സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

 


കോട്ടയം: (www.kvartha.com 15.09.15) സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പൊടിമോനാണ് കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയില്‍ മരിച്ച പടിഞ്ഞാറേ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ (45) ഹൃദയം ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം പൊടിമോന് നല്‍കിയത്. കൂടാതെ വിനയകുമാറിന്റെ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്. കൊച്ചി ഫാക്ടിലെ കരാര്‍ തൊഴിലാളിയായിരുന്ന വിനയകുമാര്‍ ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ അനുമതി നല്‍കിയതോടെയാണ് ഹൃദയം പൊടിമോന് വച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയിലാണ് വിനയകുമാറിന്റെ ശരീരത്തില്‍ നിന്ന് ഹൃദയവും മറ്റ് അവയവങ്ങളും വേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ 3.15ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം 4.30ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു.

എട്ടു മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഹൃദയം സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയതായി ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമാണെന്ന റിപ്പോര്‍ട്ട് അമൃത ആശുപത്രിയില്‍ നിന്നു തിങ്കളാഴ്ച രാത്രി ലഭിച്ചതോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

മൂന്നു മാസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പൊടിമോനെ മെഡിക്കല്‍ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തില്‍  പ്രവേശിപ്പിച്ചത്. ഹൃദയ വാല്‍വിനു ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കണമെങ്കില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കു പാതാളം ഇഎസ്‌ഐ ഡിസ്‌പെന്‍സറിക്കു സമീപമാണ് വിനയകുമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനയകുമാറിന്റെ ജീവന്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെ ബന്ധുക്കള്‍ വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് നഷ്ടപ്പെടുവെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ കുറച്ചാളുകള്‍ക്കെങ്കിലും ജീവിതം തിരിച്ചുകിട്ടുമെല്ലോ എന്ന ചിന്തയാണ് വിനയകുമാറിന്റെ ഭാര്യ ബിന്ദുവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

ജൂലൈ ഏഴിന് എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ആദ്യ അവയവമാറ്റ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം
ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നിരുന്നു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച, പാറശ്ശാല ലളിതയില്‍ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ചാലക്കുടി സ്വദേശി മാത്യു ആന്റണിയുടെ ശരീരത്തില്‍ മാറ്റിവെച്ചത്.

ആഗസ്റ്റ് എട്ടിന് സംസ്ഥാനത്തിന് പുറത്തേക്ക് ആദ്യമായി അവയവദാനം നടന്നു. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് മറ്റൊരാളില്‍ വെച്ചുപിടിപ്പിച്ചത്.

Also Read:
സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനെ ഇടിക്കട്ടകൊണ്ട് അക്രമിച്ചു
Keywords:  First ever heart transplant in Kottayam MCH successful, Kottayam, Medical College, Hospital, Treatment, Ernakulam, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia