ്ങളും ഇവയാണ്: അമ്പലത്തിനു സമീപത്തെ കൃഷ്ണന് വൈദ്യരുടെ ഹോമിയോ ക്ലിനിക്കും അവരുടെ വീടും, തൊട്ടടുത്ത് രാഘവന്റെ ഉടമസ്ഥതയിലുള്ള മരച്ചാപ്പ, സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയും ചെരിപ്പു കടയും. ഞരോളി അസീസ്, സത്താര് ഹാജി, അന്താച്ചി, എന്നിവരുടെ വീടുകള്. മനോഹരന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്മാര്ക്കറ്റ്, സുരേഷ് ബാബുവിന്റെ ഫര്ണിച്ചര് ഷോപ്പ്, സജീവന്റെ അനാദിക്കട, സമീപത്തെ ഹോട്ടല്, രാജീവന്റെ മില്മ ബൂത്ത്, കസ്തൂര്ബാ വായനശാല, സൂര്യ മാര്ബിള് ഷോപ്പ്, തോട്ടട വനിതാ ബാങ്ക്. തിങ്കളാഴ്ച കല്യാണം നടന്ന ഓട്ടോറിക്ഷാ െ്രെഡവര് രാജുവിന്റെ വീടും വിവാഹ പന്തലും കത്തിനശിച്ചവയില് പെടുന്നു.
സ്ഥലത്തു നിന്നും ആളുകള് ഓടി രക്ഷപെട്ടതിനാല് വന്ദുരന്തം ഒഴിവായി. അപകടത്തില് ഗ്യാസ് ടാങ്കര് പൂര്ണമായും കത്തിനശിച്ചു. തീപിടുത്തത്തെ തുടര്ന്ന് പരിസര പ്രദേശങ്ങളില് നിന്ന് ആളുകളെ ഒഴിപ്പിപ്പിച്ചു. പരിസരത്തെ വീടുകളിലും റോഡുകളിലും കിടന്ന വാഹനങ്ങള്ക്കും തീപിടിച്ചു. സ്ഥലത്ത് ഗതാഗതം പൂര്ണമായി നിലച്ചു. പത്തോളം ഫയര് ഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്ത്തനം നടത്തിയത്. മെഡിക്കല് സംഘവും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തിന് അരകിലോമീറ്റര് ചുറ്റളവില് തീ വ്യാപിച്ചതായി കണ്ണൂര് എസ്പി രാഹുല് ആര് നായര് പറഞ്ഞു.
അപകടമുണ്ടായ ഉടന് ഡ്രൈവര് ഓടി രക്ഷപെട്ടു. തമിഴ്നാട് സ്വദേശി കണ്ണയ്യനാണ് ലോറി ഓടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ബാഗ് പോലീസ് കണ്ടെടുത്തു. ചാലയിലെ ഒരു വീട്ടിലെ വളര്ത്തു പൂച്ചക്ക് സാരമായി പൊള്ളലേറ്റു. പൂച്ചയുടെ കരച്ചില് കേട്ട് നാട്ടുകാര് നോക്കുമ്പോഴാണ് പൂച്ചയെ പൊള്ളലേറ്റ നിലയില് കണ്ടെത്തിയത്. ചാനലുകളില് കാണിച്ച പൂച്ചയുടെ കരച്ചില് ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ഒരു വീടിനു മുന്നിലെ പപ്പായ മരങ്ങളിലെ കായ്കളടക്കം കരിഞ്ഞുപോയി. തെങ്ങുകളും മാവുകളും വരെ പൂര്ണ്ണമായും കത്തിയമര്ന്നു. പൊള്ളലേറ്റ അഴീക്കല് കോസ്റ്റ് ഗാര്ഡ് പോലീസ് സ്റ്റേഷന് എസ് ഐ രാജന്, ഭാര്യ ഇന്ദുലേഖ, മകള് നിഹ, അമ്മ നാരായണിയമ്മ എന്നിവരും കൊയിലി ആശുപത്രിയില് കഴിയുകയാണ്. നിഹയുടെ നിലയും അതീവഗുരുതരമാണ്.
റസാഖ്, റമീസ്, രമ, കുഞ്ഞികൃഷ്ണന്, പ്രമോദ്, ലത, ആയിഷു, റീന, ദേവി, പ്രസാദ്, വിനീത, ഹനന് എന്നിവരെയാണ് പരിക്കുകളോടെ പരിയാരം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ തലശേരിയിലെയും കണ്ണൂരിലെയും വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു. അപകടസ്ഥലം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും മറ്റ് മന്ത്രിമാരും, എം എല് എമാരും, എം പിമാരും മറ്റ് രാഷ്ട്രീയ പ്രതിനിധികളും സന്ദര്ശിച്ചു. മരിച്ച ചാല ശ്രീനിലയത്തില് കേശവന്റെ ഭാര്യ ശ്രീലതയുടെ കുടുംബത്തിന് 10ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചത്. 40ശതമാനം പൊള്ളലേറ്റവര്ക്ക് മൂന്ന് മുതല് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കാനും തീരുമാനമായി. അടിയന്തിര നഷ്ടപരിഹാരത്തിനായി ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വീടുകളും, കൃഷിയും നശിച്ചവര്ക്കും സര്കാര് ധനസഹായം നല്കും.
Keywords: Tanker Lorry blast, fire, Kannur, Kerala, Malayalam News, Kvartha, Accident, Burnt, Driver, Identified, Tamilnadu Native, Gas Tanker, Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.