Achievement | ആരോഗ്യമേഖലയിൽ വലിയ നാഴികക്കല്ല്! ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂർ ആസ്റ്റർ മിംസിൽ വിജയകരം
● അത്യാധുനിക റോബോട്ടിക് സംവിധാനം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
● സ്ത്രീരോഗ വിഭാഗത്തിലെ സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു ഇത്.
● വിജയകരമായി പൂർത്തിയാക്കി.
കണ്ണൂർ: (KVARTHA) ആരോഗ്യമേഖലയിൽ ഒരു വലിയ നാഴികക്കല്ല് സ്ഥാപിച്ച്, ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂർ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു. കണ്ണൂരിലെ 42 വയസ്സുള്ള ഒരു സ്ത്രീയുടെ ഉദരശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയത്.
ആസ്റ്റർ ഡി എം ഹെൽത്ത്കെയർ മെഡിക്കൽ അഡ്‌വൈസറി ബോർഡ് ചെയർമാനും റോബോട്ടിക് സർജറി വിദഗ്ധനുമായ ഡോ. സോമശേഖർ എസ്. പിയുടെ നേതൃത്വത്തിൽ, ആസ്റ്റർ മിംസ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജുബൈരിയത്ത് കെ വി, ഡോ. ഹാസുരിയ ബീഗം, ഡോ. കൗഷിക് വി എന്നിവരടങ്ങുന്ന സംഘമാണ് ഈ ശസ്ത്രക്രിയ വിജയകരമാക്കിയത്.
ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവന്ന രണ്ട് ഫൈബ്രോയിഡുകളും അനുബന്ധമായ രക്തസ്രാവവും വേദനയും മരുന്ന് ഉപയോഗിച്ചിട്ടും പൂര്‍ണമായി നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കാതെ വന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയ ആവശ്യമായി വന്നതെന്ന് ഡോക്ടര്‍മാര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ഉത്തര മലബാറിലെ ആദ്യ ഓർത്തോ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് ആൻഡ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.
റോബോട്ടിക് സംവിധാനത്തിന്റെ 360 ഡിഗ്രിയില്‍ ചലിപ്പിക്കുവാന്‍ സാധിക്കുന്ന സ്വതന്ത്രമായ നാല് കരങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ റോബോട്ടിക് ശസ്ത്രക്രിയ നിര്‍വഹിക്കുന്നത്. എല്ലാ ദിശകളിലേക്കും ഒരേ സമയം ചലിപ്പിക്കാന്‍ സാധിക്കുമെന്നതിനാലും, നാല് കരങ്ങളുടെ സഹായമുള്ളതിനാല്‍ ഒന്നിലധികം പ്രവര്‍ത്തികള്‍ ഒരേ സമയം നിര്‍വഹിക്കാമെന്നതിനാലും ശസ്ത്രക്രിയ വേഗത്തിലും ഫലപ്രദമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ഇതിന് പുറമെ കണ്‍സോളില്‍ നിയന്ത്രിക്കുന്ന ഡോക്ടറുടെ മുന്‍പിലുള്ള സ്‌ക്രീനില്‍ ആന്തരികാവയവങ്ങള്‍ പതിന്മടങ്ങ് വലുപ്പത്തില്‍ കാണാന്‍ സാധിക്കും. ഇത് അതിസൂക്ഷ്മമായ ശരീരഭാഗങ്ങള്‍ പോലും കൃത്യമായി നിര്‍ണയിച്ച് പാകപ്പിഴകളില്ലാതെ ശസ്ത്രക്രിയ നിര്‍വഹിക്കുവാനും സഹായകരമാകും. ഏറ്റവും കൃത്യതയോടെ ശസ്ത്രക്രിയ നിര്‍വഹിക്കാന്‍ സാധിക്കുമെന്നതും, അതി സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പോലും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതും റോബോട്ടിക് രീതിയുടെ സവിശേഷതകളാണ്.
ഇതിന് പുറമെ കുറഞ്ഞ രക്തനഷ്ടം, വേഗത്തിലുള്ള ഡിസ്ചാര്‍ജ്, പൊതുവെ ഐസിയു വാസം ആവശ്യമായി വരാറില്ല, ശസ്ത്രക്രിയ നിര്‍വഹിച്ച ദിവസം തന്നെ നടന്ന് തുടങ്ങാനും ഭക്ഷണം കഴിച്ച് തുടങ്ങാനും സാധിക്കും തുടങ്ങിയ നേട്ടങ്ങളുമുണ്ട്. ഏറ്റവൂം ആധുനികമായ റോബോട്ടിക് സംവിധാനമാണ് ആസ്റ്റര്‍ മിംസില്‍ കണ്ണൂരില്‍ ഇപ്പോള്‍ സേവനനിരതമാക്കിയിരിക്കുന്നത്.
ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ ഗൈനക്കോളജി, ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകള്‍ക്ക് പുറമെ വ്യത്യസ്തങ്ങളായ കാന്‍സര്‍ ശസ്ത്രക്രിയകള്‍, യൂറോളജി ശസ്ത്രക്രിയ, ജനറല്‍ ശസ്ത്രക്രിയ, ഗ്യാസ്ട്രോ ശസ്ത്രക്രിയകള്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം ചികിത്സാമേഖലകളുമായി ബന്ധപ്പെട്ട് നടത്തേണ്ടി വരാറുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതൽ ആയാസ രഹിതമായി നിര്‍വഹിക്കാനും മികച്ച ഫലപ്രാപ്തി ലഭ്യമാക്കാനും സാധിക്കുമെന്നും ഡോക്ടർമാർ വിശദീകരിച്ചു.
വാർത്താസമ്മേളനത്തില്‍ ഡോ. ജുബൈരിയത്ത്, ഡോ. ഹസൂരിയ ബീഗം, ഡോ. കൗഷിക് വി, ഡോ. ശ്രീനിവാസ് ഐ സി, ഡോ. ജിമ്മി സി ജോൺ, ഡോ. സത്യേന്ദ്രൻ നമ്പ്യാർ, ഡോ. അക്ബർ സലീം, ഡോ. അമിത്ത് ബി എൽ, ഡോ. സൂരജ് കെ എം, ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ അനൂപ് നമ്പ്യാർ തുടങ്ങിയവര്‍ പങ്കെടുത്തു.
#roboticsurgery #astermims #kannur #healthcare #medicaltechnology #gynecology #northmalabar